Connect with us

Sports

ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് പ്രസിഡന്റ്; മമതയെ ഭയന്ന് അതൃപ്തി ഉയരുന്നില്ല

Published

|

Last Updated

ന്യൂഡല്‍ഹി: ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സി എ ബി) പ്രസിഡന്റ് പദവിയില്‍ സൗരവ് ഗാംഗുലി. ക്രിക്കറ്റ് പ്രേമികളെല്ലാം ആഹ്ലാദിക്കുന്നുവെങ്കിലും സി എ ബിയിലെ തലമുതിര്‍ന്നവര്‍ അതൃപ്തരാണ്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ എതിര്‍ക്കാന്‍ ഭയമുള്ളതു കൊണ്ട് മാത്രം എതിര്‍പ്പിന്റെ സ്വരം ഉയരുന്നില്ല.
ജഗ്‌മോഹന്‍ ഡാല്‍മിയ അന്തരിച്ചതോടെയാണ് സി എ ബിയുടെ പുതിയ പ്രസിഡന്റായി ഗാംഗുലിയെ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രഖ്യാപിച്ചത്. ഇതാകട്ടെ, ക്രിക്കറ്റ് അസോസിയേഷന്റെ കൂട്ടായ തീരുമാനമാണെന്നായിരുന്നു മമത ബാനര്‍ജി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
എന്നാല്‍, അടുത്തിടെ മാത്രം സി എ ബിയുടെ ജോയിന്റ് സെക്രട്ടറി പദവിയിലെത്തിയ സൗരവ് ഗാംഗുലി ട്രഷറര്‍ ആയ ബിശ്വരൂപ് ദേയെ പോലുള്ളവരെ മറികടന്നാണ് പ്രസിഡന്റ് കസേരയിലെത്തുന്നത്. ദീര്‍ഘകാലമായി ബിശ്വരൂപ് ബംഗാള്‍ ക്രിക്കറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. ഡാല്‍മിയയുടെ പിന്‍ഗാമിയായി ബിശ്വരൂപ് വരുമെന്നായിരുന്നു സി എ ബി വൃത്തങ്ങളില്‍ സംസാരം. എന്നാല്‍, ക്രിക്കറ്റിലും ഫുട്‌ബോളിലും ഒരു പോലെ മേല്‍വിലാസമുള്ള സൗരവ് ഗാംഗുലിയുടെ ജനപ്രിയതക്കാണ് മമത ബാനര്‍ജി മൂല്യം കണ്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഗാംഗുലിയെ ഉയര്‍ത്തിക്കൊണ്ടു വരാനുള്ള ദീദിയുടെ ആദ്യ ചുവടായിട്ടാണ് സി എ ബി പ്രസിഡന്റ് സ്ഥാനത്തെ എതിര്‍പാളയം നോക്കിക്കാണുന്നത്.
ബിശ്വരൂപ് ദേയുടെ പ്രതികരണമറിയാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും വിവാദ പരാമര്‍ശമൊന്നുമുണ്ടായില്ല. മുഖ്യമന്ത്രിയുടെ തീരുമാനമാണിത്, അതിനെ എതിര്‍ത്തുകൊണ്ട് മറ്റൊരഭിപ്രായം ഉയരേണ്ടതില്ലെന്നായിരുന്നു ബിശ്വരൂപിന്റെ മറുപടി.
ക്രിക്കറ്റിനെ കുറിച്ച് എനിക്ക് വലിയ പിടിപാടില്ല, പക്ഷേ സ്‌പോര്‍ട്‌സിനെ ഞാനിഷ്ടപ്പെടുന്നു.
അവര്‍ക്കൊരു പ്രശ്‌നം വരുമ്പോള്‍ എല്ലാ സഹായവും ചെയ്തു കൊടുക്കാറുണ്ടെന്ന് മാത്രം – മമത ബാനര്‍ജിയുടെ മറുപടി ഇപ്രകാരമായിരുന്നു.

---- facebook comment plugin here -----

Latest