Connect with us

Kerala

ആറളം ഫാമില്‍ ശമ്പള പരിഷ്കരണം നടപ്പാക്കും; സമരം വിജയം

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂര്‍ ആറളം കൃഷിഫാമിലെ തൊഴിലാളി സമരം വിജയം. തൊഴിലാളികളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ഫാമിലെ ഒഴിവുകള്‍ നികത്താനും 86 താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താനും ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 2012ല്‍ മറ്റു ഫാമുകളില്‍ നടപ്പാക്കിയ ആനുകൂല്യങ്ങള്‍ ഇവിടെയും നടപ്പാക്കും.

ആറളം കൃഷി ഫാമില്‍ ശമ്പള പരിഷ്‌കരണം നടത്തുന്നെ് മന്ത്രി കെ സി ജോസഫ് മന്ത്രിസഭാ യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. തൊഴിലാളികളുടെ പ്രൊമോഷന്‍ ഉള്‍പ്പെടെ വിഷയങ്ങള്‍ പഠിക്കാന്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തിതയായും മന്ത്രി അറിയിച്ചു.

അതേസമയം, മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ഉത്തരവായി കൈയില്‍ കിട്ടും വരെ സമരം തുടരുമെന്ന് തൊഴിലാളികള്‍ അറിയിച്ചു. ഉറപ്പുകള്‍ പലവട്ടം ലഭിച്ചതാണ്. പക്ഷേ, പലതും പ്രാബല്യത്തില്‍ വന്നിട്ടില്ല. അതിനാല്‍ ഉത്തരവ് കിട്ടും വരെ സമരം തുടരുമെന്ന് തൊഴിലാളികള്‍ വ്യക്തമാക്കി.

ആറളം ഫാമിലെ അഞ്ഞൂറോളം തൊഴിലാളികളാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരരംഗത്തിറങ്ങിയത്. സമരം ഇന്ന് മൂന്നാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്.