Connect with us

Ongoing News

പെലെയെ സാക്ഷിനിര്‍ത്തി കപ്പടിക്കാന്‍ തയ്യാര്‍; മലപ്പുറം എം എസ് പി സ്‌കൂള്‍ ഡല്‍ഹിക്ക്

Published

|

Last Updated

മലപ്പുറം: കഴിഞ്ഞ വര്‍ഷം സുബത്രോ കപ്പില്‍ കൈവിട്ട കിരീടം തിരിച്ച് പിടിക്കാന്‍ മലപ്പുറം എം എസ് പി സ്‌കൂള്‍ ടീം ഇന്ന് ഡല്‍ഹിയിലേക്ക്. ടീം ബസ് മാര്‍ഗം കോയമ്പത്തൂരിലേക്കും അവിടെ നിന്ന് വിമാനമാര്‍ഗം ഡല്‍ഹിയിലേക്കും പറക്കും. കേരളത്തെ പ്രതിനിധീകരിക്കുന്ന എം എസ് പിക്ക് ഈ മാസം 30ന് ഉത്തരാഖണ്ഡുമായാണ് ആദ്യ മത്സരം.
ഡല്‍ഹിയിലെ അബേദ്കര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റിന് ഇത്തവണ ഇതിഹാസ താരം പെലെ കളിച്ചു വളര്‍ന്ന ബ്രസീലിലെ സാന്റോസ് അക്കാദമിയടക്കം എത്തുമെന്ന പ്രത്യേകത കൂടിയുണ്ട്. കൂടാതെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അക്കാദമി, ഏഷ്യന്‍ ശക്തികളായ ഇറാന്‍, കൊറിയ, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍ ടീമുകളും മത്സരിക്കാനെത്തും. അണ്ടര്‍-17 വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഫൈനല്‍ വരെയെത്തിയ എം എസ് പി ടീമിലെ ടി രാഹുല്‍, എസ് രാജില്‍ എന്നിവര്‍ മാത്രമാണ് ഇത്തവണ ടീമിലുള്ളത്. കൂടാതെ പുതുമുഖങ്ങളായ അജില്‍ രാജന്‍ (ഗോള്‍കീപ്പര്‍), മുഹമ്മദ് ഫാരിസ്, ബിബിന്‍ ബോബന്‍, ടി എ അക്ബര്‍, ഗിഫ്റ്റി ഗ്രേഷ്യസ്, സജാദ്, ഷഹജാസ്, ദേവാംഗ്, എം അര്‍ജുന്‍ എന്നിവരും ആദ്യ ഇലവനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികവുറ്റ ടീമാണ് ഇത്തവണ കളത്തിലിറങ്ങുകയെന്ന് പരിശീലകന്‍ ബിനോയ് സി ഡെയിംസ് പറഞ്ഞു. ഡല്‍ഹിയിലെ ഇപ്പോഴത്തെ കാലാവസ്ഥയുമായി പൊരുത്തപ്പെടാന്‍ വേണ്ടി എം എസ് പി ടീം മൂന്നാറില്‍ 15 ദിവസം കഠിന പരിശീലനം നടത്തിയിരുന്നു. മുമ്പ് രണ്ട് തവണ സുബ്രതോ കപ്പിന്റെ ഫൈനലിലെത്തിയ എം എസ് പിക്ക് നിര്‍ഭാഗ്യം കൊണ്ടാണ് കിരീടം നഷ്ടപ്പെട്ടത്. 2012ല്‍ ഉക്രൈനില്‍ നിന്നുള്ള ഫുട്‌ബോള്‍ അക്കാദമിയോടും കഴിഞ്ഞ വര്‍ഷം ബ്രസീലില്‍ നിന്നുള്ള സ്‌കൂള്‍ ടീമിനോടും അവസാന നിമിഷം വരെ പൊരുതി കീഴടങ്ങുകയായിരുന്നു.
പരിശീലനത്തിന്റെ ഭാഗമായി, ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ കിരീടം നേടിയ പോലീസിന്റെ പഴയ പടക്കുതിരകളായ ഐ എം വിജയന്‍, യു ശറഫലി, സി വി പാപ്പച്ചന്‍ തുടങ്ങിയവര്‍ അണിനിരന്ന വെറ്ററന്‍സ് ടീമിനോടും നിലവിലെ എം എസ് പി ടീമിനോടും കൂടാതെ യു എ യില്‍ നിന്നുള്ള ക്ലബ്ബിനോടും എം എസ് പി ടീം മത്സരിച്ചിരുന്നു. സുബത്രോ കപ്പിലെ അണ്ടര്‍-14 വിഭാഗത്തില്‍ അഫ്ഗാനെ തോല്‍പ്പിച്ച് മിസോറാം ജേതാക്കളായി. ബ്രസീലിന്റെ സൂപ്പര്‍ താരം റോബോര്‍ട്ടോ കാര്‍ലോസിനെ സാക്ഷി നിര്‍ത്തിയായിരുന്നു മിസോറാം ടീം 3-2ന് ജയിച്ച് കയറിയത്. ഈ വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ചെത്തിയ കോഴിക്കോട് ഫറൂഖ് സ്‌കൂള്‍ ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. അണ്ടര്‍-17 വിഭാഗം പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളായണി എസ് എ എം ജി എം ആര്‍ സ്‌കൂള്‍ ടീമാണ് പങ്കെടുക്കുന്നത്. അടുത്ത മാസം 16ന് നടക്കുന്ന അണ്ടര്‍-17 വിഭാഗം ബോയ്‌സ് ഫൈനല്‍ മത്സരം കാണാന്‍ ഫുട്‌ബോള്‍ ഇതിഹാസ താരം പെലെ എത്തുന്നുണ്ട്. പെലെയെ സാക്ഷി നിര്‍ത്തി സ്‌കൂള്‍ ഫുട്‌ബോള്‍ കിരീടം നേടുകയെന്ന ഒരറ്റ ലക്ഷ്യം മാത്രം കാലില്‍ ആവാഹിച്ച് കളം നിറഞ്ഞ് കളിക്കാനുള്ള ഒരുക്കത്തിലാണ് എം എസ് പിയിലെ ചുണക്കുട്ടികള്‍.

---- facebook comment plugin here -----

Latest