Connect with us

Kerala

വൈവിധ്യവത്കരണവുമായി പ്ലാന്റേഷന്‍ കോര്‍പറേഷന്‍

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാന പ്ലാന്റേഷന്‍ കോര്‍പറേഷന്‍ വൈവിധ്യവത്കരണത്തിന്റെ പാതയില്‍. ഇതിന്റെ ഭാഗമായി മലബാര്‍ മേഖലയില്‍ ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ ജൈവരീതിയില്‍ ഉത്പാദിപ്പിച്ച പാഷന്‍ ഫ്രൂട്ടില്‍ നിന്ന് മൂല്യവര്‍ധിത ഉത്പന്നമായ സ്‌ക്വാഷ് നിര്‍മിക്കുന്ന യൂനിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.
പ്ലാന്റേഷന്‍ കോര്‍പറേഷന്റെ ചീമേനി എസ്റ്റേറ്റിലാണ് പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്തത്. കേരള സര്‍വകലാശാലയുടെ സാങ്കേതിക സഹായത്തോടെ കൃഷി വിജ്ഞാന്‍ കേന്ദ്രയാണ് ചീമേനി എസ്റ്റേറ്റിന് കീഴിലുള്ള തളിപ്പറമ്പ് നാടുകാണി ഡിവിഷനില്‍ പാഷന്‍ ഫ്രൂട്ട് സക്വാഷ് ഉത്പാദന യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങിയത്.
വൈവിധ്യവത്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ആരംഭിച്ച റബ്ബര്‍ കൃഷി ഇപ്പോള്‍ ലാഭകരമാണ്. ചീമേനി എസ്റ്റേറ്റില്‍ ഇപ്പോള്‍ 300 ഏക്കര്‍ സ്ഥലത്താണ് റബ്ബര്‍ കൃഷി നടത്തിവരുന്നത്. കശുമാവ് കൃഷി ലാഭകരമല്ലാതായതോടെ ഇത് വെട്ടിമാറ്റിയാണ് റബ്ബര്‍ വെച്ചുപിടിപ്പിച്ചത്. പച്ചക്കറി ഇടവിളയായി കൃഷി ചെയ്യുന്നുമുണ്ട്. നാടുകാണി ഡിവിഷനില്‍ കുരുമുളക് നഴ്‌സറിയും മീന്‍ വളര്‍ത്തലും തുടങ്ങിയിട്ടുണ്ട്.
കശുമാങ്ങ നീരുകൊണ്ട് ഇന്ധനമുണ്ടാക്കുന്ന പദ്ധതി നടപ്പാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍. കശുമാങ്ങയില്‍ നിന്ന് ബയോ എത്തനോള്‍ ഉണ്ടാക്കുന്ന ബ്രസീല്‍ അടക്കമുള്ള വിദേശ രാഷ്ട്രങ്ങളില്‍ വിജയം കണ്ട ഈ പ്രൊജക്ടിനെ കുറിച്ചുള്ള ആദ്യഘട്ട പഠനം കോര്‍പറേഷന്‍ പൂര്‍ത്തിയാക്കി.
100 ഏക്കര്‍ സ്ഥലത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങും. കാസര്‍കോട് ജില്ലയിലെ പി സി കെ എസ്റ്റേറ്റിലാണ് കശുമാങ്ങനീര് സംസ്‌കരിച്ച് ഇന്ധനമാക്കുന്ന കേന്ദ്രം സ്ഥാപിക്കുക. കോര്‍പറേഷന്റെ കശുമാവിന്‍ തോട്ടത്തില്‍ നിന്ന് പ്രതിവര്‍ഷം 40,000 ടണ്‍ കശുമാങ്ങ ഇപ്പോള്‍ ലഭിക്കുന്നുണ്ട്. അതിന് പുറമെ കര്‍ഷകരില്‍ നിന്ന് കശുമാങ്ങ വില കൊടുത്ത് വാങ്ങിയാകും ഇന്ധന നിര്‍മാണം.