Connect with us

Business

ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ രണ്ടാം വാരത്തിലും നേട്ടത്തില്‍

Published

|

Last Updated

വിദേശ ധനകാര്യസ്ഥാപനങ്ങള്‍ വീണ്ടും നിക്ഷേപത്തിന് ഉത്സാഹിച്ചതോടെ ഇന്ത്യന്‍ ഓഹരി തുടര്‍ച്ചയായ രണ്ടാം വാരത്തിലും നേട്ടം നിലനിര്‍ത്തി. സെന്‍സെക്‌സ് 608 പോയിന്റും നിഫ്റ്റി 192 പോയിന്റും ഉയര്‍ന്നു. ബി എസ് ഇ സൂചിക രണ്ടാഴ്ച്ചകൊണ്ട് 1000 പോയിന്റ് കയറി. വിനായക ചതുര്‍ത്ഥി പ്രമാണിച്ച് വ്യാഴാഴ്ച വിപണി അവധിയായിരുന്നു. ഈ വാരം ഈദുല്‍ഫിത്വര്‍ പ്രമാണിച്ച് വെള്ളിയാഴ്ച്ച വിപണി പ്രവര്‍ത്തിക്കില്ല.
ബാങ്കിംഗ് ഓഹരികളില്‍ നിക്ഷേപ താല്‍പര്യം ശക്തമായിരുന്നു. പവര്‍, റിയാലിറ്റി, ഹെല്‍ത്ത്‌കെയര്‍ ഓഹരി വിലകള്‍ കയറി. കണ്‍സ്യൂമര്‍ ഗുഡ്സ്, കാപ്പിറ്റല്‍ ഗുഡ്‌സ്, ഓട്ടോമൊബൈല്‍ വിഭാഗങ്ങള്‍ തളര്‍ച്ചയിലാണ്. എസ് ബി ഐ വിപ്രോ, എന്‍ റ്റി പി സി തുടങ്ങിയവയുടെ നിരക്ക് ഉയര്‍ന്നു. ടാറ്റാ മോട്ടേഴ്‌സ്, ടാറ്റാ സ്റ്റീല്‍, എല്‍ ആന്‍ഡ് റ്റി തുടങ്ങിയവക്ക് തളര്‍ച്ച.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 7762 ല്‍ നിന്ന് നിന്ന് 8000 ലെ പ്രതിരോധം മറികടന്ന് 8055 വരെ കയറി. വാരാന്ത്യം സൂചിക 7981 ലാണ്. ഈ വാരം 7810-7639 ല്‍ താങ്ങും 8103-8225 ല്‍ പ്രതിരോധവുമുണ്ട്.
ബോംബെ സെന്‍സെക്‌സ് വാരാരംഭത്തിലെ 25,531 ല്‍ നിന്ന് 26,472 വരെ കയറി. ഈ അവസരത്തില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് ശക്തമാക്കിയതിന്റെ ചുവടു പിടിച്ച് 26,218 ല്‍ ക്ലോസിംഗ് നടന്നു. ഈ വാരം സൂചികക്ക് 26,616-27,014 തടസ്സം നിലവിലുണ്ട്. തിരിച്ചടി നേരിട്ടാല്‍ 25,675-25,132 ല്‍ താങ്ങ് പ്രതീക്ഷിക്കാം. സൂചിക അതിന്റെ 100, 200 ദിവസങ്ങളിലെ ശരാശരിയെക്കാള്‍ ഏറെ താെഴയാണ് നീങ്ങുന്നത്.
ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 66.47 ല്‍ നിന്ന് 65.85 ലേക്ക് കയറി. വിദേശ നിക്ഷേപ പ്രവാഹം കണക്കിലെടുത്താല്‍ വിനിമയ നിരക്ക് 65.10 ലേക്ക് മെച്ചപ്പെടാം.
ആര്‍ ബി ഐ വായ്പ്പാ അവലോകനത്തിന് ഒരുങ്ങുകയാണ്. റിസര്‍വ് ബേങ്ക് പലിശ നിരക്കില്‍ ഇളവുകള്‍ വരുത്തുമെന്ന പ്രതീക്ഷയിലാണ് വിപണി. നാണയപ്പെരുപ്പം താഴ്ന്ന തലത്തിലാണ് നീങ്ങുന്നത്. ജൂലൈയില്‍ പണപ്പെരുപ്പം 3.69 ശതമാനമായിരുന്നു.
യു എസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് സ്‌റ്റെഡിയായി നിലനിര്‍ത്തിയത് ഇന്ത്യയിലെ വിദേശ നിക്ഷേപം ഉയര്‍ത്തി. വിദേശ ഫണ്ടുകള്‍ 3689 കോടി രൂപയുടെ നിക്ഷേപം കഴിഞ്ഞവാരം നടത്തി. അതേസമയം അവിടെ പലിശ ഉയര്‍ത്തുമെന്ന പ്രതീക്ഷയില്‍ ഫണ്ടുകള്‍ ഈ മാസം ഇതിനകം 4600 കോടി രൂപയുടെ നിക്ഷേപം നേരത്തെ തിരിച്ചു പിടിച്ചിരുന്നു.
അമേരിക്കയില്‍ ഡൗ ജോണ്‍സ് സൂചിക 16,384 ലേക്ക് താഴ്ന്നു. എസ് ആന്‍ഡ് പി ഇന്‍ഡക്‌സും, നാസ്ഡാക്‌സും വാരാന്ത്യം തളര്‍ച്ചയിലാണ്.

---- facebook comment plugin here -----

Latest