Connect with us

Kerala

സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി വഫാത്തായി

Published

|

Last Updated

 

കോഴിക്കോട്: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും എസ് വൈ എസ് സംസ്ഥാന ട്രഷററുമായ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി (പൊസോട്ട് തങ്ങള്‍- 54) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ രണ്ടോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ പത്തിന് സ്വദേശമായ കടലുണ്ടിയിലെ ജനാസ നിസ്‌കാരത്തിന് ശേഷം കര്‍മഭൂമിയായ മഞ്ചേശ്വരം മള്ഹര്‍ ക്യാമ്പസില്‍ പതിനായിരങ്ങളുടെ സാന്നിധ്യത്തില്‍ ഖബറടക്കി.
ബുഖാരി സയ്യിദ് പരമ്പരയിലെ ഉന്നതരായ സയ്യിദ് അഹ്മദുല്‍ ബുഖാരിയുടെയും തൃക്കരിപ്പൂര്‍ ശാഹുല്‍ ഹമീദ് തങ്ങളുടെ മൂത്തമകള്‍ ഫാത്വിമ ഇമ്പിച്ചി ബീവിയുടെയും മൂത്ത പുത്രനായി കോഴിക്കോട് കടലുണ്ടിയില്‍ 1961ല്‍ ജനിച്ച സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി പ്രഥമ ഗുരുവായ പിതാവില്‍ നിന്ന് പ്രശസ്തമായ ഒട്ടേറെ ഗ്രന്ഥങ്ങള്‍ ഓതിത്തീര്‍ത്തു. തുടര്‍ന്ന് പണ്ഡിതനും സൂഫീവര്യനുമായ പെരുമുഖം ബീരാന്‍ കോയ മുസ്‌ലിയാരുടെ ശിഷ്യത്വം സ്വീകരിച്ചു. ബാഖിയാത്തില്‍ നിന്ന് മത ബിരുദം നേടിയ തങ്ങള്‍ ജീവിതം പൂര്‍ണമായും സാമൂഹിക സേവന വഴിയിലായിരുന്നു ചെലവഴിച്ചത്. 1981ല്‍ കോഴിക്കോട് ആക്കോട് ദര്‍രിസിലായിരുന്നു ആദ്യം മുദര്‍റിസായത്.
കാസര്‍കോട് ജില്ലയിലെ പൊസോട്ടില്‍ മുദര്‍രിസായി തങ്ങളെത്തിയതോടെ കാസര്‍കോടിന്റെയും കര്‍ണാടകയുടെയും ആത്മീയ രംഗത്ത് തങ്ങള്‍ നിറസാന്നിധ്യമായി. തുടര്‍ന്ന് മള്ഹര്‍ എന്ന മത ഭൗതിക വിജ്ഞാന സമുച്ചയം കെട്ടിപ്പടുക്കുകയും വിദ്യാഭ്യാസ രംഗത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്തു. ആത്മീയ ചികിത്സാ രംഗത്തും ആത്മീയ സദസ്സുകളിലും നേതൃസാന്നിധ്യമായി.
സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ഇസ്മാഈലുല്‍ ബുഖാരി, സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാന്‍ അല്‍ ബുഖാരി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശിഹാബുദ്ദീന്‍ അല്‍ ബുഖാരി എന്നിവര്‍ സഹോദരങ്ങളും സയ്യിദത്ത് മൈമൂനത്ത് സുഹ്‌റ ബീവി, സയ്യിദത്ത് അമതുല്‍ ജബ്ബാര്‍ റൈഹാന, സയ്യിദത്ത് ഉമ്മുഹബീബ എന്നിവര്‍ സഹോദരിമാരുമാണ്. താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെ പേരമകള്‍ സയ്യിദത്ത് ഉമ്മുഹാനിയാണ് പത്‌നി. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ ബുഖാരിയാണ് ഏക പുത്രന്‍. മടക്കര സുഹൈല്‍ അസ്സഖാഫ് സഖാഫിയുടെ ഭാര്യ സയ്യിദ റഫീദ ബീവി, പൊറ്റക്കാട് സയ്യിദ് ഫള്‌ല് സഅദി ജിഫ്രിയുടെ ഭാര്യ സയ്യിദ നഫീഖ ബീവി, മള്ഹറിലെ പ്രധാന മുദര്‍രിസ് കൂടിയായ സയ്യിദ് ജലാലുദ്ദീന്‍ ബുഖാരിയുടെ ഭാര്യ സയ്യിദ് ശമീമ ബീവി എന്നിവരാണ് മറ്റ് മക്കള്‍.
സ്വദേശമായ കടലുണ്ടിയില്‍ നടന്ന ജനാസ നിസ്‌കാരങ്ങള്‍ക്ക് സയ്യിദ് അലി ബാഫഖി തങ്ങള്‍, സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, എ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, കട്ടിപ്പാറ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി എന്നിവര്‍ നേതൃത്വം നല്‍കി. മഞ്ചേശ്വരം മള്ഹര്‍ ക്യാമ്പസില്‍ നടന്ന ജനാസ നിസ്‌കാരത്തിനും അന്ത്യകര്‍മങ്ങള്‍ക്കും മഅ്ദിന്‍ ചെയര്‍മാനും സഹോദരനുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. മഞ്ചേശ്വരത്ത് നടന്ന ജനാസ നിസ്‌കാരത്തില്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് അത്വാവുല്ല തങ്ങള്‍ മഞ്ചേശ്വരം തുടങ്ങിയവര്‍ സംബന്ധിച്ചു.

Latest