Connect with us

Kerala

കോടികളുടെ അഴിമതി നടത്താന്‍ കെ പി അനില്‍കുമാര്‍ തന്നെ സമീപിച്ചിരുന്നു: ജോയി തോമസ്

Published

|

Last Updated

കൊച്ചി: കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ നേരത്തെ ആന്ധ്രയില്‍ നിന്ന് ആയിരം ലോഡ് അരി വാങ്ങുന്നതിന് കോഴിക്കോട്ടുള്ള ഒരു ഇടനിലക്കാരനെയും കൂട്ടി തന്നെ സമീപിച്ചിരുന്നുവെന്ന് കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അഡ്വ. ജോയി തോമസ്.
ഇതിന് വഴങ്ങാതിരുന്നതിന്റെ വൈരാഗ്യമാണ് കെ പി അനില്‍കുമാറും സതീശന്‍ പാച്ചേനിയും ചേര്‍ന്ന് തീര്‍ത്തത്. കോടികളുടെ അഴിമതി നടത്താനുള്ള നീക്കമാണ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്നത്. ഇക്കാര്യത്തില്‍ ഇവരുടെ താത്പര്യത്തിന് വഴങ്ങി കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ തനിക്കെതിരെ നിലപാട് സ്വീകരിച്ചത് ഖേദകരമാണ്. തനിക്കെതിരെ സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത് കോണ്‍ഗ്രസിന്റെ മൊത്തം താത്പര്യത്തിന് എതിരായിരുന്നു. ആരോപണങ്ങള്‍ കോണ്‍ഗ്രസിനെ തന്നെയാണ് ബാധിക്കുകയെന്ന് മനസ്സിലാക്കിയിട്ടും അദ്ദേഹം തന്റെ അജണ്ഡയുമായി മുന്നോട്ടു പോയി.
ടോമിന്‍ ജെ തച്ചങ്കരിയുടെ രഹസ്യ അജണ്ഡയും കോണ്‍ഗ്രസിലെ ഗ്രൂപ്പ് താത്പര്യങ്ങളുമാണ് തനിക്കെതിരായ ആരോപണങ്ങള്‍ക്ക് പിന്നിലുള്ളത്. തച്ചങ്കരിയെ പോലെ ഒരു ഉദ്യോഗസ്ഥന്‍ വി എം സുധീരന് സ്വീകാര്യനാകുന്നത് എങ്ങനെയെന്ന് മനസ്സിലാകുന്നില്ല. ആരോപണവിധേയനായ തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തപ്പോള്‍ പരസ്യമായി എതിര്‍പ്പു പ്രകടിപ്പിച്ചയാളാണ് സുധീരന്‍.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനമന്ത്രി കെ എം മാണിയും എക്‌സൈസ് മന്ത്രി കെ ബാബുവുമടക്കം യു ഡി എഫ് സര്‍ക്കാരിലെ എത്രമന്ത്രിമാര്‍ക്കെതിരെ ആരോപണങ്ങളും അന്വേഷണവുമുണ്ടായി. അവരൊന്നും രാജിവെച്ചിട്ടില്ല. തന്നെ മാത്രം എന്തിന് ക്രൂശിക്കുന്നു.
കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി പിരിച്ചുവിട്ട് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയെ ജോയി തോമസ് സ്വാഗതം ചെയ്തു. സമഗ്രമായ അന്വേഷണം സത്യം പുറത്തുവരാന്‍ ഉപകരിക്കും. കണ്‍സ്യൂമര്‍ഫെഡുമായി ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് സി ബി ഐ അന്വേഷണം തന്നെ വരണമെന്നാണ് തന്റെ ആഗ്രഹം. നിഷ്പക്ഷമായ അന്വേഷണം നടന്നാല്‍ തന്റെ നിരപാധിത്വം തെളിയും. അന്വേഷണ ഫലം എന്തായാലും കണ്‍സ്യൂമര്‍ഫെഡ് പ്രസിഡന്റ് സ്ഥാനം ഇനി ഏറ്റെടുക്കില്ല. ഇനി ഇടുക്കിയില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കും. ഔദ്യോഗിക വാഹനം തിരിച്ചേല്‍പിച്ച് ഇന്നലെ വൈകുന്നേരത്തോടെയാണ് ജോയി തോമസ് കണ്‍സ്യൂമര്‍ഫെഡിന്റെ പടിയിറങ്ങിയത്.

Latest