Connect with us

Editorial

സംവരണത്തിനെതിരെ സംഘ്പരിവാര്‍

Published

|

Last Updated

സംവരണനയം മാറ്റിയെഴുതണമെന്നാവശ്യപ്പെട്ടിരിക്കുകയാണ് ആര്‍ എസ് എസ്. നിലവിലെ സംവരണരീതി പലരും രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നതെന്നും പുതിയൊരു നയം ആവിഷ്‌കരിക്കാന്‍ രാഷ്ട്രീയക്കാരെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള സമിതിയെ നിയമിക്കണമെന്നുമാണ് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ ആവശ്യം. സാമൂഹിക പിന്നാക്കാവാസ്ഥ മാനദണ്ഡമാക്കിയുള്ള നിലവിലെ സംവരണം ഭരണഘടനാ ശില്‍പികള്‍ വിഭാവനം ചെയ്ത രീതിയിലല്ലത്രേ നടപ്പാക്കുന്നത്. രാജ്യതാത്പര്യം മുന്‍നിര്‍ത്തി എല്ലാവര്‍ക്കും സംവരണം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും ഒരു വിഭാഗത്തിന്റെ ക്ഷേമം ഇല്ലാതാക്കിയല്ല, മറ്റൊരു വിഭാഗത്തിന് ആനുകൂല്യങ്ങള്‍ നല്‍കേണ്ടതെന്നും അദ്ദേഹം പറയുകയുണ്ടായി. സംഘ്പരിവാര്‍ ആചാര്യന്‍ എം എസ് വൈദ്യയും ഈയിടെ രാജ്യത്തെ സംവരണ നയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ജാതീയാടിസ്ഥാനത്തിലുള്ള സംവരണം നിര്‍ത്തലാക്കണമെന്നും അത് തുടരുകയാണെങ്കില്‍ തന്നെ എസ് സി, എസ് ടി വിഭാഗത്തിന് മാത്രം പത്ത് വര്‍ഷത്തേക്കായി പരിമിതപ്പെടുത്തണമെന്നുമാണ് ഒരു പ്രമുഖ ദേശീയ പത്രത്തോട് അദ്ദേഹം അഭിപ്രായപ്പെട്ടത്.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കും മുന്നാക്ക സമുദായങ്ങളിലെ പാര്‍ശവത്കരിക്കപ്പെട്ട ജനവിഭാഗത്തിനും ഭരണഘടന അനുവദിച്ചതാണ് വിദ്യാഭ്യാസ തൊഴില്‍ മേഖലകളിലെ സംവരണം. 27 ശതമാനമായിരുന്നു തുടക്കത്തില്‍ നിര്‍ദേശിക്കപ്പെട്ട സംവരണത്തോത്. എന്നാല്‍ എക്കാലവും രാജ്യത്തിന്റെ ഭരണം നിയന്ത്രിച്ചിരുന്നത് സവര്‍ണ വിഭാഗമായതിനാല്‍ സംവരണാവകാശം പിന്നാക്ക, ദളിത് വിഭാഗത്തിന് നിഷേധിക്കപ്പെടുകയായിരുന്നു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് 1979ല്‍ മെറാര്‍ജി ദേശായ് സര്‍ക്കാര്‍, മൊത്തം പിന്നാക്ക വിഭാഗത്തിന്റെയും ദളിതരുടെയും അവസ്ഥ പഠിക്കാനായി പാര്‍ലമെന്റ് അംഗമായിരുന്ന ബിന്ദേശ്വരി മണ്ഡലിന്റെ നേതൃത്വത്തില്‍ കമ്മീഷനെ നിയോഗിച്ചത്. ജനസംഖ്യയില്‍ 80 ശതമാനം വരുന്ന പിന്നാക്ക, ദളിത് വിഭാഗങ്ങളുടെ സംവരണത്തോത് 27ല്‍ നിന്ന് 49.5 ശതമാനമായി ഉയര്‍ത്തണമെന്നായിരുന്നു 1980ല ഇന്ദിരാ സര്‍ക്കാറിന് സമര്‍പ്പിക്കപ്പെട്ട മണ്ഡല്‍ റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശ. ഇത് നടപ്പാക്കുന്നത് സവര്‍വണ വിഭാഗത്തിന്റെ അസംതൃപ്തിക്ക് ഇടവരുത്തുമെന്നതിനാല്‍ റിപ്പോര്‍ട്ട് അവഗണിക്കുകയായിരുന്നു സര്‍ക്കാര്‍. 