Connect with us

National

ഇസ്‌റാഈലില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങും

Published

|

Last Updated

ന്യൂഡല്‍ഹി: ഇസ്‌റാഈലില്‍ നിന്ന് ഇന്ത്യ കൂടുതല്‍ ആളില്ലാ യുദ്ധ വിമാനങ്ങള്‍ (ഡ്രോണ്‍) വാങ്ങുന്നു. തീവ്രവാദികള്‍ക്കെതിരെ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന്‍ തദ്ദേശീയമായി ഡ്രോണുകള്‍ വികസിപ്പിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് ഇസ്‌റാഈലില്‍ നിന്ന് കൂടുതല്‍ ഡ്രോണുകള്‍ വാങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പാക്കിസ്ഥാനും ചൈനയും തദ്ദേശീയമായി ഡ്രോണുകള്‍ വികസിപ്പിക്കുന്ന സാഹചര്യത്തില്‍ എത്രയും വേഗം ഡ്രോണുകള്‍ ലഭ്യമാക്കണമെന്ന വ്യോമസേനയുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നുവെന്നാണ് പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ പറയുന്നുത്. എന്നാല്‍, ഇസ്‌റാഈലുമായി തന്ത്രപരമായ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്തല്‍. തദ്ദേശീയമായി സായുധ ഡ്രോണുകള്‍ നിര്‍മിക്കാന്‍ പ്രതിരോധ ഗവേഷണ വികസന സ്ഥാപനം ശ്രമം നടത്തുന്നുണ്ടെങ്കിലും വിജയം കണ്ടിട്ടില്ല.
ഇസ്‌റാഈലില്‍ നിന്ന് പത്ത് ഹെറോണ്‍ ഡ്രോണുകള്‍ വാങ്ങാനാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇസ്‌റാഈല്‍ എയ്‌റോസ്‌പേസ് ഇന്‍ഡസ്ട്രീസില്‍ (ഐ എ ഐ) നിന്നാണ് 2,620 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഡ്രോണുകള്‍ വാങ്ങുന്നത്. മൂന്ന് വര്‍ഷം മുമ്പ് ഇസ്‌റാഈലില്‍ നിന്ന് ഹെറോണ്‍ വിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിട്ടിരുന്നെങ്കിലും കഴിഞ്ഞ ജനുവരിയിലാണ് വ്യോമസേന ഇവ എത്രയും വേഗം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് കത്ത് നല്‍കിയത്. ഇക്കാര്യത്തില്‍ ഇസ്‌റാഈലുമായി എത്രയും പെട്ടെന്ന് കരാറില്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഇന്ത്യയുടെ കൈവശമുള്ള ആളില്ലാ പോര്‍വിമാനങ്ങള്‍ നിലവില്‍ കാശ്മീര്‍ മേഖലയിലും ചൈനയുമായി പ്രശ്‌നം നിലനില്‍ക്കുന്ന അതിര്‍ത്തി പ്രദേശങ്ങളിലും വിന്യസിച്ചിട്ടുണ്ട്. കാശ്മീരില്‍ പാക്കിസ്ഥാന്‍ ഭാഗത്തു നിന്നും തീവ്രവാദികളുടെ ഭാഗത്തുനിന്നും ആക്രമണം ശക്തമായ സാഹചര്യത്തിലാണ് സൈന്യം ആളില്ലാ വിമാനങ്ങള്‍ക്കുവേണ്ടി ആവശ്യം ശക്തമാക്കിയത്. തീവ്രവാദവിരുദ്ധ പോരാട്ടത്തിന് ആളില്ലാ യുദ്ധവിമാനങ്ങള്‍ അത്യാവശ്യമാണെന്ന് പ്രതിരോധ ആസൂത്രണ വിഭാഗത്തിലെ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു.
2016 അവസാനത്തോടെ ഹെറോണ്‍ ഡ്രോണുകള്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ ലാന്‍ഡ് വാര്‍ഫെയര്‍ സ്റ്റഡീസ് മുന്‍ മേധാവി ഗുര്‍മീത് കന്‍വാല്‍ അഭിപ്രായപ്പെട്ടു. അല്‍ഖാഇദ ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്കെതിരെ പോരാട്ടം ശക്തമാക്കുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനിലെ വടക്കു പടഞ്ഞാറന്‍ ഭാഗങ്ങളില്‍ യു എസ് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരം ആക്രമണത്തെ പാക്കിസ്ഥാന്‍ പരസ്യമായി എതിര്‍ക്കുന്നുണ്ടെങ്കിലും പരോക്ഷമായി അതിനെ അനുവദിക്കുകയാണെന്ന് കന്‍വാല്‍ പറഞ്ഞു.
കൂടുതല്‍ ഡ്രോണുകള്‍ വാങ്ങാനുള്ള ഇന്ത്യയുടെ തീരുമാനം മേഖലയില്‍ മത്സരം ശക്തമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. യു എസ്, ഇസ്‌റാഈല്‍, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് യുദ്ധ ആവശ്യങ്ങള്‍ക്കായി സായുധ ഡ്രോണുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍, നിരീക്ഷണ ആവശ്യങ്ങള്‍ക്കായി എഴുപതിലധികം രാജ്യങ്ങള്‍ ആളില്ലാ യുദ്ധ വിമാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. സായുധ ഡ്രോണുകള്‍ ഉത്പാദിപ്പിക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നുവെന്ന കാര്യം സ്ഥിരീകരിക്കാനോ തള്ളാനോ ഇസ്‌റാഈല്‍ തയ്യാറായിട്ടില്ല. ഹെറോണ്‍ ഡ്രോണുകള്‍ വില്‍പ്പന നടത്തുന്നതിനെ കുറിച്ച് പ്രതികരിക്കാന്‍ ഐ എ ഐ തയ്യാറായിട്ടില്ല.