Connect with us

Gulf

നടന്നത് കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരന്തം

Published

|

Last Updated

മക്ക: വിശുദ്ധ ഭൂമിയില്‍ വ്യാഴാഴ്ച നടന്നത് കാല്‍ നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ദുരന്തം. 1990 ജൂലൈ രണ്ടിന് മിനായിലെ തുരങ്ക പാതയില്‍ വെന്റലേഷന്‍ സംവിധാനം തകരാറിലായി 1,426 ഹാജിമാരാണ് മരിച്ചത്. അന്ന് ദുരന്തത്തില്‍ പെട്ടവര്‍ മിക്കവരും ഏഷ്യക്കാരായിരുന്നു.
1987ല്‍ രോഷാകുലരായ ഇറാനിയന്‍ തീര്‍ഥാടകര്‍ക്ക് നേരെ സുരക്ഷാ വിഭാഗം നടപടി സ്വീകരിച്ചതില്‍ 275 ഇറാനിയന്‍ തീര്‍ഥാടകര്‍ അടക്കം 400 പേര്‍ മരിച്ചു. 2006 ജനുവരി 12ന് കല്ലേറ് കര്‍മത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 364 പേര്‍ മരിച്ചു.
അതിന് ആറ് ദിവസം മുമ്പ് മക്കയില്‍ ഹോട്ടല്‍ തകര്‍ന്ന് വീണ് 76 പേര്‍ മരിച്ചു. ഈ സെപ്തംബര്‍ 11ന് ക്രെയിന്‍ തകര്‍ന്ന് വീണ് 111 പേര്‍ മരിച്ചിരുന്നു.

ദുരന്തങ്ങളുടെ നാള്‍ വഴി
2005
ജനുവരി 22: മിനായില്‍ കല്ലേറ് കര്‍മത്തിനിടെ തിക്കിലും തിരക്കിലും മൂന്ന് പേര്‍ മരിച്ചു.
2004
ഫെബ്രുവരി ഒന്ന്: മിനായില്‍ കല്ലേറ് കര്‍മത്തിനിടെ തിരക്കില്‍ പെട്ട് 251 മരണം.
2003
ഫെബ്രുവരി 11: കല്ലേറ് കര്‍മത്തിന്റെ ആദ്യ ദിവസം ആറ് സ്ത്രീകള്‍ അടക്കം 14 തീര്‍ഥാടകര്‍ മരിച്ചു.
2001
മാര്‍ച്ച് അഞ്ച്: മിനായില്‍ 23 സ്ത്രീകള്‍ അടക്കം 35 പേര്‍ മരിച്ചു.
1998
ഏപ്രില്‍ ഒന്‍പത്: മിനായിലെ തിക്കിലും തിരക്കിലും പെട്ട് 118 പേര്‍ മരിച്ചു. 180 പേര്‍ക്ക് പരുക്കേറ്റു.
1997
ഏപ്രില്‍ 15:
ഒരു തമ്പില്‍ കത്തിച്ച ഗ്യാസ് സ്റ്റൗവില്‍ നിന്ന് തീ പടര്‍ന്ന് മിനായില്‍ 343 പേര്‍ മരിച്ചു. 1500ലധികം പേര്‍ക്ക് പരുക്ക്.
1995
മെയ് ഏഴ്: മിനാ ക്യാമ്പില്‍ തീപ്പിടിത്തത്തില്‍ മൂന്ന് മരണം. 99 പേര്‍ക്ക് പൊള്ളലേറ്റു.
1994
മെയ് 24: ജംറകളില്‍ കല്ലെറിയല്‍ ചടങ്ങിനിടെ തിക്കും തിരക്കും. 270 മരണം.
1990
ജൂലൈ 10: ഹറം മസ്ജിദിന് പുറത്ത് ഇരട്ട ആക്രമണങ്ങള്‍. ഒരാള്‍ കൊല്ലപ്പെട്ടു. 16 പേര്‍ക്ക് പരുക്ക്. സംഭവവുമായി ബന്ധപ്പെട്ട് 16 കുവൈത്തി ശിയാക്കളെ പിടികൂടി. ഇവരെ പിന്നീട് തൂക്കിലേറ്റി.
1979
നവംബര്‍ 20: ഒരു സംഘം ആയുധധാരികള്‍ ഹറം പള്ളിക്കകത്ത് തീര്‍ഥാടകരെ ബന്ദിയാക്കി. തുടര്‍ന്ന് നടന്ന വെടിവെപ്പിലും സൈനിക നടപടിയിലും 153 പേര്‍ മരിച്ചു. 560 പേര്‍ക്ക് പരുക്ക്.
1975
ഡിസംബര്‍: തമ്പില്‍ ഗ്യാസ് ഉപകരണം പൊട്ടിത്തെറിച്ച് മറ്റ് തമ്പുകളിലേക്ക് തീ പടര്‍ന്നു. 200 പേര്‍ മരിച്ചു.