Connect with us

Kerala

മൂന്ന് സ്വാശ്രയ കോളേജുകളിലെ പ്രവേശനം: എംസിഐ ഹരജി സുപ്രീം കോടതി തളളി

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിലെ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശനത്തിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. കോളജുകള്‍ക്ക് പ്രവേശന അനുമതി നല്‍കിയ ഹൈക്കോടതി വിധി റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പാലക്കാട് പി കെ ദാസ്, അടൂര്‍ മൗണ്ട് സിയോണ്‍, വയനാട് ഡി എം എന്നീ സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് ഹൈക്കോടതി നല്‍കിയ പ്രവേശന അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീം കോടതിയെ സമീപിച്ചത്. എം സി ഐ നടപടി സംശയാസ്പദവും അപഹാസ്യവുമാണെന്ന് ജസ്റ്റിസ് എം വൈ ഇഖ്ബാല്‍ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്താന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ അപ്രതീക്ഷിത പരിശോധന ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.
വിദ്യാര്‍ഥികളുടെ ഭാവി കണക്കിലെടുത്താണ് പ്രവേശനാനുമതി നിഷേധിച്ചതെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ വാദം അംഗീകരിച്ചില്ല. പണം നല്‍കി പഠിക്കുന്നവരുടെ ഭാവിയെക്കുറിച്ച് ആശങ്ക വേണ്ടെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. മെഡിക്കല്‍ കൗണ്‍സില്‍ സംഘം ആദ്യ ഘട്ട പരിശോധന നടത്തിയാണ് ഈ കോളേജുകള്‍ക്ക് പ്രവേശന അനുമതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോളേജുകളില്‍ പ്രവേശം ആരംഭിച്ചു. പിന്നീട് അടിസ്ഥാന സൗകര്യമില്ലെന്ന് കാണിച്ച് പ്രവേശന അനുമതി റദ്ദാക്കി. ആദ്യം പ്രവേശന അനുമതി നല്‍കിയതിന് ശേഷം രണ്ടാമതും പരിശോധന നടത്തി അനുമതി റദ്ദാക്കിയ മെഡിക്കല്‍ കൗണ്‍സിലിന്റെ നടപടി പരിഹാസ്യവും സംശയാസ്പദവുമാണ്. കേസില്‍ ഹൈക്കോടതിയുടെ അന്തിമ വിധി വന്നശേഷം ആവശ്യമെങ്കില്‍ ഇടപെടാമെന്നും കോടതി പറഞ്ഞു. മെഡിക്കല്‍ കോളജുകളിലെ അപ്പീലില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.
മൂന്ന് മെഡിക്കല്‍ കോളജുകള്‍ക്കാണ് ഹൈക്കോടതി താത്കാലിക പ്രവേശന അനുമതി നല്‍കിയത്. കേന്ദ്ര അംഗീകാരം കാത്തിരിക്കുന്ന ഈ മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേക്ക് മെറിറ്റ് പട്ടികയില്‍ നിന്ന് സോപാധിക പ്രവേശനം നടത്താനാണ് ഹൈക്കോടതി അനുമതി നല്‍കിയിരുന്നത്. എം ബി ബി എസ് പ്രവേശന സമയപരിധി സെപ്തംബര്‍ 30ന് അവസാനിക്കുമെന്നും കേന്ദ്ര അംഗീകാരം വൈകിയാല്‍ ഈ വര്‍ഷം പ്രവേശനം നടത്താനാകില്ലെന്നുമായിരുന്നു കോളജുകളുടെ വാദം. അക്കാര്യം പരിഗണിച്ചാണ് സോപാധികം പ്രവേശനം നടത്താന്‍ ഇടക്കാല ഉത്തരവിലൂടെ അനുമതി നല്‍കിയത്. പ്രവേശനം അപ്പീലിലെ തീര്‍പ്പിന് വിധേയമായിരിക്കുമെന്ന് വിദ്യാര്‍ഥികളെ അറിയിക്കണമെന്ന് ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ ബാച്ചിന് അംഗീകാരം ലഭിച്ചാല്‍ സീറ്റ് പങ്കുവെക്കാനുള്ള കരാര്‍ ഒപ്പിടാന്‍ മൂന്ന് കോളജുകളും സര്‍ക്കാറിനെ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അതിനാല്‍ സര്‍ക്കാറിനോട് അലോട്ട്‌മെന്റ് നടത്താനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

---- facebook comment plugin here -----

Latest