Connect with us

Kozhikode

ആറ് റോഡുകളുടെ രണ്ടാംഘട്ട നവീകരണ പ്രവൃത്തി തുടങ്ങി

Published

|

Last Updated

കോഴിക്കോട്: ഒറ്റത്തവണ പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 7.8 കോടി രൂപ ചെലവില്‍ നഗരത്തിലെ 6 റോഡുകളുടെ രണ്ടാംഘട്ട പ്രവൃത്തി തുടങ്ങി. ഈസ്റ്റ് കല്ലായിയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ഡോ എം കെ മുനീര്‍ ഉദ്ഘാടനം ചെയ്തു.
ജയില്‍റോഡ്, ചിന്താവളപ്പ്-ചാലപ്പുറം റോഡ്, പി വി സാമി റോഡ്, പുതിയപാലം ചാലപ്പുറം റോഡ്, പുതിയപാലം- മൂരിയാട് റോഡ്, ചാലപ്പുറം- ഈസ്റ്റ് കല്ലായി റോഡ് എന്നിവയാണ് നവീകരിക്കുന്നത്. ഇതുള്‍പ്പെടെ കോഴിക്കോട് നഗരസഭാ പരിധിയിലെ 19 റോഡുകളാണ് 40 കോടി രൂപാ ചെലവില്‍ ഒറ്റത്തവണ നവീകരണ പദ്ധതിയില്‍ ഉള്‍പ്പെട്ടത്.
ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് റോഡുകളുടെ പ്രവൃത്തി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി ഡോ എം കെ മുനീര്‍ പറഞ്ഞു. ഫ്രൈഡേ ക്ലബ്ബ് മുതല്‍ കല്ലായി റോഡ് വരെ ഇന്റര്‍ലോക്ക് ചെയ്യാന്‍ എം എല്‍ എ ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് ആറു റോഡുകളുടേയും നവീകരണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്നത്. ചടങ്ങില്‍ എം ടി പത്മ അധ്യക്ഷത വഹിച്ചു. കെ യു ആര്‍ ഡി എഫ് സി ചെയര്‍മാന്‍ കെ മെയ്തീന്‍ കോയ, സി ഡി എ. ചെയര്‍മാന്‍ എന്‍.സി അബൂബക്കര്‍, കൗണ്‍സിലര്‍മാരായ പി വി അവറാന്‍, കെ പി അബ്ദുളളകോയ, വാര്‍ഡ് കണ്‍വീനര്‍ എന്‍ ഉദയകുമാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്‍ വി ഹബീബ് റഹ്മാന്‍, അസി.എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പി ടി സന്തോഷ്‌കുമാര്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ പി കെ രഞ്ജി, വി റാസിഖ്, സി ടി സക്കീര്‍ ഹുസൈന്‍ സംസാരിച്ചു.