Connect with us

Gulf

ദുബൈ നഗരസഭ ശേഖരിച്ചത് അഞ്ചു കോടി ഗ്യാലന്‍ ഓയലും ഗ്രീസും

Published

|

Last Updated

ദുബൈ: അഞ്ചു കോടി ഗ്യാലന്‍ ഓയലും ഗ്രീസും ഉപയോഗശൂന്യമായ ഭക്ഷ്യവസ്തുക്കളും ദുബൈ നഗരസഭ ശേഖരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. എമിറേറ്റിലെ മാലിന്യപൈപ്പ് ലൈനുകൡ നിന്നും ശേഖരിച്ചവയും ഇതില്‍ ഉള്‍പെടും.
ശേഖരിച്ച വസ്തുക്കള്‍ പുനരുപയോഗിക്കാവുന്ന അസംസ്‌കൃത വസ്തുക്കളായി മാറ്റുകയും അതില്‍ നിന്ന് സോപ്പ്, മെഴുക്, ബയോ ഇന്ധനം തുടങ്ങിയവ ഉത്പാദിപ്പിക്കുകയും ചെയ്തതായും നഗരസഭാ ഡ്രൈനേജ് ആന്‍ഡ് ഇറിഗേഷന്‍ നെറ്റ്‌വര്‍ക്കിംഗ് വിഭാഗം ഡയറക്ടര്‍ ഹസ്സന്‍ മക്കി വെളിപ്പെടുത്തി. നഗരസഭയുടെ നേതൃത്വത്തില്‍ ഗ്രീസും ഓയലും ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന റസ്റ്റോറന്റ് ഉള്‍പെടെയുള്ള സ്ഥാപനങ്ങളില്‍ നിന്നു ശേഖരിക്കാറുണ്ട്. മാലിന്യ പൈപ്പ്‌ലൈനുകളില്‍ ഇത്തരം വസ്തുക്കള്‍ അടിഞ്ഞുകൂടുന്നത് പരമാവധി കുറക്കുന്നതിന്റെ ഭാഗമായാണ് റസ്റ്റോറന്റ് ഉള്‍പെടെയുള്ളവയില്‍ നിന്ന് അവ ശേഖരിക്കാന്‍ നഗരസഭ പ്രത്യേക ഉത്തരവ് ഇറക്കിയതും നടപ്പാക്കുന്നതും. 2007ലെ 181ാം ഉത്തരവ് പ്രകാരമാണ് നടപടി സ്വീകരിക്കുന്നത്.
ഇത്തരം വസ്തുക്കള്‍ മാലിന്യ പൈപ്പ്‌ലൈനുകളിലേക്ക് തള്ളുന്നത് അവയിലെ ഒഴുക്ക് തടസപ്പെടാന്‍ ഇടയാക്കും. ഇത്തരം സാഹചര്യം പരിസ്ഥിതിക്കും കാര്യമായ ആഘാതം ഏല്‍പിക്കും. ദുബൈയിലെ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് സ്ഥാപനങ്ങളില്‍ നിന്ന് ആരോഗ്യത്തിന് ഹാനികരമായ ഇത്തരം വസ്തുക്കള്‍ നഗരസഭ ശേഖരിക്കുന്നത്. മാലിന്യ പൈപ്പുലൈനുകളിലേക്ക് ഓയലും ഗ്രീസും എത്തുന്നത് തടയാന്‍ ഇത്തരം മാലിന്യങ്ങള്‍ക്ക് കാരണമാവുന്ന എല്ലാ സ്ഥാപനങ്ങളോടും ഗള്ളിട്രാപ് ഘടിപ്പിക്കാന്‍ നഗരസഭ നിര്‍ദേശിച്ചിട്ടുണ്ട്.
ഇവ ഘടിപ്പിക്കുന്നതോടെ ഗ്രീസും ഓയലും മാലിന്യ പൈപ്പ്‌ലൈനുകളിലേക്ക് ഒഴുകുന്നത് ഫലപ്രദമായി തടയാന്‍ സാധിക്കും. ഇവ ശേഖരിക്കുന്നതിനായി 28 അംഗീകൃത കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.
ഇത്തരം വസ്തുക്കള്‍ ശേഖരിക്കുന്നതിനും പുനരുപയുക്തമാക്കുന്നുതിനുമായി റസ്റ്റോറന്റുകള്‍, ഹോട്ടലുകള്‍, ഇതര ഭക്ഷ്യവസ്തുവില്‍പന കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്ന് നിശ്ചിതമായ തുക നഗരസഭ ഈടാക്കുന്നതായും മക്കി വെളിപ്പെടുത്തി.