Connect with us

International

സിറിയന്‍ ആഭ്യന്തര യുദ്ധം: റഷ്യ- അമേരിക്ക സൈനിക ചര്‍ച്ചക്ക് നീക്കം

Published

|

Last Updated

വാഷിംഗ്ടണ്‍: സിറിയയില്‍ റഷ്യന്‍ ഇടപെടല്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ റഷ്യയുടേയും അമേരിക്കയുടേയും സൈനിക ഉദ്യോഗസ്ഥര്‍ തമ്മിലുള്ള നേരിട്ട ചര്‍ച്ചക്ക് അമേരിക്ക പദ്ധതിയിടുന്നതായി അമേരിക്കന്‍ വിദേശകാര്യസെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. സിറിയയിലെ വര്‍ധിച്ചുവരുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരു സൈന്യവുമായുള്ള ചര്‍ച്ചകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ വിശ്വസിക്കുന്നതായും കെറി പറഞ്ഞു. റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി കെറി ഫോണില്‍ സംസാരിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇങ്ങനെയൊരു ആശയം ഉയര്‍ന്നുവന്നത്. ചര്‍ച്ചകള്‍ സംബന്ധിച്ച് പെന്റഗണ്‍ നേതൃത്വമേറ്റെടക്കുമെന്നും ഏത് തലത്തിലുള്ള ചര്‍ച്ചകളാണ് നടക്കുകയെന്നോ സ്ഥലമോ തീയതിയൊ നിശ്ചയിച്ചിട്ടില്ലെന്നും കെറിയെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്. 2014 നുശേഷം ആദ്യമായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടറും റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷൊയ്ഗുവുമായി ഫോണില്‍ ബന്ധപ്പെട്ടുവെന്നും പെന്റഗണ്‍ പറഞ്ഞു. സിറിയയിലെ സംഘര്‍ഷം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇസിലിനെ പ്രതിരോധിക്കുന്നത് സംബന്ധിച്ചും കൂടുതല്‍ ചര്‍ച്ചകളാകാമെന്ന് ഇരുവരും സമ്മതിച്ചതായും പെന്റഗണ്‍ പറയുന്നു. അതേ സമയം റഷ്യന്‍ സൈനിക കരാറുകാരുടെ അനുമതിയില്ലാതെയാണ് അവരെ സിറിയയിലേക്കയച്ചതെന്ന് ഒരു റഷ്യന്‍ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഓഫീസര്‍മരും കരാര്‍ സൈനികരുമടക്കം 20 ട്രൂപ്പുകളെയാണ് സിറിയയിലേക്കയച്ചത്. സംഘര്‍ഷം നിലനില്‍ക്കുന്ന ഒരു രാജ്യത്തേക്കാണ് അയക്കുന്നതെന്ന് മാത്രമാണ് കമാന്‍ഡര്‍ പറഞ്ഞതെന്നും സിറിയയിലേക്കാണ് പോകുന്നതെന്ന് പറഞ്ഞിരുന്നില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.

Latest