Connect with us

Kerala

മന്ത്രി സി എന്‍ ബാലകൃഷ്ണനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി

Published

|

Last Updated

കൊച്ചി: കണ്‍സ്യൂമര്‍ഫെഡിലെ അഴിമതിക്കാരെ വകുപ്പുമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ സംരക്ഷിക്കുകയാണെന്ന് കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. രണ്ട് വിജിലന്‍സ് റിപ്പോര്‍ട്ടുകള്‍ നേരത്തെ സമര്‍പ്പിക്കപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത മന്ത്രിയാണ് സഹകരണ വകുപ്പ് ഭരിക്കുന്നത്. അതിനാല്‍ വിജിലന്‍സ് അന്വേഷണം കൊണ്ട് കാര്യമില്ല. സി ബി ഐ അന്വേഷണം തന്നെയാണ് വേണ്ടത്. ഈ ആവശ്യം പാര്‍ട്ടി വേദികളിലും ഉന്നയിക്കും. കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള കേസില്‍ വേണ്ടിവന്നാല്‍ കക്ഷിചേരുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ജോയി തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ പിന്‍വലിച്ച് ക്ഷമാപണം നടത്തിയില്ലെങ്കില്‍ രണ്ട് കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്ന് അനില്‍കുമാര്‍ പറഞ്ഞു. ജോയി തോമസിന്റെ പിടിപ്പുകേടാണ് സ്ഥാപനത്തെ തകര്‍ത്തത്. കട്ടതു കൈയില്‍ വെച്ച് വഴിയെ പോകുന്നവരെ കള്ളനെന്ന് വിളിക്കുകയാണ്. ജോയി തോമസിനെ സംരക്ഷിക്കുന്നത് സി എന്‍ ബാലകൃഷ്ണനും രമേശ് ചെന്നിത്തലയും ചേര്‍ന്നാണോ എന്ന ചോദ്യത്തിന്, അത് തനിക്കറിയില്ല എന്നായിരുന്നു പ്രതികരണം.

Latest