Connect with us

Sports

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിക്കോഫിന് ഏഴ് നാള്‍ - പെലെയുടെ ദൃശ്യ സന്ദേശമെത്തി: ആവേശം നുരയുന്നു..

Published

|

Last Updated

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് ആവേശമേകിക്കൊണ്ട് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയുടെ ദൃശ്യ സന്ദേശമെത്തി : ഹെലോ, അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ആദ്യ ഹോം മത്സരത്തിന് സാക്ഷ്യം വഹിക്കാനാകുമെന്നതില്‍ ഞാനേറെ ആഹ്ലാദവാനാണ്. സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ കളിക്കാരെയും ആരാധകരെയും കാണാനുള്ള ആവേശത്തിലാണ്. പിന്നെ കൊല്‍ക്കത്തയുടെ ഫറ്റാഫറ്റി (ഫന്റാസ്റ്റിക് )ഫുട്‌ബോള്‍ കാണാനും.
പെലെയെ ഒക്‌ടോബര്‍ പതിമൂന്നിന് കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരത്തിന് മുഖ്യാതിഥിയായി കൊണ്ടു വരുമെന്ന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, പെലെയുടെ ദൃശ്യസന്ദേശം എത്തിയതോടെ കൊല്‍ക്കത്ത മാത്രമല്ല ഇന്ത്യന്‍ ഫുട്‌ബോള്‍ ഒന്നടങ്കം ആവേശത്തിലാഴ്ന്നു. അത്‌ലറ്റിക്കോ കൊല്‍ക്കത്തയുടെ ടാഗ്‌ലൈനായ ഫറ്റാഫറ്റി (ഫന്റാസ്റ്റിക്) ഫുട്‌ബോള്‍ ഉദ്ദരിച്ചു കൊണ്ടായിരുന്നു പെലെ സന്ദേശം അവസാനിപ്പിച്ചത്.
അടുത്ത മാസം പന്ത്രണ്ടിന് പെലെ കൊല്‍ക്കത്തയിലെത്തും. രണ്ട് ദിവസം ഇവിടെയുണ്ടാകും. 38 വര്‍ഷത്തിന് ശേഷം കൊല്‍ക്കത്തന്‍ മണ്ണിലെത്തുന്ന പെലെ മത്സരം മുഴുവനും കാണും. ഒരു പക്ഷേ, പെലെ മുഴുവന്‍ സമയം ഒരു മത്സരത്തിനിരിക്കുന്നത് സമീപകാലത്തെ അപൂര്‍വ കാഴ്ചയാകും. ബ്രസീലില്‍ പോലും പെലെ തിരക്ക് ഭയന്ന് ക്ലബ്ബ് മത്സരങ്ങള്‍ക്കെത്താറില്ല. 74 വയസായ പെലെയുടെ ആരോഗ്യവും അത്ര മെച്ചമല്ല.
പന്ത്രണ്ടിന് മാധ്യമങ്ങളുമായി പെലെ കൂടിക്കാഴ്ച നടത്തും. കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
രണ്ടായിരത്തില്‍ നൂറ്റാണ്ടിന്റെ താരമായി പെലെയെ ഫിഫ തിരഞ്ഞെടുത്തിരുന്നു.

