Connect with us

Gulf

അവധി ദിനങ്ങളില്‍ സുരക്ഷാ നിയമങ്ങള്‍ ഗൗരവമായെടുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം

Published

|

Last Updated

അബുദാബി: ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ സുരക്ഷാ മാദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ അലസരാകരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പൊതുജനങ്ങളോടഭ്യര്‍ഥിച്ചു.
ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അപകടകരമായ കാര്യങ്ങളില്‍ ഏര്‍പെടുന്നതില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണം. ചെറിയ അശ്രദ്ധ പലപ്പോഴും മരണമുള്‍പെടെയുള്ള വന്‍ദുരന്തങ്ങളിലേക്ക് നയിക്കും, സിവില്‍ ഡിഫന്‍സ് മേധാവി മേജര്‍ ജനറല്‍ ജാസിം മുഹമ്മദ് അല്‍ മര്‍സൂഖി പറഞ്ഞു. ഈദ് അവധി ദിനങ്ങളില്‍ ഉണ്ടാകാനിടയുള്ള അനിഷ്ട സംഭവങ്ങള്‍ നേരിടാന്‍ രാജ്യത്തെ മുഴുവന്‍ സിവില്‍ ഡിഫന്‍സ് യൂണിറ്റുകളും സന്നദ്ധമാണെന്നും അല്‍ മര്‍സൂഖി വ്യക്തമാക്കി. ആഘോഷങ്ങളുടെ ഭാഗമായി കുടുംബങ്ങളും മറ്റും കൂട്ടമായി വീടുവിട്ടു പുറത്തിറങ്ങുന്നതിനാല്‍ വീടിന്റെ സുരക്ഷാ കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം. പാര്‍ക്കുകളിലും മരുഭൂ പ്രദേശങ്ങളിലും കടല്‍തീരങ്ങളിലും മറ്റും ഒത്തുചേരുന്നതിനാല്‍ അവിടവും അപകടരഹിതമാവാന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ഓരോരുത്തരും പാലിച്ചിരിക്കണം, സിവില്‍ ഡിഫന്‍സ് മേധാവി അഭ്യര്‍ഥിച്ചു.
പാര്‍ക്കുകളിലും ബീച്ചുകളിലും മറ്റും കുട്ടികളുടെ കാര്യങ്ങള്‍ രക്ഷിതാക്കള്‍ അശ്രദ്ധരാകരുത്. രക്ഷിതാക്കളുടെ അശ്രദ്ധ മുന്‍കാലങ്ങളില്‍ കുട്ടികളുടെ ജീവഹാനിയില്‍ വരെ കലാശിച്ചിട്ടുണ്ടെന്ന് അല്‍ മര്‍സൂഖി ഓര്‍മപ്പെടുത്തി. അത്യാഹിതങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ സിവില്‍ ഡിഫന്‍സുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 999,997 എന്നീ നമ്പറുകളിലാണ് അത്യാഹിതങ്ങള്‍ അറിയിക്കേണ്ടത്.

Latest