Connect with us

Articles

മക്കയിലെ മഹാസംഗമം

Published

|

Last Updated

ഇസ്‌ലാമിക കലണ്ടറിലെ അവസാന മാസവും അതീവ ശ്രേഷ്ഠതകള്‍ നിറഞ്ഞതുമാണ് ദുല്‍ഹിജ്ജ. മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വളരെ പരിപാവനമാണ് ഈ മാസം. പ്രത്യേകിച്ചും ഇതിലെ ആദ്യത്തെ പത്ത് ദിനങ്ങള്‍. വിശുദ്ധ ഖുര്‍ആനില്‍ “അല്‍ഫജ്ര്‍” അധ്യായത്തില്‍ അല്ലാഹു ഈ ദിനങ്ങളെ കൊണ്ട് സത്യം ചെയ്യുന്നുണ്ട്. ഇവയുടെ പുണ്യം വിവരിക്കുന്ന ഒട്ടനവധി ഹദീസുകള്‍ വന്നിട്ടുണ്ട്. രക്തസാക്ഷിത്വം വരിക്കുന്നവനെ മാറ്റിനിര്‍ത്തിയാല്‍ ദുല്‍ഹിജ്ജ ആദ്യത്തെ പത്ത് ദിനങ്ങളില്‍ സദ്പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവനോളം ശ്രേഷ്ഠര്‍ മറ്റാരുമില്ലെന്ന് ഹദീസുകളില്‍ കാണാം. നിസ്‌കാരം, നോമ്പ്, നിര്‍ബന്ധ ദാനധര്‍മം എന്നിവക്കൊപ്പം ഇസ്‌ലാമിന്റെ അഞ്ചാമത്തെ സ്തംഭമായ പരിശുദ്ധ ഹജ്ജ് ഉള്‍പ്പെടുന്നുവെന്നത് ഈ മാസത്തിന്റെ ശ്രേഷ്ഠതയാണ്.
ഇസ്‌ലാമിലെ അതിശ്രേഷ്ടമായ ആരാധന കര്‍മമാണ് ഹജ്ജ്. മാനവികത വിളിച്ചോതുന്ന ആരാധനാ കര്‍മമാണിത്. ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ, ഭരണാധികാരിയെന്നോ പ്രജയെന്നോ വേര്‍തിരിവില്ലാതെ ലോകത്തിന്റെ സര്‍വത്ര ഭാഗങ്ങളില്‍ നിന്നും എല്ലാ ഭാഷക്കാരും ദേശക്കാരുമായി ദശലക്ഷക്കണക്കിന് ജനങ്ങള്‍ ഒരേ മന്ത്രവും വേഷവുമായി ഏക ഇലാഹിനെ ലക്ഷ്യമാക്കി പ്രാര്‍ഥനയില്‍ മുഴുകുന്ന ആരാധന. മാനവിക ഐക്യത്തിന്റെ ഇത്രയും സുന്ദരമായ കാഴ്ച ഹജ്ജിലല്ലാതെ മറ്റെവിടെ കാണാനാകും? ഹജ്ജ് നിര്‍വഹിക്കാന്‍ ശാരീരികവും സാമ്പത്തികവുമായ കഴിവുകളുള്ള യാത്രാ സൗകര്യമുള്ള ഏതൊരു വിശ്വാസിക്കും ജീവിതത്തില്‍ ഒരു തവണയെങ്കിലും ഹജ്ജ് നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്. ഹജ്ജിന്റെ ഭാഗമായി സത്യവിശ്വാസികള്‍ ദിവസവും അഞ്ച് നേരം അഭിമുഖമായി നിസ്‌കരിക്കുന്ന കഅബാലയത്തെ നേരിട്ട് ചെന്നു ത്വവാഫ് ചെയ്യുകയും വിശാലമായ അറഫയില്‍ സമ്മേളിക്കുകയും ചെയ്യുന്നു. മാത്രമല്ല പ്രവാചകര്‍ മുഹമ്മദ്(സ)യുടെ പരിശുദ്ധ റൗള സന്ദര്‍ശിക്കുകയും അവിടുത്തെ തവസ്സുലാക്കി പ്രാര്‍ഥിക്കുകയും പ്രവാചകന്റെ പള്ളിയില്‍ പ്രത്യേകം നിസ്‌കരിക്കുകയും ചെയ്യുന്നു. പുണ്യവും ചരിത്രമുറങ്ങുന്നതുമായ നിരവധി സ്ഥലങ്ങളിലൂടെയുള്ള തീര്‍ഥാടനം.
