Connect with us

Editorial

മേനകയുടെ വഴിയെ ഡി ജി പിയും

Published

|

Last Updated

തെരുവ്‌നായ്ക്കളെ കൊല്ലുന്നത് സംബന്ധിച്ചു ഡി ജി പി. ടി പി സെന്‍കുമാര്‍ ഇറക്കിയ ഉത്തരവ് വിവാദമായിരിക്കുകയാണ്. തെരുവ് പട്ടികളെ കൂട്ടത്തോടെ കൊല്ലുന്നത് കര്‍ശനമായി തടയണമെന്നും ഇതിനെ നിയമപരമായി നേരിടണമെന്നുമാണ് ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡി ജി പി നല്‍കിയ സര്‍ക്കുലറില്‍ ആവശ്യപ്പടുന്നത്. അവയെ പിടികൂടുന്നതും കൊല്ലുന്നതും കുറ്റകരമാണെന്നും ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിന്റെ ഉത്തരവിനെ അടിസ്ഥാനമാക്കി പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. പെരുമ്പാവൂരില്‍ നായ ഉന്മൂലന സമിതി തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കിയ പശ്ചാത്തലത്തിലാണ് ഡി ജി പിയുടെ ഉത്തരവ്. സമിതി ഭാരവാഹികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുമുണ്ട്. എന്നാല്‍ ഇത് കാര്യമാക്കാതെ ഗാന്ധി ജയന്തി ദിനത്തില്‍ പ്രദേശത്തെ തെരുവ് നായ്കളെ കൂട്ടത്തോടെ കൊല്ലുമെന്നുമാണ് സമിതി ഭാരവാഹികളുടെ പ്രഖ്യാപനം.
മേനകാ ഗാന്ധിയെ പോലെ വിവരക്കേട് പറയരുതായിരുന്നു ഡി ജി പി സെന്‍കുമാര്‍. നായ്ക്കളെ സംരക്ഷിക്കലല്ല, മനുഷ്യന്റെ സംരക്ഷണമാണ് പോലീസിന്റെ ഉത്തരവാദിത്വം. മറ്റേത് ജീവികളേക്കാളും വലുതാണ് മനുഷ്യജീവന്‍. അതിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാമെന്ന് 2006ല്‍ ഹൈക്കോടതി വിധിച്ചതാണ്. ഈ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ആനിമല്‍ വെല്‍ഫയര്‍ കൗണ്‍സില്‍ സമര്‍പ്പിച്ച ഹരജി ഈ മാസം 17ന് സുപ്രീം കോടതി നിരസിക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേര്‍ ദിനംപ്രതി നായകളുടെ ആക്രമണത്തിന് ഇരയാകുന്നന്നതായി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം കണക്കിലെടുത്താണ് സുപ്രീംകോടതി ഈ നിലപാടെടുത്തത്. അപകടകാരികളായ തെരുവ് നായ്ക്കളെയും പേപ്പട്ടികളേയും നശിപ്പിക്കാന്‍ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ജൂലൈ ഒമ്പതിന് തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെടുകയും അത്തരം നായ്ക്കളെ കൊല്ലാന്‍ നിയമതടസമില്ലെന്നു വകുപ്പ് സെക്രട്ടറി അറിയിക്കുകയും ചെയ്തതാണ്. എന്നിട്ടും ഡി ജി പി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത,് സര്‍ക്കാര്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ അഭിപ്രായപ്പെട്ടത് പോലെ കേവലം പബ്ലിസിറ്റിക്ക് വേണ്ടിയല്ലെങ്കില്‍ മറ്റെന്ത് താത്പര്യമാണ് അതിന് പിന്നിലുള്ളത്? നിയമങ്ങളും ചട്ടങ്ങളും കോടതികളും തെരുവ്‌നായ്ക്കളെ കൊല്ലാന്‍ അനുവാദം നല്‍കിയിരിക്കെ, അങ്ങനെ ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന ഡി ജി പിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണ്.
