Connect with us

Sports

താഹിറിനെ സൂക്ഷിച്ചോ... ടീം ഇന്ത്യക്ക് സച്ചിന്റെ മുന്നറിയിപ്പ്

Published

|

Last Updated

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരക്ക് മുന്നോടിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുള്‍ക്കറുടെ മുന്നറിയിപ്പ്. ദക്ഷിണാഫ്രിക്കന്‍ ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറിനെ സൂക്ഷിക്കണമെന്നാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ മുന്നറിയിപ്പ് നല്‍കിയത്.
ഒമ്പത് മാസത്തെ ഇടവേളക്ക് ശേഷം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ തിരിച്ചെത്തുന്ന ഇമ്രാന്‍ താഹിര്‍ ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ നാശം വിതയ്ക്കാന്‍ ശേഷിയുള്ള കളിക്കാരനാണെന്ന് സച്ചിന്‍ പറയുന്നു. എന്നാല്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് അദ്ദേഹത്തെ നന്നായി കൈകാര്യം ചെയ്യാനറിയാം. കരുത്തരായ ടീമാണ് ദക്ഷിണാഫ്രിക്ക. എ ബി ഡിവില്ലിയേഴ്‌സ്, ഹാഷിം അംല എന്നിവര്‍ ബാറ്റിംഗിലും ഡെയ്ന്‍ സ്റ്റെയ്ന്‍, മോണെ മോര്‍ക്കല്‍ എന്നിവര്‍ ബൗളിംഗിലും അവരുടെ കരുത്താണ്. ഇന്ത്യയിലെ സ്പിന്‍ സാഹചര്യം മുതലെടുക്കാന്‍ സാധിക്കുന്ന ഇമ്രാന്‍ താഹിറിന്റെ സാന്നിധ്യം ദക്ഷിണാഫ്രിക്കക്ക് മുതല്‍ക്കൂട്ടാകും. ഇപ്പോഴത്തെ ഇന്ത്യന്‍ ടീം ഏറെ ശക്തരാണ്. ഒത്തിണക്കമുള്ളവരും വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പ്രാപ്തരുമാണവര്‍. തുല്ല്യശക്തരായ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടുമ്പോള്‍ മികച്ച പോരാട്ടം പ്രതീക്ഷിക്കാം. അത് ക്രിക്കറ്റിന് ശരിക്കുമൊരു വിരുന്നായിരിക്കും. അതിനായാണ് താന്‍ കാത്തിരിക്കുന്നതെന്നും സച്ചിന്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയുമായി ഈഡന്‍ ഗാര്‍ഡനില്‍ നടന്ന ഹീറോ കപ്പ് സെമി ഫൈനല്‍ തനിക്ക് മറക്കാനാകില്ലെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അന്‍പത് ഓവറില്‍ 195 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കക്ക് 193 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. അവസാന പന്ത് വരെ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസ്സിലായില്ലെന്നും ഉജ്ജ്വല മുഹൂര്‍ത്തമാണ് ആ മത്സരം തനിക്ക് സമ്മാനിച്ചതെന്നും ലിറ്റില്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
മൂന്ന് ട്വന്റി ട്വന്റി മത്സരങ്ങളും അഞ്ച് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടത്തിലുള്ളത്. ഒക്‌ടോബര്‍ രണ്ടിന് ധര്‍മശാലയില്‍ വെച്ച് നടക്കുന്ന ട്വന്റി ട്വന്റി മത്സരത്തോടെ പരമ്പരക്ക് തുടക്കമാകും. ബെംഗളൂരു നാഷനല്‍ ക്രിക്കറ്റ് അക്കാദമിയില്‍ വെച്ച് ഇന്ത്യയുടെ പരിശീലന ക്യാമ്പ് നടന്നുകൊണ്ടിരിക്കുകയാണ്.