Connect with us

International

ഇ യു അംഗരാജ്യങ്ങള്‍ ക്രിയാത്മകമായി ഇടപെടണം: ജര്‍മനി

Published

|

Last Updated

ബെര്‍ലിന്‍/സഗ്രെബ്: സിറിയ ഉള്‍പ്പെടെയുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് ആയിരക്കണക്കിന് അഭയാര്‍ഥികള്‍ യൂറോപ്പിലേക്ക് ഒഴുക്കു തുടരുന്നതിനിടെ യൂറോപ്യന്‍ യൂനിയനില്‍ അംഗമായ രാജ്യങ്ങള്‍ ക്രിയാത്മകമായി ഇടപെടണമെന്ന് ജര്‍മനി ആവശ്യപ്പെട്ടു. യൂറോപ്യന്‍ യൂനിയനില്‍ അംഗങ്ങളായ 28 രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാര്‍ ഇന്ന് യോഗം ചേരാനിരിക്കെയാണ് ജര്‍മനി ആവശ്യം മുന്നോട്ടുവെച്ചത്. അഭയാര്‍ഥികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് നിര്‍ബന്ധമായും മാര്‍ഗരേഖ തയ്യാറാക്കണമെന്നും യൂറോപ്യന്‍ യൂനിയന്‍ രാജ്യങ്ങളുടെ ബാഹ്യ അതിര്‍ത്തികളില്‍ രജിസ്‌ട്രേഷന്‍ കേന്ദ്രങ്ങള്‍ തുടങ്ങണമെന്നും വൈസ് ചാന്‍സിലറും ധനമന്ത്രിയുമായി സിഗ്മര്‍ ഗബ്രിയേല്‍ പറഞ്ഞു. ജര്‍മനിക്കോ മറ്റു ചില യൂറോപ്യന്‍ രാജ്യങ്ങള്‍ക്കോ മാത്രം അഭയാര്‍ഥി പ്രശ്‌നം കൈകാര്യം ചെയ്യാനാകില്ലെന്നും യൂറോപ്യന്‍ യൂനിയനിലെ മുഴുവന്‍ രാജ്യങ്ങളും ഇതുമായി സഹകരിക്കണമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. യൂറോപ്യന്‍ രാജ്യങ്ങളുടെ സ്ഥിരതക്കും ഐക്യത്തിനും, സാധ്യമായ രീതിയില്‍ എല്ലാവരും അഭയാര്‍ഥികളെ ഏറ്റെടുക്കല്‍ അനിവാര്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ നൂറുകണക്കിന് അഭയാര്‍ഥികള്‍ സ്ലൊവേനിയയോട് ചേര്‍ന്നുള്ള ക്രൊയേഷ്യന്‍ അതിര്‍ത്തിയില്‍ കുടുങ്ങി. ചില അഭയാര്‍ഥികള്‍ മൂന്ന് ദിവസത്തോളമായി ഏതെങ്കിലും രാജ്യത്തേക്ക് പ്രവേശാനുമതി ലഭിക്കുമെന്ന പ്രതീക്ഷയോടെ ഇവിടെ കാത്തിരിക്കുകയാണ്. സ്ലൊവേനിയയിലേക്ക് പ്രവേശിക്കുന്നതിന് അഭയാര്‍ഥികള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. പ്രവേശം അനുവദിക്കണമെന്നാവശ്യപ്പെട്ട് അഭയാര്‍ഥികള്‍ അതിര്‍ത്തിയിലെ വേലികളില്‍ ചവിട്ടുകയും ഉച്ചത്തില്‍ ശബ്ദിക്കുകയും ചെയ്തതായി വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മുന്നൂറിലധികം പേരാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സ്ലൊവേനിയയിലേക്ക് അഭയാര്‍ഥികള്‍ നിയന്ത്രണം വിട്ട് പ്രവേശിക്കുന്നത് തടയാന്‍ വേണ്ടി അധികൃതര്‍ അതിര്‍ത്തിയില്‍ പോലീസിനെ വിന്യസിപ്പിച്ചിരിക്കുകയാണ്. നിലവില്‍ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ചെറിയ സംഘത്തിന് മാത്രമേ രാജ്യത്തേക്ക് കടക്കാന്‍ സ്ലൊവേനിയ അനുമതി നല്‍കിയിട്ടുള്ളൂ. ഇവരെ ബസുകളില്‍ കയറ്റി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള റിസപ്ഷന്‍ സെന്ററുകളിലേക്കാണ് കൊണ്ടുപോയിരിക്കുന്നത്. അതിര്‍ത്തിയിലുട നീളം സാഹചര്യം വിഷമകരമാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
വളരെ സംഘടിതമായ നീക്കത്തിലൂടെ അഭയാര്‍ഥികളുടെ താത്പര്യങ്ങള്‍ പരിഗണിച്ചുകൊണ്ട് മുന്നോട്ടുപോകുമെന്ന് സ്ലൊവേനിയയിലെ കുടിയേറ്റ വകുപ്പ് മേധാവി ബോസ്ജന്‍ സെഫിക് പറഞ്ഞു. സ്ലോവേനിയ പതിനായിരം അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുമെന്ന് ജര്‍മനിയിലെ സ്ലോവേനിയന്‍ സ്ഥാനപതി കഴിഞ്ഞ ദിവസം ഉറപ്പ് നല്‍കിയിരുന്നു. അടുത്ത രണ്ട് വര്‍ഷങ്ങളില്‍ 30,000 സിറിയന്‍ അഭയാര്‍ഥികളെ ഏറ്റെടുക്കുമെന്ന് അമേരിക്ക വ്യക്തമാക്കി. 2017 ആകുമ്പോഴേക്ക് ഇവരുടെ എണ്ണം ഒരു ലക്ഷമാകുമെന്നും യു എസ് അവകാശപ്പെട്ടു.
അന്താരാഷ്ട്ര അഭയാര്‍ഥി സംഘടനയുടെ കണക്ക് പ്രകാരം, ഇതുവരെ 4,74,000 പേര്‍ മെഡിറ്ററേനിയന്‍ സമുദ്രം കടന്നിട്ടുണ്ട്.

Latest