Connect with us

Editorial

ഗോവധ നിരോധത്തിന്റെ നിഴലില്‍ ഒരു പെരുന്നാള്‍

Published

|

Last Updated

മഹാരാഷ്ട്ര, കാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഗോവധവും മാട്ടിറച്ചി വില്‍പ്പനയും നിരോധിക്കുകയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കരുനീക്കം നടത്തുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ഇത്തവണ മുസ്‌ലിംകള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് പോത്ത് ഒഴിച്ചുള്ള മാടുകളെ അറുക്കുന്നതും മാംസം വില്‍ക്കുകയോ കൈവശം വെക്കുകയോ ഭക്ഷിക്കുകയോ ചെയ്യുന്നതും മഹാരാഷ്ട്ര സര്‍ക്കാര്‍ നിരോധിച്ചത്. പിന്നാലെ ഹരിയാനയിലും ഇത് നടപ്പാക്കി. കാശ്മീരില്‍ ഈ മാസം ഒമ്പതിന് ഹൈക്കോടതിയില്‍ നിന്നാണ് മാട്ടിറച്ചി നിരോധ ഉത്തരവുണ്ടായത്. ഗോവധത്തിനെതിരെ അഭിഭാഷകനായ പരിമോഷ് സേത്ത് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ധിരാജ് സിംഗ് ഠാക്കൂര്‍, ജസ്റ്റിസ് ജനക് രാജ് കോട്ട്‌വാള്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. ഗുജറാത്തില്‍ നിരോധം നേരത്തെയുണ്ട്. കേന്ദ്ര സര്‍ക്കാറാണെങ്കില്‍ മഹാരാഷ്ട്രയുടെ മാതൃക പിന്തുടര്‍ന്ന് രാജ്യത്തുടനീളം ഗോവധം നിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ മുന്നോടിയായി ഒരു മാതൃകാ ബില്‍ തയ്യാറാക്കുന്നതിനു നിയമ മന്ത്രാലയത്തോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഗോവധ നിരോധം ജനങ്ങള്‍ക്ക് മാട്ടിറച്ചി ഭക്ഷിക്കാനുള്ള അവസരം നഷ്ടപ്പെടുത്തുക മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‌ലിംകള്‍ക്ക് ബലിപെരുന്നാളിലെ പുണ്യ കര്‍മമായ മൃഗബലിക്ക് (ഉള്ഹിയ്യത്ത്)പ്രയാസങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പോത്തുകളേക്കാള്‍ വിലക്കുറവാണ് പശു ഇനങ്ങള്‍ക്കെന്നതിനാല്‍ മുസ്‌ലിം സാധാരണക്കാര്‍ ഏറെയും പശു ഇനങ്ങളാണ് മൃഗബലിക്കായി വാങ്ങാറ്. ഗോവധ നിരോധത്തിന്റെ പശ്ചാത്തലത്തില്‍ ഈ നിയമം നടപ്പില്‍ വരുത്തിയ സംസ്ഥാനങ്ങളില്‍ ബലിപെരുന്നാള്‍ സീസണില്‍ പോത്തിനങ്ങളുടെ വില കുത്തനെ ഉയരുകയും സാധാരണക്കാര്‍ക്ക് അത് അപ്രാപ്യമായി തീരുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ബലിപെരുന്നാള്‍ സീസണിലെങ്കിലും ഗോവധ നിരോധത്തില്‍ ഇളവ് നല്‍കണമെന്ന ആവശ്യം മഹാരാഷ്ട്രയിലും കാശ്മീരിലും മറ്റും ശക്തമാണെങ്കിലും സര്‍ക്കാറും കോടതിയും ഈ ആവശ്യത്തോട് മുഖം തിരിക്കുകയാണ്. മഹാരാഷ്ട്രയില്‍ ബലിപെരുന്നാളിന് നിരോധത്തില്‍ ഇളവു നല്‍കണമെന്ന് ആവശ്യപ്പെട്ട് ഏതാനും പേര്‍ മുംബൈ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജികള്‍ സമര്‍പ്പിച്ചിരുന്നു. ഇക്കാര്യം സര്‍ക്കാറാണ് പരിഗണിക്കേണ്ടതെന്ന ന്യായത്തില്‍ ജസ്റ്റിസ് അഭയ് ഓകയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ച് ഹരജി തള്ളുകയാണുണ്ടായത്. സര്‍ക്കാറിന് വേണ്ടി ഹാജരായ അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ അനില്‍ സിംഗ് ഇക്കാര്യം സര്‍ക്കാറിന് പരിഗണിക്കാനാകില്ലെന്ന് തീര്‍ത്തുപറയുകയും ചെയ്തു. ഇതോടെ മഹാരാഷ്ട്രയില്‍ മിക്ക പേര്‍ക്കും ബലികര്‍മം ഉപേക്ഷിക്കേണ്ടി വരും.
