Connect with us

National

ആര്‍എസ്എസ് മേധാവിയെ തള്ളി ബിജെപി; "സംവരണ നയം പുന:പരിശോധിക്കേണ്ടതില്ല"

Published

|

Last Updated

ന്യൂഡല്‍ഹി: സംവരണ നയം പുന:പരിശോധിക്കണമെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ ആവശ്യം ബിജെപി തള്ളി. എസ്‌സി,എസ്ടി,ഒബിസി ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ഭരണഘടനാപരമായ സംവരണത്തെ ശക്തമായി പിന്തുണയ്ക്കുന്നെന്ന് ബിജെപി പ്രസ്താവനയില്‍ വ്യക്തമാക്കി. പിന്നാക്ക വിഭാങ്ങളുടെ സാമൂഹ്യ, സാമ്പത്തിക, വിദ്യാഭ്യാസ മേഖലകളിലെ പുരോഗതിക്ക് സംവരണം അനിവാര്യമാണ്. എന്നാല്‍ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നില്‍ക്കുന്ന മറ്റു വിഭാങ്ങള്‍ക്ക്കൂടി സംവരണം നല്‍കണമെന്ന നര്‍ദേശത്തെ സ്വാഗതം ചെയ്യുന്നെന്നും ബിജെപി വ്യക്തമാക്കി.

ആര്‍എസ്എസ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന് നല്‍കിയ അഭിമുഖത്തിലാണ് സംവരണ നയം പുന:പരിശോധിക്കണമെന്ന് മോഹന്‍ ഭഗവത് ആവശ്യപ്പെട്ടത്. സംവരണ നയം രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണ്. ആരാണ് സംവരണത്തിന് അര്‍ഹരായവര്‍ എന്ന് പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിക്കണം. സമിതി രാഷ്ട്രീയേതരമായ സ്വയംഭരണാവകാശമുള്ളതായിരിക്കണമെന്നുമാണ് ഭഗവത് ആവശ്യപ്പെട്ടത്. പട്ടേല്‍ സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഭഗവത് ഈ ആവശ്യവുമായി രംഗത്തെത്തിയത്.

ആര്‍എസ്എസ് മേധാവിയുടെ പ്രസ്താവനയ്‌ക്കെതിരെ ലാലു പ്രസാദ് യാദവ് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. ഭഗവതിന്റെ പ്രസ്താവനയില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് ലാലു ആവശ്യപ്പെട്ടു. ബിഹാര്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ആര്‍എസ്എസ് മേധാവിയുടെ ആവശ്യം ബിജെപി തള്ളിയത്. സംവരണ വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ സംവരണ വിരുദ്ധ നിലപാട് തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് ഭഗവതിന്റെ പ്രസ്താവനയെ തള്ളാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്.