Connect with us

Kerala

കശുവണ്ടി ക്രമക്കേട് സി ബി ഐ അന്വേഷിക്കണം: ഹൈക്കോടതി

Published

|

Last Updated

കൊച്ചി: സംസ്ഥാന കശുവണ്ടി വികസന കോര്‍പറേഷന്റെ ഇടപാടുകളിലെ അഴിമതി സി ബി ഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കോര്‍പറേഷനിലേക്ക് തോട്ടണ്ടി ഇറക്കുമതി ചെയ്തതിലടക്കം എണ്ണൂറ് കോടി രൂപയുടെ അഴിമതി നടന്നതായി ആരോപിച്ച് ഐ എന്‍ ടി യു സി നേതാവ് കടകംപള്ളി മനോജ് സമര്‍പ്പിച്ച ഹരജി അനുവദിച്ചാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷന്‍, ജസ്റ്റിസ് പി ആര്‍ രാമചന്ദ്ര മേനോന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.
ടെന്‍ഡര്‍ നടപടികളിലും കശുവണ്ടി വാങ്ങിയതിലെ ക്രമക്കേടുകളെക്കുറിച്ചും വിശദമായ അന്വേഷണം ആവശ്യമാണെന്നും ഇതേക്കുറിച്ചുള്ള സി എ ജി റിപ്പോര്‍ട്ടും സര്‍ക്കാറിന്റെ ധനകാര്യ വകുപ്പിലെ വിവിധ റിപ്പോര്‍ട്ടുകളും അടിസ്ഥാനമാക്കി അന്വേഷണം വേണമെന്നും കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചക്കകം വിവിധ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സി ബി ഐക്ക് കൈമാറാന്‍ സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കി.
സി ബി ഐ അന്വേഷണത്തിന് വിധേയമാക്കേണ്ട ആരോപണങ്ങളാണ് ഉയര്‍ന്നിട്ടുള്ളതെന്നും സി ബി ഐ ഇക്കാര്യത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി സത്യം പുറത്തു കൊണ്ടുവരണമെന്നും കോടതി വ്യക്തമാക്കി.
കോര്‍പറേഷന്റെ ഇടപാടുകളെക്കുറിച്ച് കോടതി നിര്‍ദേശപ്രകാരം സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരുന്നു. അന്വേഷണത്തിനു മുമ്പ് ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിട്ട് മാനേജിംഗ് ഡയറക്ടറെ നീക്കണമെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ധനകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ കെ എബ്രഹാം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിടണമോ എന്ന കാര്യത്തില്‍ സര്‍ക്കാറാണ് തീരുമാനം എടുക്കേണ്ടതെന്നും ജനങ്ങളോട് പ്രതിബദ്ധതയുണ്ടെങ്കില്‍ ഇത് നടപ്പാക്കുകയാണ് വേണ്ടതെന്നും കോടതി ഉത്തരവില്‍ പറഞ്ഞു. തലനാരിഴ കീറിയുള്ള സൂക്ഷ്മമായ അന്വേഷണം ആവശ്യമാണെന്ന് വിദഗ്ധ സമിതി കണ്ടെത്തിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. സമിതിയുടെ ശിപാര്‍ശകള്‍ പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കുന്നവയാണ്. എന്നാല്‍, ചട്ടങ്ങള്‍ ലംഘിച്ചു നടന്ന കശുവണ്ടി ഇറക്കുമതി ചെയ്തതിനടക്കമുള്ള അഴിമതിക്ക് നടപടിയാകില്ലെന്നും കോടതി വ്യക്തമാക്കി.
അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് ഹരജി ഫയല്‍ ചെയ്തതിനു ശേഷമാണ് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറായത്. നേരത്തെ വിജിലന്‍സ് അന്വേഷണത്തിനുള്ള ശിപാര്‍ശയോട് സര്‍ക്കാര്‍തലത്തില്‍ തന്നെ വിയോജിച്ചിരുന്നുവെന്ന് ഫയലുകള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വിജിലന്‍സ് അന്വേഷണം വേണമെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുന്ന സാഹചര്യത്തില്‍ അന്തര്‍സംസ്ഥാന തലങ്ങളിലും വിദേശത്തും നടത്തേണ്ട അന്വേഷണമായതിനാല്‍ സി ബി ഐ അന്വേഷണമാണ് വേണ്ടതെന്ന് ഡിവിഷന്‍ ബഞ്ച് ചൂണ്ടിക്കാട്ടി. അഡ്വക്കേറ്റ് ജനറലിനെ മറികടന്ന് ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് നേരത്തെ വിവാദമായിരുന്നു.

Latest