കാശ്മീരില്‍ മാട്ടിറച്ചി നിരോധത്തിനെതിരെ ഹുര്‍റിയത്ത് കോണ്‍ഫ്രന്‍സ്, ജമ്മുകാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ പ്രക്ഷോഭത്തിലാണ്. പ്രതിഷേധക്കാര്‍ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ ഇന്ത്യന്‍ പതാക കത്തിക്കുകയും പാക്കിസ്ഥാന്‍ പതാക ആലേഖനം ചെയ്ത ബാനറുകള്‍ പ്രദര്‍ശിപ്പിക്കുകയുമുണ്ടായി. ദക്ഷിണ കാശ്മീരില്‍ പലയിടത്തും കാളകളെ അറുത്താണ് ജനങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. പെരുന്നാളിന് കന്നുകാലികളുടെ ഇറച്ചി മാത്രം ഭക്ഷിക്കാന്‍ നാഷനല്‍ ഫ്രണ്ട് ജനങ്ങളോട് ആവശ്യപ്പെടുകയും കോടതിയുടെയോ സര്‍ക്കാരിന്റെയോ ഉദ്യോഗസ്ഥരുടെയോ ഉത്തരവ് അനുസരിക്കില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. മറ്റു സംഘടനകളും കോടതി വിധി തിരസ്‌കരിക്കാനുള്ള തീരുമാനത്തിലാണ്. മാട്ടിറച്ചി നിരോധം സംസ്ഥാനത്ത് അരക്ഷിതാവസ്ഥ രൂക്ഷമാക്കാനും തീവ്രവാദത്തിന് കരുത്തേകാനും ഇടയാക്കുമെന്നാണ് അവിടെ നിന്നുള്ള വാര്‍ത്തകള്‍ നല്‍കുന്ന സൂചന. തീവ്രവാദ സംഘടനകളുടെ നയങ്ങളോട് വിയോജിപ്പുള്ളവര്‍ പോലും ഗോവധ നിരോധത്തിനെതിരായ അവരുടെ പ്രക്ഷോഭത്തെ അനുകൂലിച്ചു വരികയാണ്. ക്രമേണ അത്തരം സംഘടനകളുമായി ജനങ്ങള്‍ കൂടുതല്‍ സഹകരിക്കാന്‍ ഇത് വഴിയൊരുക്കും.
നിരവധി മതസ്ഥരും വിശ്വാസക്കാരും ഇടകലര്‍ന്നുജീവിക്കുന്ന ഒരു രാജ്യത്ത്, എല്ലാ വിഭാഗങ്ങളുടെയും വിശ്വാസ, ആരാധനാ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഒരു വിഭാഗത്തിന്റെ താത്പര്യ സംരക്ഷണത്തിന് വേണ്ടി മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കുകയോ കൈയേറുകയോ ചെയ്യുന്നത്, രാജ്യം മുറുകെ പിടിക്കുന്ന ജനാധിപത്യ വ്യവസ്ഥിതിക്കും മതേതരത്വത്തിനും വിരുദ്ധമാണ്. ഗോക്കള്‍ ആരാധ്യ വസ്തുക്കളാണെന്ന് അഭിപ്രായമുള്ളവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യം നല്‍കുന്നതോടൊപ്പം ആ വിശ്വാസമില്ലാത്തവര്‍ക്ക് ഒരു ഭക്ഷ്യവസ്തുവായി ഉപയോഗപ്പെടുത്താനുള്ള അനുമതി കൂടി നല്‍കുമ്പോഴാണ് രാജ്യത്ത് മതേതരത്വം പുലരുന്നത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ എങ്ങനെ ആരാധിക്കണം, എന്ത് ഭക്ഷിക്കണം, ഏത് മൃഗത്തെ ബലിയറുക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാറുകളോ ന്യായപീഠങ്ങളോ അല്ല, പണ്ഡിത നേതൃത്വമാണ്. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളിന്മേലും വ്യക്തിപരമായ സ്വാതന്ത്ര്യത്തിലും ആഹാരശീലങ്ങളിന്മേലുമുള്ള വര്‍ഗീയ ഫാസിസത്തിന്റെ കടന്നുകയറ്റത്തിനും വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കും ഭരണഘടനാ സംവിധാനങ്ങള്‍ തന്നെ ചൂട്ടുപിടിക്കുന്നത് ആശങ്കാജനകമാണ്.