മക്കയാണ് പ്രധാനമായും ഹജ്ജിന്റെ കേന്ദ്രം. “മനുഷ്യര്‍ക്കായി സ്ഥാപിക്കപ്പെട്ട പ്രഥമ ഭവനം, അനുഗ്രഹീതവും ലോകത്തിനാകെ മാര്‍ഗദര്‍ശകവുമായ നിലയില്‍ മക്കയില്‍ സ്ഥാപിക്കപ്പെട്ട ഭവനമാകുന്നു. (കഅ്ബയാകുന്നു) അവിടെ പ്രത്യക്ഷങ്ങളായ പല ദൃഷ്ടാന്തങ്ങളുമുണ്ട്. അതില്‍പെട്ടതാണ് മഖാമു ഇബ് റാഹീം. അവിടെ പ്രവേശിക്കുന്നവര്‍ നിര്‍ഭയരായി” എന്നാണ് അല്ലാഹു പഠിപ്പിക്കുന്നത്.
ഇബ്‌റാഹീം നബിയുടെയും പുത്രന്‍ ഇസ്മാഈല്‍ നബിയുടെയും ചരിത്രവുമായി ബന്ധപ്പെട്ടതാണ് ഹജ്ജ് കര്‍മങ്ങളിലേര്‍പ്പെടുന്ന ഇടങ്ങളില്‍ ഏറെയും. ഇബ്‌റാഹീം(അ)ന് ജീവിത സായാഹ്‌നത്തില്‍ വളരെ പ്രായം ചെന്ന ശേഷമാണ് സന്താന സൗഭാഗ്യമുണ്ടായത്. മകനായി ഇസ്മാഈല്‍(അ) ജനിക്കുന്നത്.
ഇഷ്ട ദാസനായ ഇബ്‌റാഹീം(അ)നെയും പത്‌നിയെയും മകനെയും വിവിധ രീതികളില്‍ അല്ലാഹു പരീക്ഷിക്കുകയുണ്ടായി. അല്ലാഹു വിന്റെ കല്‍പന സ്വീകരിച്ചു ഭാര്യയേയും പിഞ്ചു കുഞ്ഞിനേയും വിജനമായ മക്കാ പ്രദേശത്ത് താമസിപ്പിച്ച് ഇബ്‌റാഹീം(അ) തിരിച്ചു പോന്നു. എല്ലാം അല്ലാഹുവിലര്‍പ്പിച്ച ഹാജര്‍(റ ) പിഞ്ചു കുഞ്ഞിന് ഒരിറ്റ് വെള്ളം തേടി സഫാ മര്‍വാ പര്‍വതങ്ങള്‍ക്കിടയില്‍ അങ്ങുമിങ്ങും ഓടുന്നു. ഒടുവില്‍ ഇസ്മാഈല്‍(അ)ന്റെ കാല്‍പാദങ്ങള്‍ ഇട്ടടിച്ച സ്ഥലത്ത് സംസം” ഉറവ പൊട്ടി. പിന്നീട് അതി കഠിനമായ ഒരു പരീക്ഷണം കൂടി ഇബ്‌റാഹീം നബി(അ)യും പുത്രനും അഭിമുഖീകരിക്കേണ്ടിവന്നു. തന്റെ പ്രിയപുത്രനെ അല്ലാഹുവിനു വേണ്ടി ബലിയര്‍പ്പിക്കാന്‍ നബിയോട് കല്‍പിക്കപ്പെട്ടു. ആ പരീക്ഷണത്തിലും നബി വിജയിച്ചു. തുടര്‍ന്ന് രണ്ട് പേരും ചേര്‍ന്ന് കഅ്ബ പുനര്‍ നിര്‍മിച്ചു. പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കിയ ഉടനെ ഹജ്ജിനായി ജനങ്ങളോട് വിളംബരം ചെയ്യാന്‍ അല്ലാഹു നിര്‍ദേശിച്ചു. ആ വിളിക്ക് ഉത്തരം നല്‍കി യാണ് വിശ്വാസികള്‍ നൂറ്റാണ്ടുകളായി മക്കയില്‍ ചെന്ന് ഹജ്ജ് നിര്‍വഹിക്കുന്നത്.