1989ല്‍ വി പി സിംഗ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നടപ്പാക്കി. ധീരമായ ആ ശ്രമത്തെ ബി ജെ പിയുടെ നേതൃത്വത്തില്‍ സവര്‍ണ വിഭാഗം എതിര്‍ത്തിരുന്നു. വി പി സിംഗ് ഭരണത്തിന്റെ തകര്‍ച്ചക്ക് വഴിയൊരുക്കിയ അഡ്വാനിയുടെ രഥയാത്ര ബി ജെ പി സംഘടിപ്പിച്ചത് തന്നെ സംവരണം അട്ടിമറിക്കാനായിരുന്നു. പിന്നാക്ക, ദലിത് വിഭാഗങ്ങള്‍ക്ക് സംവരണം നടപ്പാക്കുന്നതിനോട് സംഘ്പരിവാറിനുള്ള കടുത്ത അസഹിഷ്ണുത അന്ന് ഇന്ത്യന്‍ ജനത നന്നായി മനസ്സിലാക്കിയതാണ്. അതിന്റെ തുടര്‍ച്ചയാണ് മോഹന്‍ഭഗവതിന്റെയും വൈദ്യയുടെയും പുതിയ പ്രസ്താവനകള്‍.
ജാതീയാടിസ്ഥാനത്തിലും സാമുദായികാടിസ്ഥനത്തിലും സംവരണം നല്‍കുന്നത് മറ്റുള്ളവര്‍ക്ക് അവസരം നഷ്ടപ്പെടുത്തുന്നുവെന്നും സംവരണത്തിന്റെ മാനദണ്ഡം സാമ്പത്തിക പിന്നാക്കാവസ്ഥയായിരിക്കണമെന്നുമാണ് സംവരണത്തെ എതിര്‍ക്കുന്നവരുടെ വാദം. എന്നാല്‍ സാമ്പത്തികമായ പരിതാവസ്ഥക്കുള്ള പരിഹാരം മാത്രമല്ല, സമഗ്രമായ സാമൂഹിക നീതിയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത് എന്ന വസ്തുത ഇവര്‍ തമസ്‌കരിക്കുന്നു. മതന്യൂനപക്ഷങ്ങളും ദളിതരും സാമ്പത്തിക മേഖലകളിലോ വിദ്യാഭ്യാസ രംഗത്തോ മാത്രമല്ല, പിന്തള്ളപ്പെട്ടത്. അധികാര തലങ്ങളിലുള്‍പ്പെടെ എല്ലാ മേഖലകളിലും അവര്‍ ഏറ്റവും താഴെയാണ്. സച്ചാര്‍ കമ്മീഷന്‍ ഇക്കാര്യം അടിവരയിട്ടു പറയുന്നുണ്ട്. തുല്യതയും അവസരവും എല്ലാ രംഗങ്ങളിലും എല്ലാവര്‍ക്കും ഉറപ്പുവരുത്തുന്നതിനാണ് ഭരണഘടനയുടെ ശില്‍പികള്‍ സംവരണം നിര്‍ദേശിച്ചത്. മത്സരാധിഷ്ടിതമായ ലോകത്ത് ഭരണ തലത്തില്‍ നിന്നുള്ള ഒരു കൈത്താങ്ങില്ലാതെ സ്വയം മുന്നേറുക അവര്‍ക്ക് പ്രയാസമാണ്.
താഴ്ന്ന ജാതിക്കാരും ന്യൂനപക്ഷങ്ങളും എക്കാലത്തും പിന്നാക്കമായി തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് സവര്‍ണരാല്‍ നിയന്ത്രിക്കപ്പെടുന്ന സംഘ്പരിവാര്‍. സാമൂഹിക നീതിക്കുള്ള ഏത് ശ്രമങ്ങളെയും എതിര്‍ത്ത ചരിത്രമേ അവര്‍ക്കുള്ളൂ. മോദി അധികാരത്തിലേറിയ സാഹചര്യത്തില്‍ സംവരണം വീണ്ടും വിവാദമാക്കി അതിനെതിരായ ഒരു സജീവ നീക്കത്തിന് അവസരമൊരുക്കുകയായിരിക്കണം സംഘ്പരിവാര്‍ നേതാക്കളുടെ പുതിയ പ്രസ്താവനകള്‍ക്ക് പിന്നില്‍. ഇക്കാര്യം തിരിച്ചറിഞ്ഞു അതിനെ പ്രതിരോധിക്കാന്‍ മതേതര പാര്‍ട്ടികള്‍ മുന്നോട്ട് വരേണ്ടതുണ്ട്. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങളില്‍ മതേതര പാര്‍ട്ടികളുടെ അഴകൊഴമ്പന്‍ നയമാണ് ഹിന്ദുത്വ അജന്‍ഡയുമായി മുന്നോട്ട് പോകാന്‍ സംഘ് കുടുംബത്തിന് ധൈര്യമേകുന്നത്.

---- facebook comment plugin here -----

Latest