Connect with us

Kerala

ജീവിത സായാഹ്നത്തിലും ജയരാജന്‍ പുസ്തകങ്ങള്‍ക്ക് കാവലിരിക്കുന്നു

Published

|

Last Updated

കോഴിക്കോട്: പുസ്തകത്താളുകളിലെ വിജ്ഞാന മുത്തുകളെ വായനക്കാരന്റെ കൈകളിലെത്തിക്കാന്‍ ജീവിതം മാറ്റി വെച്ചിരിക്കുകയാണ് ചേവായൂര്‍ സ്വദേശി ജയരാജന്‍. അമ്പത് വര്‍ഷത്തോളമായി വിവിധ ഗ്രന്ഥശാലകളിള്‍ പുസ്തകങ്ങളുടെ കാവല്‍ക്കാരനായി പ്രവര്‍ത്തിക്കുകയാണിദ്ദേഹം. പുതുതലമുറക്ക് വായനാ ലേകത്തേക്ക് വഴിതെളിക്കണമെന്ന അതിയായ ആഗ്രഹമാണ് എഴുപത്തിയഞ്ചാം വയസ്സിലും ജയരാജനെ ലൈബ്രറി പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവാന്‍ പ്രേരിപ്പിക്കുന്നത്. ഇതിനകം ലൈബ്രറിയുടെ പ്രചാരണാര്‍ഥം ബ്രിട്ടന്‍, സിംഗപ്പൂര്‍, എത്യോപ്യ തുടങ്ങിയ 25 ലധികം രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അടുത്ത മാസം ബില്‍ഗേറ്റ്‌സ് ദക്ഷിണാഫ്രിക്കയില്‍ സംഘടിപ്പിക്കുന്ന അന്തര്‍ദേശീയ ലൈബ്രറി ഗ്രൂപ്പില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലുമാണ്.
ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളടക്കം വിവിധ സംസ്ഥാനങ്ങളില്‍ ഗ്രന്ഥശാല സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയ ഇദ്ദേഹം തലസ്ഥാനത്ത് ഇരുപത്തിയഞ്ച് വര്‍ഷത്തോളം ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറി യുടെ ഇന്ത്യയുടെ ലൈബ്രേറിയനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷ് കൗണ്‍സില്‍ ലൈബ്രറിയുടെ ഇന്ത്യയിലെ ആദ്യത്തെ മേധാവിയും ജയരാജനാണ്. തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയുടെ ലൈബ്രറി മേധാവിയാണ് ഇപ്പോള്‍ ജയരാജ്. സര്‍വകാലശാലയുടെ സമീപ വാസികള്‍ക്ക് ഗ്രന്ഥശാലയില്‍ അംഗത്വമെടുക്കുന്നതിന് കര്‍മ പദ്ധതി ആവിഷ്‌കരിച്ച് നടപ്പാക്കുകയുണ്ടായി.
ഫാറൂഖ് കോളജില്‍ നിന്ന് ബിരുദമെടുത്ത ശേഷം കേരള സര്‍വകലാശാലയില്‍ നിന്ന് ലൈബ്രറി സയന്‍സിലും ബിരുദമെടുത്തു. ബെംഗളൂരുവില്‍ നിന്ന് ഈ വിഷയത്തില്‍ പി ജി യും കരസ്ഥമാക്കി. പഠന ശേഷം ബെംഗളൂരുവിലെ ഡോക്യൂമെന്റേഷന്‍ റിസര്‍ച്ച് ആന്‍ഡ് ട്രൈനിംഗ് സെന്ററില്‍ നാല് വര്‍ഷവും ഝാര്‍ഖണ്ഡിലെ എക് എല്‍ ആര്‍ ഐ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഏഴ് വര്‍ഷവും ലൈബ്രറിയനായി ജോലി ചെയ്തു.
ഇന്ത്യയിലെ ലൈബ്രറികള്‍ ഇനിയും ഉയര്‍ച്ചയുടെ പടവകുള്‍ കയറാനുണ്ടെന്ന അഭിപ്രായക്കാരനാണ് ഇദ്ദേഹം. ലൈേബ്രറികളുടെ പുരോഗതിക്ക് സര്‍ക്കാറുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും ജയരാജന്‍ സിറാജിനോട് പറഞ്ഞു.

Latest