Connect with us

Kozhikode

പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിന് ദേശീയ പ്രസ്ഥാനം അനിവാര്യം

Published

|

Last Updated

കോഴിക്കോട്: പൊതു വിദ്യാഭ്യാസ ശാക്തീകരണത്തിന് സമൂഹത്തെ അണിനിരത്തുന്ന ദേശീയ പ്രസ്ഥാനം അനിവാര്യമാണെന്ന് കേരള ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് യൂനിയന്‍ കേരള റിഫ്രഷര്‍ സ്‌കൂള്‍ സംഘടിപ്പിച്ച കേരള ഡവലപ്‌മെന്റ് ത്രൂ സ്‌കൂള്‍ എക്‌സലന്‍സ് ശില്‍പ്പശാല അഭിപ്രായപ്പെട്ടു. ചെയര്‍മാന്‍ കെ ടി അബ്ദുല്‍ലത്തീഫിന്റെ അധ്യക്ഷതയില്‍ രമേശ് കാവില്‍ വിഷയം അവതരിപ്പിച്ചു.
ബഹുസ്വരതയെ ആദരിക്കുന്ന കേരളത്തെ സൃഷ്ടിച്ചെടുത്തതില്‍ കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ടെന്ന് ശില്പ്പശാല അഭിപ്രായപ്പെട്ടു. പൊതു വിദ്യാലയങ്ങളുടെ നാശം മതേതര ബെഞ്ചുകളുടെ തിരോധാനം കൂടിയാണെന്ന് തിരിച്ചറിയണം. നിസ്സാരമായ കാര്യങ്ങള്‍ പൊക്കിക്കാട്ടി പൊതു വിദ്യാഭ്യാസത്തെ ഇകഴ്ത്തുന്ന പ്രവണത ശക്തമാണ്. അതേസമയം വലിയ നേട്ടങ്ങള്‍ അവഗണിക്കപ്പെടുകയും ചെയ്യുന്നു. ഇക്കാര്യം കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ജനജാഗ്രതാ സദസ്സുകള്‍ കേരളത്തിലുടനീളം സംഘടിപ്പിക്കാന്‍ ശില്‍പ്പശാല തീരുമാനിച്ചു. ഒരു വര്‍ഷത്തെ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും.
പൊതു വിദ്യാഭ്യാസത്തിന്റെ ചരിത്രവും വര്‍ത്തമാനവും വിശദമാക്കുന്ന രേഖ ഇതിന്റെ ഭാഗമായി പ്രസിദ്ധീകരിക്കുന്നുണ്ട്.
ഭാഷ, കണക്ക്, ശാസ്ത്രം എന്നിവയുടെ പഠനം എളുപ്പമാക്കുന്നതിന് സഹായിക്കുന്ന ലഘുകൃതികള്‍ തയ്യാറാക്കി നല്‍കും. പിന്നാക്ക വിദ്യാലയങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് നാട്ടുകാരുടെ സഹായത്തോടെ പദ്ധതി ആവിഷ്‌കരിക്കും. താഴെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് പഠന പിന്തുണ നല്‍കുന്നതിന് ഹയര്‍ സെക്കണ്ടറിയിലെ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിശീലനം നല്‍കാനും പദ്ധതിയുണ്ട്. സംസ്ഥാന തലം മുതല്‍ വിവിധ കക്ഷി പ്രതിനിധികളെയും സാസ്‌കാരിക നായകരെയും അണിനിര്‍ത്തി സമിതികള്‍ രൂപവല്‍ക്കരിക്കും. ഇതിനായി വിവിധ കര്‍മ സമിതികള്‍ക്ക് ശില്‍പ്പശാല രൂപം നല്‍കി.
ഒ ഷൗക്കത്തലി, വി കെ അബ്ദുറഹിമാന്‍, വി പി അബ്ദുല്‍ സലീം, പി എം കൃഷ്ണന്‍ നമ്പൂതിരി, സി ടി പി ഉണ്ണിമൊയ്തീന്‍, സജിത വെളിയങ്കോട്, പി എ ഗഫൂര്‍, നിസാര്‍ ചേലേരി, മുഹമ്മദ് ജാസിം, മുഹമ്മദ് ഷഹീര്‍, മുഫീദ കൊടുവള്ളി, പി എ ജലീല്‍, പികെ സലാം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Latest