Connect with us

Sports

ശശാങ്ക് മനോഹര്‍ ബി സി സി ഐ തലപ്പത്തേക്ക്

Published

|

Last Updated

മുംബൈ: ശശാങ്ക് മനോഹര്‍ വീണ്ടും ബി സി സി ഐ പ്രസിഡന്റായേക്കുമെന്ന് സൂചന. ബി സി സി ഐ മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ശരദ് പവാര്‍ തുടങ്ങിയവര്‍ ഇത് സംബന്ധിച്ച് ധാരണയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പവാറിന്റെ വിശ്വസ്തന്‍ കൂടിയാണ് ശശാങ്ക് മനോഹര്‍. ഉടന്‍ തന്നെ ബി സി സി ഐയുടെ പുതിയ തലവനെ പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ പ്രസിഡന്റായിരുന്ന ജഗ്‌മോഹന്‍ ഡാല്‍മിയയുടെ പെട്ടെന്നുള്ള മരണമാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍ പ്രസിഡന്റുമാരായ എന്‍ ശ്രീനിവാസനും ശരദ് പവാറും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഏവര്‍ക്കും സ്വീകാര്യനെന്ന നിലയില്‍ ഇവര്‍ ശശാങ്ക് മനോഹറിനെ പിന്തുണക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2008 മുതല്‍ 2011 വരെ മനോഹര്‍ ബി സി സി ഐ പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്.
സംശുദ്ധ ട്രാക്ക് റെക്കോര്‍ഡുള്ള ഒരാളെ പ്രസിഡന്റായി വേണമെന്ന ധാരണയിലാണ് ജെയ്റ്റ്‌ലിയും പവാറും എത്തിയതെന്നാണ് അറിയുന്നത്. ഇത് “മിസ്റ്റര്‍ ക്ലീന്‍” എന്നറിയപ്പെടുന്ന മനോഹറിന്റെ സാധ്യതകള്‍ വര്‍ധിപ്പിച്ചു. ബി സി സി ഐയില്‍ എന്‍ ശ്രീനിവാസന്റെ കടുത്ത വിമര്‍ശകരിലൊരാളായാണ് മനോഹര്‍ അറിയപ്പെടുന്നത്. ബി സി സി ഐ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിന് ശ്രീനിവാസനുമായി യാതൊരു കൂട്ടുകെട്ടിനുമില്ലെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Latest