Connect with us

Gulf

ഹജ്ജ് കര്‍മത്തിന് തുടക്കം; ഹാജിമാര്‍ മിനയില്‍

Published

|

Last Updated

മിന (മക്ക): ലോകത്തിന്റെ അഷ്ട ദിക്കുകകളില്‍ നിന്നെത്തിയ ലക്ഷക്കണക്കിന് ഹാജിമാര്‍ മിനായില്‍ ഭക്തിസാഗരം തീര്‍ക്കുകയാണിപ്പോള്‍. പുലര്‍ച്ചയോടെ മിന ലക്ഷ്യമാക്കി നീങ്ങിയ ഹാജിമാര്‍ പ്രാര്‍ഥനയും ആരാധനാ കര്‍മങ്ങളും കൊണ്ട് മിനാ താഴ്‌വരയെ മന്ത്രമുഖരിതമാക്കി. 160 രാജ്യങ്ങളില്‍ നിന്നായെത്തിയ 15 ലക്ഷം ഹാജിമാരും സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരുമടക്കം 20 ലക്ഷത്തിലധികം ഹാജിമാരാണ് മിനയില്‍ സംഗമിച്ചിരിക്കുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെ മുതല്‍ എല്ലാ വഴികളും മിനയിലേക്കായിരുന്നു. കാല്‍നടയാത്രയായും വാഹനങ്ങളിലുമായി ഹാജിമാര്‍ മിനയിലെത്തി. വിശുദ്ധഹജ്ജിന്റെ പ്രധാന കര്‍മമായ അറഫ സംഗമത്തിന് മുന്നോടിയായി മിനയില്‍ സംഗമിച്ച വിശ്വാസിള്‍  മഹാഭാഗ്യം നല്‍കിയതിന് കണ്ണീര്‍ പൊഴിച്ച് നന്ദി പ്രകാശിപ്പിക്കുന്നത് കാണാമായിരുന്നു.
ഇത് അല്ലാഹുവില്‍ നിന്നുള്ള മഹാഭാഗ്യമാണ്. ഇവിടെയെത്താന്‍ അവന്‍ എന്നെ തിരഞ്ഞെടുത്തുവല്ലോ, കണ്ണീര്‍ പൊഴിച്ചു ഇന്ത്യയില്‍ നിന്നുള്ള ഒരു ഹാജി പറഞ്ഞു.
യൗമുത്തര്‍വിയ എന്ന പേരിലാണ് ഇന്നത്തെ ദിനം അറിയപ്പെടുന്നത്. 14 കിലോമീറ്റര്‍ അകലെയുള്ള അറഫയിലേക്ക് നീങ്ങുന്നതിന് മുന്നോടിയായി പ്രവാചകരും സംഘവും ഒട്ടകങ്ങളെ കെട്ടിയിടുകയും വിശ്രമിക്കുകയും ചെയ്തത് മിനയിലായിരുന്നു. ലബ്ബൈകയുടെ വിശുദ്ധ മന്ത്രങ്ങളാണെവിടെയും. വിവിധ രാജ്യങ്ങളിലെ കൊടിക്കീഴിലാണ് അത്യാധുനിക ടെന്റുകള്‍ ഒരുക്കിയിരിക്കുന്നത്. ചൂടിന് അല്‍പം ശമനമുണ്ട്. 36 ഡിഗ്രിയാണ് ഇന്ന് രേഖപ്പെടുത്തിയത്. ചെറിയ കാറ്റ് വിശ്വാസികള്‍ക്ക് മനസിനും ശരീരത്തിനും കുളിര്‍തെന്നലാകുന്നു.
നാളെ പുലര്‍ച്ചയോടെ ഹാജിമാര്‍ അറഫയിലേക്ക് നീങ്ങും. ഹജ്ജിന്റെ പ്രധാന ചടങ്ങാണ് അറഫാ സംഗമം.