സീക്കോ എന്നെ ഗോവയില്‍ എത്തിച്ചു : ലൂസിയോ

സീക്കോ ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഐ എസ് എല്ലില്‍ കളിക്കില്ലായിരുന്നു. ബ്രസീലിലോ യൂറോപ്പിലോ ക്ലബ്ബ് ഫുട്‌ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. സീക്കോ ക്ഷണിച്ചതോടെ എഫ് സി ഗോവയുമായി കരാറിലെത്തി – ബ്രസീലിന്റെ മുന്‍ നായകന്‍ ലൂസിമര്‍ ഫെറേറ ഡ സില്‍വ എന്ന ലൂസിയോയുടെ വാക്കുകള്‍.
മുപ്പത്തേഴുകാരന്‍ ഏറെ പ്രതീക്ഷയോടെയാണ് ടൂര്‍ണമെന്റിനെ നോക്കിക്കാണുന്നത്. വളരെ പെട്ടെന്ന് ശ്രദ്ധയാകര്‍ഷിച്ച ചാമ്പ്യന്‍ഷിപ്പാണിത്. ഇത്തവണ എഫ് സി ഗോവക്ക് വലിയ സാധ്യതയുണ്ട്. ദുബൈയിലെ പരിശീലന സെഷന്‍ വളരെ മികച്ചതായിരുന്നു- ലൂസിയോ പറഞ്ഞു.
കഴിഞ്ഞ ദിവസം വാസ്‌കോയിലെ തിലക് മൈതാനില്‍ ടീമിനെ പരിചയപ്പെടുത്തിയ ചടങ്ങില്‍ സംബന്ധിക്കവെയാണ് ലൂസിയോ മാധ്യമങ്ങളോട് മനസ് തുറന്നത്. കഴിഞ്ഞ രണ്ട് സീസണും ബ്രസീലിലെ സാവോ പോളോ, പാല്‍മെറാസ് ക്ലബ്ബുകളിലായിരുന്നു ലൂസിയോ.
കഴിഞ്ഞ അഞ്ച് മാസമായി ഫുട്‌ബോളില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുന്നു. എന്നാല്‍, എഫ് സി ഗോവക്കൊപ്പം കഴിഞ്ഞ മൂന്നാഴ്ചയായി പരിശീലനം നടത്തിയ ലൂസിയോ ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടുണ്ട്. 2002 ല്‍ ലോകകപ്പ് നേടിയ ബ്രസീല്‍ ടീമിന്റെ പ്രതിരോധ നിരയില്‍ ലൂസിയോയുടെ കരുത്തുണ്ടായിരുന്നു.
പരിശീലന മത്സരങ്ങളില്‍ ഒരു ജയം, രണ്ട് സമനില, തോല്‍വി എന്നതാണ് എഫ് സി ഗോവയുടെ റെക്കോര്‍ഡ്. എന്നാല്‍, പ്രീ സീസണ്‍ പരിശീലന മത്സരങ്ങളുടെ ഫലം ഒരു ടീമിനെ അളക്കാനുള്ള മാനദണ്ഡമല്ലെന്ന് ലൂസിയോ ഓര്‍മിപ്പിക്കുന്നു.

പൂനെയെ നയിക്കുന്നത് ഐവറിയുടെ ബുദ്ധികേന്ദ്രം

പൂനെ എഫ് സിയെ നയിക്കാന്‍ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഐവറികോസ്റ്റിന്റെ മുന്‍ സൂപ്പര്‍ താരം ദിദിയര്‍ സൊകോറ. റുമാനിയന്‍ മാര്‍ക്വു താരം അഡ്രിയാന്‍ മൂട്ടുവിനെ മറികടന്നാണ് ആഫ്രിക്കന്‍ താരം പൂനെയുടെ ക്യാപ്റ്റനായത്. മുപ്പത്തിനാലുകാരന്റെ പരിചയ സമ്പന്നതക്ക് നൂറ് മാര്‍ക്കാണ്. ഐവറികോസ്റ്റിനായി ഏറ്റവുമധികം മത്സരങ്ങള്‍ക്കിറങ്ങിയ താരമാണ് സൊകോറ. ഐവറി ചരിത്രത്തിലാദ്യമായി 2006 ലോകകപ്പ് യോഗ്യത നേടുമ്പോള്‍ സൊകോറ ടീമിലെ പ്രധാനിയായിരുന്നു. മിഡ്ഫീല്‍ഡില്‍ നിന്ന് സൊകോറ നല്‍കിയ പാസുകളില്‍ ലോകോത്തര സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബ നേടിയ ഗോളുകള്‍ക്ക് കണക്കില്ല. പൂനെ എഫ് സിയില്‍ മൂട്ടുവിന്റെ ഗോളടിക്ക് ചുക്കാന്‍ പിടിക്കുക സൊകോറയാകുമെന്നതില്‍ എതിരഭിപ്രായമില്ല.
ക്രിക്കറ്റിന് ഒന്നാം സ്ഥാനമുള്ള ഇന്ത്യയില്‍ ഫുട്‌ബോളിനായി ചിലതെല്ലാം ചെയ്യാന്‍ തനിക്കാകുമെന്ന് സൊകോറ വിശ്വസിക്കുന്നു. ഐ എസ് എല്‍ ജയിക്കാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. പൂനെ എഫ് സിക്ക് അതിനുള്ള ആള്‍ബലവും പ്രതിഭാനിരയുമുണ്ട്- സൊകോറ പറയുന്നു.
മുന്‍ ഫ്രഞ്ച് രാജ്യാന്തര താരം ജീന്‍ മാര്‍ക് ഗുല്ലോയുടെ ശ്രമഫലമായി ഐവറികോസ്റ്റ് ക്ലബ്ബായ അസെക് മിമോസാസില്‍ ആരംഭിച്ച യൂത്ത് അക്കാദമിയാണ് സൊകോറയെ പോലുള്ള താരങ്ങളെ ലോകത്തിന് സമ്മാനിച്ചത്. ഇതേക്കുറിച്ച് സൊകോറക്ക് ഏറെ പറയാനുണ്ട്.
ജീന്‍ മാര്‍കിന്റെ ടാറ്റൂ ദേഹത്ത് പതിപ്പിച്ചാണ് സൊകോറ തന്റെ കൂറ് പ്രകടിപ്പിക്കുന്നത്. 1999 ല്‍ അസെക് മിമോസ് ആഫ്രിക്കന്‍ സൂപ്പര്‍ കപ്പ് ചാമ്പ്യന്‍മാരായത് യൂത്ത് അക്കാദമിയിലൂടെ വളര്‍ന്നു വന്ന ഒരു പുതുനിരയുടെ കരുത്തിലായിരുന്നു. ഇന്നിപ്പോള്‍, യായ ടുറെ, ഗെര്‍വീഞ്ഞോ, റൊമാറിക്, ഇമ്മാനുവല്‍ എബോ, കാലോ സഹോദരന്‍മാര്‍ എല്ലാം മിമോസാസിന്റെ സംഭാവനയാണ്.
അതേ മിമോസാസിന്റെ പ്രിയ പുത്രന്‍ ഇത്തവണ ഐ എസ് എല്ലില്‍ തീ പാറിക്കാനൊരുങ്ങുന്നു.

