Connect with us

Kerala

പരിഭാഷകയ്ക്ക് പ്രവേശനം നിഷേധിച്ച് വിവാദത്തിലായ പുസ്തക പ്രകാശനം ഒഴിവാക്കി

Published

|

Last Updated

തൃശൂര്‍: പരിഭാഷകക്ക് വേദിയില്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ പ്രതിഷേധം ആളിയതോടെ അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ പുസ്തക പ്രകാശനം മുടങ്ങി. കലാമും അരുണ്‍ തിവാരിയും ചേര്‍ന്നെഴുതിയ “ട്രാന്‍സിഡന്‍സ് മൈ സ്പിരിച്വല്‍ എക്‌സ്പീരിയന്‍സ് വിത്ത് പ്രമുഖ് സ്വാമിജി” എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയായ “കാലാതീത”ത്തിന്റെ പ്രകാശന ചടങ്ങാണ് വിവാദത്തിലായത്. പുസ്തകത്തിന്റെ പരിഭാഷകയായ ശ്രീദേവി എസ് കര്‍ത്തയെ ചടങ്ങിലേക്ക് പ്രസാധകരായ കറന്റ് ബുക്‌സ് ക്ഷണിച്ചിരുന്നില്ല. തുടര്‍ന്ന് തനിക്ക് നേരിടേണ്ടിവന്ന അവഗണന വ്യക്തമാക്കി ഫേസ്ബുക്കില്‍ ശ്രീദേവി എഴുതിയ പോസ്റ്റാണ് സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ ഏറ്റുപിടിച്ചത്.
ഇന്നലെ തൃശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച പ്രകാശന ചടങ്ങാണ് അലങ്കോലമായത്. പ്രകാശന ചടങ്ങ് നടക്കുന്നതിന് മുമ്പ് ജനാധിപത്യ മഹിളാ അസോസിയേഷന്‍, എ ഐ എസ് എഫ്, ആര്‍ എം പി, ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ ഹാളിലേക്ക് ഇരച്ചുകയറി വേദിയും സദസ്സും കൈയടക്കുകയായിരുന്നു. പോലീസ് ഇടപെട്ട് ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിന്മാറിയില്ല.
ഗുജറാത്ത് ആസ്ഥാനമായ സ്വാമി നാരായണ്‍ സന്യാസ് സന്‍സ്ഥാന്‍ മഠത്തിന്റെ അധികാരിയായ സ്വാമി പ്രമുഖിന്റെ പ്രതിനിധി ബ്രഹ്മ വിഹാരിദാസ്ജി പങ്കെടുക്കുന്ന വേദിയില്‍ സ്ത്രീകള്‍ പ്രവേശിക്കരുതെന്നാണ് സംഘാടകര്‍ തന്നെ അറിയിച്ചതെന്ന് വ്യക്തമാക്കി ഫേസ്ബുക്കിലെ ശ്രീദേവിയുടെ പോസ്റ്റാണ് നിമിഷങ്ങള്‍ക്കകം വൈറലായത്. വിവിധ കോണുകളില്‍ നിന്ന് വിലക്കിനെതിരെ ശക്തമായ പ്രതിഷേധവും ഉയര്‍ന്നു. എഴുത്തുകാരുടെ കൂട്ടായ്മകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ തുടങ്ങി നിരവധി പേര്‍ ഫേസ്ബുക്കിലൂടെ ശ്രീദേവിക്ക് പിന്തുണയര്‍പ്പിച്ചെത്തി.
സ്വാമി ബ്രഹ്മവിഹാരിദാസ് അവസാന നിമിഷത്തില്‍ പിന്മാറിയതോടെ പ്രൊഫ. സാറാ ജോസഫിനെ പ്രസാധകര്‍ ക്ഷണിച്ചു. ആം ആദ്മി പാര്‍ട്ടി നേതാവുകൂടിയായ പ്രൊഫ. സാറാ ജോസഫിനെതിരെയും ഇടതുപക്ഷ പ്രതിഷേധ സമരക്കാര്‍ മുദ്രാവാക്യം മുഴക്കി. പ്രവര്‍ത്തകര്‍ വേദിയിലും സദസ്സിലുമായി കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പ്രകാശന ചടങ്ങ് ഉപേക്ഷിക്കുകയായിരുന്നു.

---- facebook comment plugin here -----

Latest