Connect with us

Kannur

കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്കായി ഏറ്റെടുക്കുന്നത് 160 ഏക്കര്‍ ഭൂമി

Published

|

Last Updated

കണ്ണൂര്‍: ഇരിണാവിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമിയുടെ ആദ്യഘട്ട പ്രവൃത്തി ഉടന്‍ തുടങ്ങാനിരിക്കെ ഏറ്റെടുക്കേണ്ട 160 ഏക്കര്‍ ഭൂമിക്കുള്ള പാരിസ്ഥിതിക അനുമതിക്കായുള്ള അപേക്ഷ തീരദേശ പരിപാലന സമിതിക്കു മുമ്പാകെയെത്തി. സംസ്ഥാന സര്‍ക്കാറിന്റെ തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി കിട്ടുന്ന മുറക്കായിരിക്കും തുടര്‍ നടപടികളുണ്ടാകുക.
പാപ്പിനിശേരി, ഇരിണാവ് പ്രദേശത്തായി വളപട്ടണം പുഴയോരത്ത് വ്യാപിച്ചുകിടക്കുന്ന പ്രദേശത്താണ് അക്കാദമി സ്ഥാപിക്കുന്നത്. 565 കോടി രൂപ ചെവഴിച്ച് അക്കാദമിക്കുള്ള ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുന്ന പ്രവൃത്തിയാണ് ആദ്യഘട്ടം നടക്കുക. മൂന്നര വര്‍ഷത്തിനുള്ളില്‍ അക്കാദമി പൂര്‍ണ സജ്ജമാക്കുമെന്നായിരുന്നു പ്രഖ്യാപനമുണ്ടായതെങ്കിലും യാതൊരു പ്രവൃത്തിയും തുടങ്ങിയിരുന്നില്ല. ഇന്ത്യയിലെ ഏറ്റവും മികച്ചതും അത്യാധുനിക സൗകര്യങ്ങളോടു കൂടിയതുമായ അക്കാദമിയാണ് ഇരിണാവില്‍ സ്ഥാപിക്കുന്നത്. ഒരേ സമയത്ത് 300 കോസ്റ്റ് ഗാര്‍ഡ് ഓഫീസര്‍മാര്‍ക്കും 800 സെയിലേഴ്‌സിനും പരിശീലനം നല്‍കുന്ന സംവിധാനമാണ് ഒരുക്കുന്നത്. ഇതിനായി സെക്യൂരിറ്റി കാബിനറ്റ് കമ്മിറ്റി 500 കോടി രൂപ അനുവദിച്ചിരുന്നു.
രാജ്യത്തെ ആദ്യത്തെ കോസ്റ്റ്ഗാര്‍ഡ് അക്കാദമിക്ക് 2011 മേയ് 28നാണ് ഇരിണാവില്‍ പ്രതിരോധ മന്ത്രി എ കെ ആന്റണി തറക്കല്ലിട്ടത്. ഏഷ്യയിലെത്തന്നെ ഏറ്റവും വലിയ തീരദേശസേനാ പരിശീലന കേന്ദ്രം കൂടിയായിരിക്കും ഇത്. ഓഫീസര്‍മാര്‍, കാഡറ്റുകള്‍ എന്നിവര്‍ക്കുള്ള താമസം, പരിശീലനം, ക്ലാസ് റൂം തുടങ്ങിയവക്കുള്ള കെട്ടിടം എന്നിവയാണ് ആദ്യം ഒരുക്കുക. വെള്ളത്തിലകപ്പെട്ടവരെ രക്ഷിക്കുന്നതിനും സേനയുടെ സേവനം ലഭിക്കും. തീരദേശ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇതുവരെ നേവിയുടെ ഭാഗമായിരുന്ന തീരസംരക്ഷണ സേനക്ക് പ്രത്യേക സംവിധാനം ഒരുക്കുന്നത്. കടല്‍ വഴിയുള്ള കള്ളക്കടത്ത് തടയുന്നതിനും കടല്‍ മലിനീകരണം തടയുന്നതിനും തീര സംരക്ഷണ സേനയുടെ സേവനം ലഭ്യമാക്കും. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ഇന്ധനം കടല്‍മാര്‍ഗം കൊണ്ടുവരുന്നതിനുള്ള സൗകര്യം എന്നിവയും ഇവിടെ ഒരുക്കും.
അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ തീരദേശ സേനയുടെ അംഗബലം നിലവിലുള്ളതിന്റെ ഇരട്ടിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. വിശാലമായ തീരപ്രദേശമുള്ള ഇന്ത്യക്ക് അയല്‍രാജ്യങ്ങളായ പാക്കിസ്ഥാനില്‍ നിന്നും ചൈനയില്‍ നിന്നും ഭാവിയിലുണ്ടായേക്കാവുന്ന ഭീഷണിയും തീരദേശ സുരക്ഷ ശക്തമാക്കാനുള്ള കാരണങ്ങളിലൊന്നാണ്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

---- facebook comment plugin here -----

Latest