Connect with us

International

ബുര്‍ക്കിന ഫാസോയില്‍ സിവിലിയന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍

Published

|

Last Updated

ഔവദോഗ : പട്ടാള അട്ടിമറി നടന്ന ബുര്‍ക്കിന ഫാസോയില്‍ താന്‍ അധികാരത്തില്‍ തിരിച്ചെത്തിയെന്നും താത്കാലിക സിവിലിയന്‍ സര്‍ക്കാര്‍ ഭരണം പുന:സ്ഥാപിച്ചുവെന്നും ഇടക്കാല പ്രസിഡന്റ് മിഷേല്‍ കഫാന്‍ഡൊ. ഒരാഴ്ചക്ക് മുമ്പ് നടന്ന അട്ടിമറിക്കിടെ ഇദ്ദേഹത്തെ ബന്ദിയാക്കിയിരുന്നു. താന്‍ അധികാരത്തില്‍ തിരിച്ചെത്തിയതായി കഫാന്‍ഡോ ഇന്നലെ വിദേശമന്ത്രാലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇടക്കാല സര്‍ക്കാര്‍ തിരിച്ചെത്തിയതായും ഇനിയുള്ള ഓരോ മിനുട്ടിലും രാജ്യത്തെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്ടാള അട്ടിമറി നടത്തിയവരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ ബാരക്‌സുകളിലേക്ക് മടങ്ങും. നിലവിലെ പ്രശ്‌നങ്ങളെ പ്രത്യക്ഷത്തിലെങ്കിലും പരിഹരിക്കുന്നതാണ് കരാര്‍. ചൊവ്വാഴ്ച രാത്രി നൈജീരിയന്‍ തലസ്ഥാനമായ അബൂജയില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ നിലവില്‍വന്നത്. തലസ്ഥാനമായ ഔവദോഗുവില്‍ സൈന്യം പ്രവേശിച്ച് ഒരു ദിവസത്തിന് ശേഷമാണ് കരാറില്‍ ഒപ്പിടുന്നത്. അട്ടിമറി നടത്തിയ പ്രസിഡന്‍ഷ്യല്‍ ഗാര്‍ഡുകള്‍ ( ആര്‍ എസ് പി)ക്ക് മേലെ കനത്ത സമ്മര്‍ദം ഉണ്ടായതിനെത്തുടര്‍ന്നാണ് ഇത്തരമൊരു സ്ഥിതിവിശേഷമുണ്ടായത്. കരാരിന്റെ ഭാഗമായ, തലസ്ഥാനമായ ഔവദോഗുവില്‍ നിന്നും പിന്‍വലിയാമെന്ന് ആര്‍ എസ് പി സമ്മതിച്ചിട്ടുണ്ട്. ഇവിടെനിന്നും അമ്പത് കിലോമീറ്റര്‍ പിന്‍വലിയുന്നതിന് പകരമായി ആര്‍ എസ് പി അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ശക്തമായ മോസി ഗോത്രവര്‍ഗത്തിന്റെ രാജാവ് കരാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഇന്നലെ അവതരിപ്പിച്ചിരുന്നു. ഒരാഴ്ച മുമ്പാണ് രാജ്യത്തെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ട് ആര്‍ എസ് പി ഇടക്കാല സര്‍ക്കാറിനെ നയിക്കുന്ന നേതാക്കളെ തടവിലാക്കിയത്. കഴിഞ്ഞ ഒക്‌ടോബറില്‍ നടന്ന വിപ്ലവത്തില്‍ പ്രസിഡന്റ് ബ്ലെയ്‌സ് കോംപോര്‍ പുറത്തായതിനെത്തുടര്‍ന്നാണ് ഇടക്കാല സര്‍ക്കാര്‍ നിലവില്‍ വന്നത്. സൈന്യത്തില്‍ കോംപോറിനോട് കൂറ് പുലര്‍ത്തുന്ന 1,300 സൈനികരാണ് കഴിഞ്ഞ ആഴ്ച തങ്ങള്‍ അട്ടിമറിയിലൂടെ ഭരണം പിടിച്ചതായി പ്രഖ്യാപിച്ചത്. അടുത്ത മാസം നടക്കുമെന്ന് പ്രഖ്യാപിച്ച തിരഞ്ഞെടുപ്പോടെ സ്ഥാനമൊഴിയുന്ന മിഷേല്‍ കഫാന്‍ഡോയുയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഗവണ്‍മെന്റിന്റെ കാബിനറ്റ് മീറ്റിംഗ് നടക്കുന്നതിനിടെയാണ് കഴിഞ്ഞ ബുധനാഴച സൈനികാംഗങ്ങള്‍ പാര്‍ലിമെന്റിലേക്കിരച്ച് കയറിയതും പ്രസിഡന്റിനെയും, പ്രധാനമന്ത്രിയെയും ബന്ദിക്കളാക്കുകയും ചെയ്തത്.

Latest