Connect with us

Kozhikode

കഥകളി വിദ്യാലയത്തിന് നേരെ നടന്ന ആക്രമത്തില്‍ വ്യാപക പ്രതിഷേധം

Published

|

Last Updated

കോഴിക്കോട്: കഥകളി ആചാര്യന്‍ ഗുരു ചേമഞ്ചേരിയുടെ ചേലിയ കഥകളി വിദ്യാലയത്തിന് നേരെ നടന്ന ആക്രമത്തില്‍ വ്യാപക പ്രതിഷേധം. ചെണ്ട വാദ്യം പഠിപ്പിക്കുന്ന അധ്യാപകന്‍ തന്റെ വിദ്യാര്‍ഥിയെ മര്‍ദിച്ചെന്നാരോപിച്ച് ആര്‍ എസ് എസുകാരനായ രക്ഷിതാവിന്റെ നേതൃത്വത്തില്‍ പതിനഞ്ചോളം വരുന്ന അക്രമികളാണ് കഥകളി വിദ്യാലയത്തില്‍ കയറി ആക്രമണം നടത്തിയത്.
വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും മുന്നില്‍ വെച്ച് അധ്യാപകനെ മര്‍ദിച്ച മുഴുവന്‍ കുറ്റവാളികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് സി പി എം ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഗുരു ചേമഞ്ചേരിയെപോലെ കലാകേരളം അത്യധികം ആദരവോടെ പരിഗണിക്കുന്ന ഒരു കലാകാരന്റെ സ്ഥാപനത്തില്‍ കയറി അഴിഞ്ഞാട്ടം നടത്തുന്ന സാംസ്‌കാരിക ഫാസിസത്തെയും ആര്‍ എസ് എസ് ഗുണ്ടാവിളയാട്ടത്തെയും മുഴുവന്‍ ജനാധിപത്യവാദികളും ഒന്നിച്ചുനിന്ന് എതിര്‍ക്കണം. രാജ്യമാകെ കലാപ്രവര്‍ത്തകര്‍ക്കും ബുദ്ധിജീവികള്‍ക്കും നേരെ സംഘ്പരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളുടെ പൊതുപശ്ചാത്തലത്തില്‍ വേണം ചേലിയ കഥകളി വിദ്യാലയത്തിന് നേരെ നടന്ന അക്രമങ്ങളെയും കാണേണ്ടതെന്നും സെക്രേട്ടറിയറ്റ് വിലയിരുത്തി.
ആക്രമണത്തില്‍ കോണ്‍ഗ്രസ് നേതൃയോഗവും പ്രതിഷേധം രേഖപ്പെടുത്തി. ഡി സി സി ഓഡിറ്റോറിയത്തില്‍ നടന്ന യോഗം കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് കെ സി അബു അധ്യക്ഷനായിരുന്നു.