Connect with us

Kerala

അവര്‍ നിരാഹാരം കിടന്നു; പഠിപ്പിക്കാന്‍ അധ്യാപകരെത്തും

Published

|

Last Updated

കോതമംഗലം: പഠിപ്പ് മുടക്കും സമരവും അവലംബിക്കുന്ന വിദ്യാര്‍ഥി സംഘടനകള്‍ക്കിതാ പുത്തന്‍ മാതൃക. അധ്യാപക നിയമനം ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ വിദ്യാര്‍ഥികള്‍ വിജയം കണ്ടിരിക്കുന്നു. ആവശ്യത്തിന് അധ്യാപകരെ നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനമെത്തിയപ്പോള്‍ രണ്ട് വിദ്യാര്‍ഥികള്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. മാമലക്കണ്ടം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ സ്ഥിരാധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ടാണ് സ്‌കൂള്‍ ലീഡര്‍ യദുകൃഷ്ണനും എട്ടാം ക്ലാസ് വിദ്യാര്‍ഥിനി സന്ധ്യയും് ഡി ഇ ഒ ഓഫീസിനു മുമ്പില്‍ ചൊവ്വാഴ്ച ഉച്ച മുതല്‍ നിരാഹാരസമരം തുടങ്ങിയത്.
രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരം താലൂക്കില്‍ അനുവദിച്ച രണ്ട് ഹൈസ്‌കൂളുകളില്‍ ഒന്നാണ് മാമലക്കണ്ടത്തേത്. ആദിവാസി കുടിയേറ്റ മേഖലയിലെ കുട്ടികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നതായിരുന്നു ഈ പ്രഖ്യാപനം. ഇവിടുത്തെ കുട്ടികള്‍ക്ക് ഹൈസ്‌കൂളിലെത്താന്‍ 35 കിലോമീറ്ററിലേറെ സഞ്ചരിക്കേണ്ട അവസ്ഥയായിരുന്നു. 2013 ല്‍ ഹൈസ്‌കൂളായി ഉയര്‍ത്തിയത് വലിയ പ്രയോജനകരമായിരുന്നു. 2014 ജൂണില്‍ സ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും അഞ്ചോളം അധ്യാപകരുടെ തസ്തിക അധികമായി ഉണ്ടാക്കുകയും ചെയ്തു.
സ്‌കൂളിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിനെത്തിയ വിദ്യാഭ്യാസ മന്ത്രി തസ്തിക നിര്‍ണയം നടത്തി അധ്യാപകരെ നിയമിക്കുമെന്ന് ഉറപ്പും നല്‍കി. ഇതിനിടയില്‍ വിദ്യാര്‍ഥികളും രക്ഷിതാക്കളും നാട്ടുകാരും പിരിവെടുത്ത് താത്കാലിക അധ്യാപകരെ നിയമിച്ചു. എന്നാല്‍ പലപ്പോഴും ശമ്പളം മുടങ്ങിയതോടെ അധ്യാപകരെകിട്ടാതെയായി. ഇതിനിടയില്‍ സ്ഥിര നിയമനത്തിനായി പലവട്ടം മുഖ്യമന്ത്രിയടക്കമുള്ളവരെ കണ്ടെങ്കിലും പരിഹാരമായില്ല.
പുതിയ അധ്യയന വര്‍ഷം ആരംഭിച്ച് ഓണപ്പരീക്ഷ കഴിഞ്ഞിട്ടും അധ്യാപക നിയമനം നീണ്ടുപോയതോടെയാണ് വിദ്യാര്‍ഥികളടക്കം നാട്ടുകാരും ഡി ഇ ഒ ഓഫീസിനു മുമ്പില്‍ സമരം ആരംഭിച്ചത്. ജീവനക്കാരും സമരക്കാരും പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും അധ്യാപക നിയമനം സംബന്ധിച്ച് ഉറപ്പുനല്‍കാന്‍ ഇവര്‍ക്കായില്ല. തുടര്‍ന്നാണ് യദുകൃഷ്ണനും സന്ധ്യയും നിരാഹാര സമരത്തിലേക്ക് നീങ്ങിയത്. ഇതോടെ വിവിധ രാഷ്ട്രീയ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി. സമരത്തിന്റെ ഗൗരവം മനസ്സിലാക്കി ടി യു കുരുവിള എം എല്‍ എ ബുധനാഴ്ച മുഖ്യമന്ത്രിയെക്കണ്ട് വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അധ്യാപക നിയമനം സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഉച്ചക്ക് 12.30ന് മന്ത്രിസഭാ തീരുമാനം പുറത്ത് വന്നെങ്കിലും രേഖാമൂലം ഉറപ്പു ലഭിക്കാതെ സമരം അവസാനിപ്പിച്ചില്ല. തുടര്‍ന്ന് തീരുമാനം അറിയിച്ചുള്ള ഫാക്‌സ് സന്ദേശം സമരക്കാര്‍ക്ക് നല്‍കിയ ശേഷമാണ് 24 മണിക്കൂര്‍ നീണ്ട നിരാഹാര സമരംം കുട്ടികള്‍ അവസാനിപ്പിച്ചത്.
ഇന്നലെ സമരത്തിന് പിന്തുണയര്‍പ്പിച്ച് ഡി ഇ ഒ ഓഫീസ് സ്ഥിതിചെയ്യുന്ന റവന്യു ടവര്‍ പരിസരത്തേക്ക് നിരവധി പ്രകടനങ്ങളെത്തിയിരുന്നു.

Latest