Connect with us

Kerala

കൂറുമാറ്റ നിരോധനം: പി സി ജോര്‍ജിന്റെ ഹരജി ഹൈക്കോടതി തള്ളി

Published

|

Last Updated

കൊച്ചി: കൂറുമാറ്റ നിരോധ നിയമപ്രകാരം അയോഗ്യത കല്‍പ്പിക്കാനുള്ള അപേക്ഷ പരിഗണിച്ച നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്റെ നടപടി ചോദ്യം ചെയ്ത് പി സി ജോര്‍ജ് എം എല്‍ എ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. പി സി ജോര്‍ജിനെതിരെ പരാതിയില്‍ സ്പീക്കര്‍ക്ക് നിയമ നടപടികള്‍ എടുക്കുന്നതില്‍ തടസ്സമില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ അപേക്ഷ ക്രമപ്രകാരമല്ലെന്ന തന്റെ വാദം നിരാകരിച്ചതിനെയാണ് പി സി ജോര്‍ജ് ഹരജിയില്‍ ചോദ്യം ചെയ്തത്.
പരാതി ഗൗരവമുള്ളതാണെങ്കിലും നിയമസഭാംഗത്തിന്റെ പരാതിയിലെ നിജസ്ഥിതി പരിശോധിച്ച് തീരുമാനമെടുക്കേണ്ടത് ജനാധിപത്യത്തിന്റെ പരമസ്ഥാനത്തുള്ള നിയമസഭയുടെ നാഥന്‍ കൂടിയായ സ്പീക്കറാണെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അഭിപ്രായപ്പെട്ടു. സ്വാഭാവിക നീതിയുടെ ലംഘനമാണ് സെപ്തംബര്‍ 17ന് സ്പീക്കര്‍ എന്‍ ശക്തന്‍ പുറപ്പെടുവിച്ച ഉത്തരവെന്നും അത് പരിശോധിച്ച് റദ്ദാക്കണമെന്നുമായിരുന്നു ജോര്‍ജിന്റെ ആവശ്യം. ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ പി സി ജോര്‍ജിന്റെ കാര്യത്തില്‍ സ്പീക്കറുടെ നിലപാട് തന്നെയാകും ഇനി നിര്‍ണായകമാകുക. സ്പീക്കറുടെ ഓഫീസില്‍ തിരിമറി നടന്നിട്ടുണ്ടെന്നും ഹരജിയില്‍ കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായതായും പി സി ജോര്‍ജിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കെ രാംകുമാര്‍ കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍, കോടതി ഇത് പരിഗണിച്ചില്ല. സ്പീക്കര്‍ക്കെതിരെ ഹരജി നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പി സി ജോര്‍ജിന്റെ ഹരജി ഫയലിലെടുക്കാന്‍ ഹൈക്കോടതി രജിസ്ട്രി ആദ്യം വിസമ്മതിച്ചിരുന്നു. തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരമാണ് കേസില്‍ വാദം കേള്‍ക്കാന്‍ തീരുമാനമായത്. എന്നാല്‍, വിധി തനിക്ക് അനുകൂലമാണെന്ന് പി സി ജോര്‍ജ് പറഞ്ഞു. നിക്ഷ്പക്ഷമായ വിധിയാണ് ഉണ്ടായിരിക്കുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.