Connect with us

Editorial

മോഷ്ടാക്കള്‍ വാഴും നാട്

Published

|

Last Updated

കവര്‍ച്ചക്കാരുടെ വാഴ്ചയാണിപ്പോള്‍ കേരളത്തില്‍. സംസ്ഥാനത്തെ ബേങ്കുകളെല്ലാം ഭീതിയിലാണ്. ജ്വല്ലറി ഉടമകളുടെ ഉറക്കവും നഷ്ടപ്പെട്ടിരിക്കുന്നു. വീടു പൂട്ടി പുറത്തിറങ്ങിയാല്‍ തിരിച്ചെത്തുമ്പോള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടിരിക്കും. തസ്‌കര ശല്യം മൂലം തീവണ്ടി യാത്രയും സുരക്ഷിതമല്ലാതായിരിക്കുന്നു. കാസര്‍കോട്ട് ബേങ്ക് കവര്‍ച്ചാ വാര്‍ത്തയുടെ ചൂറാടും മുമ്പാണ് ചെറുവത്തൂരിലെ വിജയ ബാങ്ക് ശാഖയില്‍ 7.5 കോടി രൂപയുടെ കൊള്ള നടന്നത്. കഴിഞ്ഞ ദിവസം തൃശുര്‍ വടക്കേക്കാട്ട് പ്രവാസി വ്യവസായി തടത്തില്‍ കുഞ്ഞുമുഹമ്മദിന്റെ വീട്ടില്‍ വന്‍ കവര്‍ച്ച നടന്നു. കുഞ്ഞുമുഹമ്മദും കുടുംബവും ദുബൈ സന്ദര്‍ശനത്തിലായിരിക്കെ 500 പവന്‍ സ്വര്‍ണാഭരങ്ങളും 50 ലക്ഷം രൂപയുടെ വജ്രാഭരണങ്ങളുമാണ് വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടത്.
അതിവൈദഗ്ധ്യം നേടിയ സംഘങ്ങള്‍ വളരെ ആസൂത്രിതമായാണ് ഈ കവര്‍ച്ചകളെല്ലാം നടത്തിയത്. കുഡ്‌ലു ബേങ്കില്‍ അഞ്ചംഗ സംഘം കവര്‍ച്ചക്കെത്തിയത് പട്ടാപ്പകലായിരുന്നു. ഉച്ചക്ക് പുരുഷന്മാരായ ജീവനക്കാരെല്ലാം പുറത്ത് പോയ തക്കം നോക്കി ബൈക്കുകളിലെത്തിയ തസ്‌ക്കര സംഘം വനിതാ ജീവക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബന്ദികളാക്കി കവര്‍ച്ച നടത്തുകയായിരുന്നു. ഞൊടിയിടയില്‍ അവര്‍ സ്ഥലം വിടുകയും ചെയ്തു. 2007ല്‍ മലപ്പുറം ചേലേമ്പ്രയില്‍ നടന്ന കവര്‍ച്ചയെ അനുസ്മരിപ്പിക്കുന്ന വിധം ബേങ്കിന്റെ സ്‌ട്രോംഗ് റൂമിന്റെ കോണ്‍ക്രീറ്റ് തറ തുരന്നായിരുന്നു ചെറുവത്തൂരിലെ മോഷണം. ബേങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറികള്‍ വാടകക്കെടുത്താണ് മോഷ്ടാക്കള്‍ കൃത്യം നടത്തിയത്. ദിവസങ്ങളോളം ബേങ്കും പരിസരവും നിരീക്ഷിച്ചാണ് കവര്‍ച്ച ആസൂത്രണം ചെയ്യുന്നത്. ചില സംഭവങ്ങളില്‍ ബേങ്ക് ജീവനക്കാരുടെ പരോക്ഷമായ സഹായവുമുണ്ടെന്നാണ് അടുത്തിടെ മണപ്പുറം ഫിനാന്‍സിന്റെ തമിഴ്‌നാട്ടിലെ ഡിണ്ടിഗല്‍ ശാഖയില്‍ നടന്ന കവര്‍ച്ച വ്യക്തമാക്കുന്നത്. അഞ്ച് കോടി രൂപ നഷ്ടപ്പെട്ട ഈ കവര്‍ച്ചവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായവരില്‍ ബേങ്ക് മാനേജറും അക്കൗണ്ടന്റും ഉള്‍പ്പെടുന്നുണ്ട്.
സംസ്ഥാനത്തെ ക്രസമാധാന തകര്‍ച്ചയും ജയില്‍ സംവിധാനങ്ങളിലെ പാകപ്പിഴവുമാണ് കവര്‍ച്ചയുടെ പെരുപ്പത്തിന് പ്രധാന കാരണം. അപൂര്‍വം ചില കേസുകളിലൊഴിച്ച് മിക്കതിലും പ്രതികള്‍ ആദ്യമായി കവര്‍ച്ച നടത്തുന്നവരല്ലെന്നും ചെറുകിട മോഷണങ്ങളിലൂടെ നേരത്തെ തന്നെ ഈ രംഗത്ത് പയറ്റിത്തെളിഞ്ഞവരാണെന്നും അന്വേഷണോദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ജയിലില്‍ വെച്ചാണത്രെ പലര്‍ക്കും കൂടുതല്‍ പരിശീലനം കിട്ടുന്നത്. വിവിധ കേസുകളില്‍ പ്രതികളായി ജയിലിലെത്തുന്നവര്‍ അവിടെ ഒരു ക്രിമിനല്‍ കൂട്ടായ്മ രൂപപ്പെടുത്തുന്നു. തങ്ങളുടെ ആദ്യ ശ്രമം എന്തുകൊണ്ട് പരാജയപ്പെട്ടുവെന്ന് ജയിലില്‍ സഹ തടവുകാരുമായി അവര്‍ ചര്‍ച്ച നടത്തും. പിന്നീട് അവര്‍ പുറത്തിറങ്ങുന്നത് ആദ്യത്തെ കവര്‍ച്ചയിലെ പോരായ്മകള്‍ പരിഹരിച്ചു വിജയകരമായി മറ്റൊരു കവര്‍ച്ച നടത്താനുള്ള പദ്ധതി മനസ്സില്‍ വെച്ചായിരിക്കും. ചേലേമ്പ്ര കേസിലെ ശിവജി ഉള്‍പ്പെടെ പല പ്രതികളും ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്. ജയിലുകള്‍ കേവലം ശിക്ഷാ സംവിധാനമല്ല, കുറ്റവാളികളുടെ മനഃപരിവര്‍ത്തനത്തിനുള്ള വേദികള്‍ കൂടിയായിരിക്കണമെന്നാണ് സങ്കല്‍പമെങ്കിലും നമ്മുടെ ജയിലറകള്‍ ചെറിയ കുറ്റവാളികളെ കൊടുംകുറ്റവാളികളാക്കി പരിവര്‍ത്തിപ്പിക്കുകയാണ്.
സിനിമകളാണ് വന്‍ കവര്‍ച്ചകള്‍ക്ക് മറ്റൊരു കാരണം. ചേലമ്പ്ര സഹകരണ ബേങ്ക് കവര്‍ച്ചയില്‍ പിടിയിലായ പ്രതികള്‍ പോലീസിന് മൊഴി നല്‍കിയില്‍ നിന്ന് ഇത് വ്യക്തമാണ്. ധൂം എന്ന ഹിന്ദി സിനിമയിലെ കവര്‍ച്ച അനകരിക്കുകയായിരുന്നു പ്രതികള്‍ അവിടെ. ഹരിയാനയിലെ ഗോഹാന ടൗണ്‍ഷിപ്പില്‍ കഴിഞ്ഞ ഒക്‌ടോബറില്‍ പഞ്ചാബ് നാഷനല്‍ ബേങ്ക് കൊള്ളക്ക് പ്രചോദനവും ഇതേ സിനിമയായിരുന്നു. സ്‌ട്രോങ് റൂമിലേക്ക് 125 അടി നീളത്തില്‍ തുരങ്കമുണ്ടാക്കിയാണ് അവിടെ മോഷ്ടാക്കള്‍ സ്വര്‍ണവും പണവും കവര്‍ന്നത്. സിനിമ പോലെയുള്ള വിനോദ മാധ്യമങ്ങള്‍ മനുഷ്യന്റെ ഉത്തമ വാസനകളെ പരിപോഷിപ്പിക്കുന്നതിന് പകരം അധമവാസനകള്‍ക്ക് വളമേകുകയാണ്.
കവര്‍ച്ചാ സംഘങ്ങള്‍ക്ക് ചില പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം, പിടിയിലാകുന്ന പ്രതികള്‍ രാഷ്ട്രീയ സ്വാധീനത്തില്‍ നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുന്ന സാഹചര്യം, ബേങ്കുകളിലെ സുരക്ഷാ വീഴ്ച, വീടുകള്‍ പൂട്ടി പുറത്തുപോകുമ്പോള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ കാണിക്കുന്ന അശ്രദ്ധ, രാഷ്ട്രീയ- ഉദ്യോഗസ്ഥ മേഖലകളില്‍ അഴിമതിയും പൊതുമുതല്‍ കൊള്ളയും വര്‍ധിച്ചിരിക്കെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ പാപവും മോശവുമാണെന്ന ബോധം സമൂഹത്തിന് നഷ്ടമാകുന്ന സ്ഥിതിവിശേഷം തുടങ്ങി കവര്‍ച്ചയുടെയും കുറ്റകൃത്യങ്ങളുടെയും വ്യാപനത്തിന് പിന്നില്‍ മറ്റു പല ഘടകങ്ങളുമുണ്ട്. കേവലം പോലീസ്, കോടതി നടപടികള്‍ കൊണ്ട് മാത്രം ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് പൂര്‍ണമായി പരിഹാരം കാണാനായെന്നു വരില്ല. എങ്കിലും സര്‍ക്കാറും നിയമപാലകരും ജാഗ്രത്തായാല്‍ വലിയൊരളവോളം പരിഹരിക്കാനാകും. ചേലേമ്പ്ര കവര്‍ച്ച പോലെയുള്ള ചില കേസുകള്‍ തെളിയിക്കുന്നതില്‍ പോലീസ് കാണിച്ച സാമര്‍ഥ്യം അഭിനന്ദിക്കപ്പെടേണ്ടതുമാണ്.