തെരുവുനായ്ക്കള്‍ കാരണം കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനോ കുഞ്ഞുങ്ങള്‍ക്ക് വീടിനു പുറത്ത് കളിക്കാനോ കഴിയാത്ത അവസ്ഥയാണ് ഇന്ന് സംസ്ഥാനത്തെങ്ങും. നായ്ക്കളുടെ ആക്രമണത്തില്‍ മാരകമായ പരുക്കേറ്റവര്‍ ആയിരക്കണക്കിന് വരും. സര്‍ക്കാര്‍ ആശുപത്രികളിലെ കണക്കനുസരിച്ചു മാത്രം സംസ്ഥാനത്ത് 2014-15 വര്‍ഷത്തില്‍ 90234 പേര്‍ക്ക് തെരുവ് നായകളുടെ കടിയേല്‍ക്കുകയുണ്ടായി. യഥാര്‍ഥ കണക്ക് ഇതിനുമെത്രയോ മുകളിലാണ്. നിലവില്‍ സംസ്ഥാനം അഭിമുഖീകരിക്കുന്ന മുഖ്യപ്രശ്‌നമായി മാറിയിരിക്കുകയാണ് തെരുവ്‌നായശല്യം.
തെരുവിലലയുന്ന എല്ലാ ജീവികളെയും കൊന്നൊടുക്കാനല്ല കേരള ജനത ആവശ്യപ്പെടുന്നത്. പേപ്പട്ടികളെയും മനുഷ്യനെ ഉപദ്രവിക്കുന്ന നായ്ക്കളെയും മാത്രം കൊല്ലാനാണ്. ഇവയെയും കൊല്ലരുതെന്നാണ് മൃഗസ്‌നേഹികളുടെ നിലപാടെങ്കില്‍, തെരുവിലെ നായ്ക്കളെയെല്ലാം പിടിച്ചു കൊണ്ടുപോയി അവര്‍ സംരക്ഷിക്കട്ടെ. വെറുതെ മൃഗസ്‌നേഹം പ്രസംഗിച്ചതു കൊണ്ടായില്ല. അത് നടപ്പാക്കാന്‍ മുന്നോട്ടുവരണം. ആഡംബരക്കാറുകളില്‍ സഞ്ചരിക്കുകയും മണിമാളികകളില്‍ താമസിക്കുകയും ചെയ്യുന്നവര്‍ക്ക് ഒരു പക്ഷേ, തെരുവ്‌നായ ശല്യത്തിന്റെ രൂക്ഷതയും ഗൗരവവും മനസ്സിലാകണമെന്നില്ല. കോതമംഗലത്തു നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പിഞ്ചുകുഞ്ഞിന്റെ നായകടിച്ചു വികൃതമാക്കിയ മുഖം കണ്ടിട്ടും തെരുവ് നായ്ക്കള്‍ക്ക് വേണ്ടി വാദിക്കുന്ന മനുഷ്യരെക്കുറിച്ചെന്ത് പറയാന്‍!
മുന്‍കാലങ്ങളില്‍ തെരുവ്‌നായ്ക്കളെ കൊന്നൊടുക്കിയാണ് തദ്ദേശ സ്ഥാപനങ്ങള്‍ ജനങ്ങളെ അവയുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷിച്ചിരുന്നത്. തെരുവ്‌നായ്ക്കളെ കൊല്ലാന്‍ ഇപ്പോഴും നിയമതടസ്സമില്ലെങ്കിലും ഉദ്യോഗസ്ഥ മേലാളന്മാരുടെ തലതിരിഞ്ഞ ഉത്തരവും മൃഗസ്‌നേഹികളുടെ വാചകമടിയും കാരണം തദ്ദേശ സ്ഥാപനങ്ങള്‍ അതിന് വിമുഖത കാണിക്കുകയാണ്. ജനങ്ങള്‍ സംഘടിച്ചു നായ്ക്കളെ കൊല്ലാന്‍ ഇറങ്ങിത്തിരിച്ചതിന്റെ സാഹചര്യമിതാണ്. ജനങ്ങളെ സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉദാസീനത കാണിക്കുകയോ പരാജയപ്പെടുകയോ ചെയ്യുമ്പോള്‍ നിയമം കൈയിലെടുക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകും. പെരുമ്പാവൂര്‍ സ്വദേശികള്‍ പോലീസിന്റെ ഉത്തരവിനും കേസുകള്‍ക്കും പുല്ലു വില പോലും കല്‍പ്പിക്കാതെ നായ ഉന്മുലന പദ്ധതിയുമായി മുന്നോട്ട് പോകുന്നത് സര്‍ക്കാറിനൊരു താക്കീതാണ്. ബന്ധപ്പെട്ടവര്‍ ഇനിയും ഉണരുന്നില്ലെങ്കില്‍ മറ്റു പ്രദേശക്കാരും ഈ വഴി തേടാന്‍ നിര്‍ബന്ധിതരാകും.

Latest