Connect with us

Kerala

ബാര്‍കോഴ: സ്വകാര്യ അഭിഭാഷകന്റെ നിയമോപദേശം തെറ്റായ നടപടി: വിജിലന്‍സ് കോടതി

Published

|

Last Updated

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് ഡയരക്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി തിരുവനന്തപുരം വിജിലന്‍സ് കോടതി. മന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കിയെന്ന് കോടതി പറഞ്ഞു. ഡയറക്ടര്‍ അഭിപ്രായം മാത്രമാണ് പറഞ്ഞതെന്ന വിജിലന്‍സിന്റെ വാദം പൂര്‍ണമായും തള്ളിയാണ് കോടതിയുടെ ഇടപെടല്‍. ബാര്‍കോഴ കേസിന്റെ പ്രോസിക്യൂഷന്‍ വാദം നടക്കവേയാണ് തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ പരാമര്‍ശം.
കേസില്‍ കുറ്റാരോപിതനായ മന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലന്‍സ് ഡയരക്ടര്‍ വില്‍സന്‍ എം പോള്‍ കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. കോടതിയില്‍ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടിനൊപ്പമുള്ള കത്തില്‍ ഇക്കാര്യം കൃത്യമായി വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു. പ്രഥമവിവര റിപ്പോര്‍ട്ട് പൊളിച്ചെഴുതി മന്ത്രിയായ മാണിയെ കുറ്റവിമുക്തനാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തന്നെ കര്‍ശന നിര്‍ദേശം നല്‍കുകയായിരുന്നെന്നായിരുന്നു കോടതിയുടെ പരാമര്‍ശം.
ബാര്‍കോഴ കേസില്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം പോള്‍ കേസ് ഡയറി കണ്ട ശേഷം അഭിപ്രായം പറയുക മാത്രമാണ് ചെയ്തതെന്ന വിജിലന്‍സ് വാദം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി കേസില്‍ എസ് പിക്കും ഡയറക്ടര്‍ക്കും തുല്യ അധികാരമാണെന്ന വിജിലന്‍സ് വാദവും തള്ളി. അന്വേഷണത്തിന്റെ പൂര്‍ണ ചുമതല എസ് പി ആര്‍ സുകേശന് മാത്രമാണെന്ന് കോടതി വ്യക്തമാക്കി.
മന്ത്രി കെ എം മാണിക്ക് കോഴ നല്‍കിയെന്ന ശാസ്ത്രീയ തെളിവുകള്‍ ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയെ സാധൂകരിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. മന്ത്രി മാണിയുമായി അവസാനം കൂടിക്കാഴ്ച നടത്തിയതിന്റെ തൊട്ടുമുമ്പുള്ള ദിവസം രാത്രി ഒമ്പത് മണിക്ക് ശേഷമാണ് തിരുവനന്തപുരത്ത് എത്തിയതെന്നായിരുന്നു വിജിലന്‍സ് രേഖപ്പെടുത്തിയ രാജ്കുമാര്‍ ഉണ്ണിയുടെ മൊഴി. എന്നാല്‍ രാജ്കുമാര്‍ ഉണ്ണിയുടെ മൊബൈല്‍ ടവര്‍ ഈ സമയത്ത് രാത്രി എട്ടുമണി മുതല്‍ തന്നെ നഗരത്തില്‍ പഴയങ്ങാടി പ്രദേശത്തുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. അങ്ങനെയെങ്കില്‍ അമ്പിളി പറയുന്ന മൊഴിയാണ് ശാസ്ത്രീയ തെളിവുകളുമായി കൂടുതല്‍ സാധൂകരിക്കുന്നത്. ഈ സാഹചര്യത്തില്‍ അമ്പിളിയുടെ മൊഴി തെളിവുകളുടെ അടിസ്ഥാനത്തില്‍ അവിശ്വസിക്കാനാവില്ലെന്നും കോടതി വിലയിരുത്തി.
പ്രോസിക്യൂഷന്‍ വാദം നടക്കവെ വാക്കാലായിരുന്നു വിജിലന്‍സ് ഡയരക്ടര്‍ക്കെതിരെ കോടതിയുടെ രൂക്ഷമായ ഭാഷയിലുള്ള വിമര്‍ശം. വിജിലന്‍സ് കോടതിയുടെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ ബാര്‍കോഴ കേസിന്റെ വരും ദിവസങ്ങളിലെ പ്രോസിക്യൂഷന്‍ നടപടികളുടെ കോടതി നിരീക്ഷണം വന്‍പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് നിയമ വിദഗ്ധര്‍ വിലയിരുത്തുന്നു.

Latest