മക്ക പുണ്യഭൂമിയില്‍ അല്ലാഹുവിന്റെ അതിഥികളായ പുണ്യതീര്‍ഥാടകര്‍ ഹജ്ജ് കര്‍മം നിര്‍വഹിക്കുമ്പോള്‍, അവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. ഹജ്ജിന്റെ പശ്ചാത്തലത്തില്‍ ആഘോഷിക്കുന്ന ബലിപെരുന്നാള്‍ നല്‍കുന്ന സന്ദേശങ്ങള്‍ വിവിധങ്ങളാണ്. പെരുന്നാള്‍നിസ്‌കാരം, ബലി കര്‍മം, ദാന ധര്‍മങ്ങള്‍, പരസ്പര സന്ദര്‍ശനം, സൗഹൃദം പുതുക്കല്‍, തുടങ്ങിയവയാണ് പെരുന്നാളിലെ കര്‍മങ്ങള്‍. വിശ്വാസികളുടെ ഹൃദയങ്ങളില്‍ പരസ്പര സൗഹാര്‍ദവും സഹകരണവും അത് അരക്കിട്ടുറപ്പിക്കുന്നു.
ഹജ്ജത്തുല്‍ വിദാഇനോട് അനുബന്ധിച്ച് നബി തങ്ങള്‍ നടത്തിയ പ്രസിദ്ധമായ പ്രഖ്യപനങ്ങള്‍ ഇത്തരുണത്തില്‍ പ്രസക്തമാണ്.
“”മനുഷ്യരേ, ഈ സുദിനം നിങ്ങള്‍ക്ക് എത്രയേറെ പരിശുദ്ധമാണോ, ഈ ഹജ്ജ് മാസം നിങ്ങള്‍ക്ക് എത്രമാത്രം പവിത്രമാണോ, ഈ മക്കയിലെ കഅ്ബയും പരിസരവും നിങ്ങള്‍ക്ക് എത്രയധികം ആദരണീയവുമാണോ അതുപോലെ നിങ്ങളുടെ രക്തവും നിങ്ങളുടെ സമ്പത്തും നിങ്ങളുടെ അഭിമാനവും അതീവ പരിശുദ്ധവും പവിത്രവും ആദരണീയവുമാകുന്നു. പരസ്പരം രക്തം ചിന്തലും ധനാപഹരണം നടത്തലും ദുരഭിമാനം പ്രകടിപ്പിക്കലും നിങ്ങളുടെ രക്ഷിതാവിനെ കണ്ടുമുട്ടുന്നതുവരെ (മരണം വരെ) നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും നിഷിദ്ധമാണ്.
മനുഷ്യ സമുഹമേ! നിങ്ങളുടെ രക്ഷിതാവ് ഏകനാണ്. നിങ്ങളുടെ പിതാവും ഒന്നുതന്നെ. നിങ്ങളെല്ലാം ആദമില്‍ നിന്നുണ്ടായതാണ്, ആദം മണ്ണില്‍ നിന്നുണ്ടായതും. അറിയുക, അറബിക്ക് അനറബിയെക്കാള്‍ ശ്രേഷ്ഠതയില്ല; അനറബിക്ക് അറബിയെക്കാളും ശ്രേഷ്ഠതയില്ല. വെളുത്തവന് കറുത്തവനെക്കാള്‍ സ്ഥാനമില്ല; കറുത്തവന് വെളുത്തവനെക്കാളും. ജീവിത വിശുദ്ധിയാണ് ശ്രേഷ്ഠതയുടെ നിദാനം. നിശ്ചയം. നിങ്ങളില്‍ അല്ലാഹുവിങ്കല്‍ ഏറ്റവും മാന്യന്‍ കൂടുതല്‍ വിശുദ്ധ ജീവിതം നയിക്കുന്നവരാണ്.
സ്ത്രീകളോട് നിങ്ങള്‍ക്ക് അനേകം ബാധ്യതകളുണ്ട്; അവര്‍ക്ക് നിങ്ങളോടുമുണ്ട് ബാധ്യതകള്‍. ദുര്‍വൃത്തികളില്‍ നിന്ന് അവര്‍ പൂര്‍ണമായും ഒഴിഞ്ഞു നില്‍ക്കട്ടെ. മാന്യമായ നിലയില്‍ അവര്‍ക്ക് ഭക്ഷണവും വസ്ത്രവും നല്‍കല്‍ നിങ്ങളുടെ ബാധ്യതയാണ്, നിശ്ചയം. നിങ്ങള്‍ അവരെ വിവാഹം ചെയ്തവരാണ്. അവരുടെ സുരക്ഷിതത്വം അല്ലാഹു നിങ്ങളെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്. സ്ത്രീകളുടെ കാര്യത്തില്‍ നിങ്ങള്‍ അല്ലാഹുവിനെ ഭയപ്പെടുക. സ്ത്രീകളോട് നിങ്ങള്‍ നല്ലനിലയില്‍ മാത്രം വര്‍ത്തിക്കുക”