അത്‌ലറ്റിക്കോ മോഹന്‍ ബഗാന്റെ ഗ്രൗണ്ടില്‍

പരിശീലനത്തിന് ഗ്രൗണ്ട് ലഭിക്കാത്തതിനെ ചൊല്ലി അനിശ്ചിതത്വങ്ങള്‍ ഇല്ലെന്ന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഉടമകളിലൊരാളായ സഞ്ജീവ് ഗോയങ്ക. അതെവിടെ നിന്നോ പൊട്ടിമുളച്ച ആശങ്കയാണ്. അതേക്കുറിച്ച് തനിക്കൊന്നും അറിയില്ല. സ്‌പെയ്‌നിലെ പ്രീ സീസണ്‍ പരിശീലനം കഴിഞ്ഞ് ടീം കൊല്‍ക്കത്തയിലെത്തിയപ്പോഴായിരുന്നു സാള്‍ട്ട് ലേക്ക് സ്റ്റേഡിയം പരിശീലനത്തിനായി ലഭിക്കുന്നതില്‍ തടസം നേരിട്ടത്.
എന്നാല്‍, മോഹന്‍ ബഗാന്റെ ഗ്രൗണ്ടില്‍ അത്‌ലറ്റിക്കോ ടീം പരിശീലനം ആരംഭിച്ചതായി ഗോയങ്ക അറിയിച്ചു. അടുത്ത മാസം എട്ട് മുതല്‍ക്ക് സാള്‍ട്ട്‌ലേക്കിലേക്ക് പരിശീലനം മാറ്റുകയും ചെയ്യും.
സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായത് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയിലെ അദ്ദേഹത്തിന്റെ കര്‍മനിരതയെ ബാധിക്കില്ല. ഗാംഗുലി ടീമിന്റെ പ്രധാന ഭാഗമാണ്. അദ്ദേഹത്തിന്റെ കൂടി തീരുമാനങ്ങള്‍ ഞങ്ങള്‍ക്ക് വളരെ പ്രധാനമാണ് – ഗോയങ്ക പറഞ്ഞു.
ഐ എസ് എല്ലില്‍ നിന്നുള്ള ലാഭത്തെ കുറിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ല. ഏതൊരു ബിസിനസിനും സമയം അനിവാര്യമാണ്. ചിലപ്പോള്‍ രണ്ടാം സീസണ്‍ മുതല്‍ക്ക്, അല്ലെങ്കില്‍ നാലോ അഞ്ചോ സീസണില്‍ ലാഭം വന്നു തുടങ്ങും- ഗോയങ്ക പറഞ്ഞു.
ഒക്‌ടോബര്‍ 13നാണ് അത്‌ലറ്റിക്കോയുടെ ഹോം മത്സരങ്ങള്‍ ആരംഭിക്കുന്നത്. 100, 200, 250, 400, 1250, 5000 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍.