Connect with us

Articles

പ്രിയപ്പെട്ട മധുരക്കുട്ടാപ്പിക്ക്...

Published

|

Last Updated

എന്റെ അയല്‍വാസിയാണ് കുട്ടാപ്പി. നാട്ടുകാര്‍ അവനെ മധുരക്കുട്ടാപ്പിയെന്ന് വിളിക്കുന്നതെന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ന്റുപ്പാപ്പക്കൊരാനണ്ടാര്‍ന്നു എന്ന് പറഞ്ഞപോലെ, കുട്ടാപ്പിക്കൊരു നായയുണ്ടായിരുന്നു. എന്നുകരുതി പണ്ടക്കും പണ്ടേ അവര്‍ നായക്കാരൊന്നുമായിരുന്നില്ല. അടുത്ത വീട്ടിലുള്ള ഒരാള്‍ രാത്രി കറങ്ങിത്തിരിഞ്ഞ് വന്നപ്പോള്‍ വഴിവക്കില്‍ കണ്ട നായക്കുട്ടിയെ വാരിവലിച്ചെടുത്ത് കൊണ്ടുവന്ന് കുട്ടാപ്പിക്ക് കൊടുക്കുകയായിരുന്നു. അവര്‍ പാലും തേനുമൊക്കെ ഒഴിവാക്കി വീട്ടില്‍ മിച്ചം വരുന്നതും പുളിച്ചുമണക്കുന്നതുമായ ഐറ്റംസുകള്‍ നല്‍കി അവനെ വളര്‍ത്തി.
വീട്ടില്‍ ഒരു നായയെ വളര്‍ത്തുന്നതിലുള്ള ന്യായാന്യായങ്ങള്‍ അയല്‍ക്കാര്‍ ദിവസവും ചര്‍ച്ച ചെയ്തുകൊണ്ടിരുന്നു. ഇതൊന്നും നായ അറിയുന്നുണ്ടായിരുന്നില്ല. അവന്റെ വളര്‍ച്ച പെട്ടെന്നായിരുന്നു.
ഒരു ദിവസം രാത്രി അവന്‍ നിര്‍ത്താതെ കുരയ്ക്കുന്നത് കേട്ട് എല്ലാവരും ഞെട്ടിയുണര്‍ന്നു. ഏതാണ്ടെല്ലാ കമ്പനികളുടെയും ടോര്‍ച്ചിന്റെ വെളിച്ചം ഒരേ സമയം പല വീടുകളില്‍ നിന്നായി നായക്ക് നേരെ നീണ്ടു. ഉറക്കം നഷ്ടപ്പെടുത്തിയതിന്റെ ഈറയും കുരച്ചതിന്റെ കാരണമറിയാനുള്ള ആകാംക്ഷയുമൊക്കെ വെളിച്ചത്തോടൊപ്പം ഉരുണ്ടുകളിക്കുന്നുണ്ടായിരുന്നു. ടോര്‍ച്ച് വെളിച്ചത്തില്‍ വീടിന് പുറത്തിറങ്ങാതെ കള്ളനെ തിരഞ്ഞ ഞങ്ങള്‍ കണ്ടത് ഒരു കൂട്ടം പന്നികളെയാണ്. അത് കണ്ടിട്ടാണ് നായ ചുമച്ചത്. കാലങ്ങളായി തങ്ങളുടെ കൃഷികള്‍ നശിപ്പിക്കുന്ന കാട്ടുപന്നികളെ പലരും അന്നാണ് നേരിട്ട് കാണുന്നത്. നട്ടപ്പാതിരക്ക് കൈയില്‍ മൊബൈലൊന്നും ഇല്ലാതിരുന്നതിനാല്‍ പലര്‍ക്കും പന്നിയോടൊപ്പമുള്ള സെല്‍ഫിയെടുക്കാന്‍ പറ്റിയില്ല. നായയുടെ കുര കൊണ്ടും ടോര്‍ച്ചിന്റെ വെളിച്ചം കൊണ്ടും പന്നിക്കൂട്ടം തിരിച്ചു കാട്ടിലേക്ക് കയറി.
നായ വളര്‍ത്തലിലെ അന്യായങ്ങള്‍ നിരത്തിയിരുന്ന ബഡായിക്കാര്‍ അന്നുമുതല്‍ നായകളെ വളര്‍ത്തേണ്ടതിന്റെ ആവശ്യകതകള്‍ വിളമ്പാന്‍ തുടങ്ങി. കാലങ്ങളായി കൃഷിയിടങ്ങളില്‍ പന്നിയിറങ്ങിയതറിയുന്നത് നേരം വെളുക്കുമ്പോഴാണ്. അപ്പോഴേക്കും അവിടെ നിയമസഭ പോലെ ആയിട്ടുണ്ടാകും. കേടുവരാത്തതായിട്ട് ഒന്നുമുണ്ടാകില്ല.
കൃഷി നശിപ്പിക്കാന്‍ വരുന്ന പന്നികള്‍ ഗര്‍ഭിണികളോ പ്രായം തികയാത്തവരോ ആണെങ്കില്‍ അവയെ കൊല്ലാന്‍ പാടില്ലെന്നായിരുന്നല്ലോ. നട്ടപ്പാതിരക്ക് വയസ്സ് തെളിയിക്കുന്ന രേഖകള്‍ കിട്ടാനും പന്നികള്‍ ഗര്‍ഭിണികളാണോ എന്നറിയാന്‍ ചുറ്റുവട്ടത്ത് ഗൈനക്കോളജിസ്റ്റോ സ്‌കാനിംഗ് സെന്ററുകളോ ഇല്ലാതിരുന്നതിനാലും ഉള്ള ബുദ്ധിമുട്ട് കാരണം ഞങ്ങളാരും പന്നികളെ കൊല്ലാറുണ്ടായിരുന്നില്ല.
ഇപ്പോള്‍ എല്ലാവര്‍ക്കും സന്തോഷമായി. രാത്രി ദൂരെ പന്നിയുടെ അനക്കം കേള്‍ക്കുമ്പോള്‍ തന്നെ നായ കുരയ്ക്കാന്‍ തുടങ്ങും. ടോര്‍ച്ച് ലൈറ്റുകള്‍ തെളിയും. പന്നികള്‍ തടി സലാമത്താക്കും. അങ്ങനെ അനീസയും നബീസാത്തയും സുബൈദയുമൊക്കെ പന്നിയെ പേടിച്ച് നിര്‍ത്തിവെച്ചിരുന്ന പച്ചക്കറി കൃഷി പുനഃരാരംഭിച്ചു. നായയോടുള്ള അയല്‍വാസികളുടെ അമിതമായ സ്‌നേഹം കൊണ്ട് പഴകിയതും പുളിച്ചതുമായ പലതും നായ തിന്നാന്‍ നിര്‍ബന്ധിതനായി.
പക്ഷേ, ഒരു ദിവസം നേരം പുലര്‍ന്നപ്പോഴാണ് സങ്കടപ്പെടുത്തുന്ന ആ വാര്‍ത്ത ഞങ്കളറിഞ്ഞത്. നായയെ കാണാനില്ല. ആരും അടിച്ചോണ്ട്‌പോകാന്‍ തരമില്ലല്ലോ. കെട്ടഴിഞ്ഞ് പോയതാകും. വീണുകിട്ടിയ ഗ്യാപ്പില്‍ അതിയാന്‍ എക്‌സിറ്റടിച്ച് രക്ഷപ്പെട്ടതാകും. ഉള്‍ക്കാട്ടിലെവിടെയോ നിന്ന് പന്നികള്‍ പടക്കം പൊട്ടിച്ച് ആഹ്ലാദം പ്രകടിപ്പിക്കുന്നത് കേട്ടെന്ന് ഉമ്മയ്യത്താത്ത പറയുന്നു.
ഒരാഴ്ച കഴിഞ്ഞു. വൈകുന്നേരം പോസ്റ്റുമാന്‍ ഒരു കത്തുമായി മധുരക്കുട്ടാപ്പിയുടെ വീട്ടിലെത്തി. കത്തിലെ ഫ്രം അഡ്രസ് കണ്ട അവന്‍ അയല്‍വാസികളെയെല്ലാം വിളിച്ചുകൂട്ടി. കത്ത് പൊട്ടിച്ച് വായിച്ചു തുടങ്ങി.
പ്രിയപ്പെട്ട അയല്‍ക്കാരേ, നിങ്ങള്‍ എന്നെക്കാണാതെ വിഷമിച്ചിരിക്കുകയാണെന്നറിയാം. പക്ഷേ, എനിക്ക് നിങ്ങളെ കാണാഞ്ഞിട്ട് ഒരു വിഷമവുമില്ല എന്നറിയക്കട്ടെ. ഞാന്‍ പുറത്തുണ്ടല്ലോ എന്ന ധൈര്യത്തില്‍ നിങ്ങളെന്നും സുഖമായുറങ്ങി. പന്നികള്‍ ഇറങ്ങുമ്പോള്‍ നിങ്ങളെ കുരച്ചുണര്‍ത്തി. അല്ല, അറിയാന്‍ പാടില്ലാഞ്ഞിട്ട് ചോദിക്കുവാ, ഞാന്‍ നിങ്ങളുടെ ആരാ, കാവല്‍ പട്ടിയോ?
24 മണിക്കൂറും നിങ്ങളെന്നെ കെട്ടിയിട്ടു. നിങ്ങളുടെ വീട്ടിലെ പഴകിപ്പുളിച്ച സാധനങ്ങല്‍ മുഴുവന്‍ എന്നെക്കൊണ്ട് തീറ്റിച്ചു. നിങ്ങളില്‍ പലരും പല വട്ടം ഊട്ടിയിലും മൈസൂരുമൊക്കെ പോയി. ഒരു വട്ടം പോലും എന്നെ കൊണ്ടുപോയില്ലല്ലോ. അനീസയുടെ വീട്ടിലെ നാലു ദിവസം മുമ്പുള്ള ഇഡ്ഡലി വരെ എനിക്ക് കഴിക്കേണ്ടിവന്നിട്ടുണ്ട്. ഒരിക്കലും ഒരു നായയെയും നിങ്ങളിങ്ങനെ ചെയ്യരുത്.
തെരുവില്‍ നിന്ന് നിങ്ങളെന്നെ എടുത്ത് വളര്‍ത്തി. ഒടുവിലിതാ എന്റെ ലോകമായ തെരുവിലേക്ക് തന്നെ ഞാന്‍ എത്തിയിരിക്കുന്നു. ഇവിടെ ഞാന്‍ രാജാവിനെപ്പോലെയാണ് കഴിയുന്നത്. ഇഷ്ടം പോലെ ചങ്ങാതിമാരുണ്ട്. വിശപ്പനുഭവിച്ച് ഒരു ചങ്ങലക്കെട്ടില്‍ നിങ്ങളുടെ എച്ചിലിന് വേണ്ടി ഇപ്പോഴെനിക്ക് കാത്തുനില്‍ക്കേണ്ട. നേരം വെളുക്കുന്നതിന് മുമ്പെ കോഴിയുടെ കുടല്‍ മാലയും മറ്റും മനോഹരമായ കവറുകളിലാക്കി പൊതിഞ്ഞ് ആളുകള്‍ കാറില്‍ വന്ന് എറിഞ്ഞുതരും. വയര്‍ നിറയെ കഴിച്ചാലും ബാക്കിയാണ്. തൊഴില്‍ സാധ്യത കണ്ട് മനുഷ്യര്‍ കേരളത്തിലേക്കെത്തുന്നതുപോലെ ഇവിടുത്തെ നിരത്തുകളിലെ അനന്ത സാധ്യതകള്‍ കണ്ട് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും വരെ പട്ടികള്‍ എത്തുന്നുണ്ട്.
ഒന്ന് അര്‍മാദിക്കാന്‍ തോന്നിയാല്‍ ഏതെങ്കിലും അംഗന്‍വാടിയിലേക്കോ സ്‌കൂളിലേക്കോ ഓടിക്കയറാം. അലറിക്കരയുന്ന കുട്ടികളെയിട്ട് അമ്മാനമാടാം. അവരുടെ ഇളം മാംസം കടിച്ചുകീറാം. അവര്‍ക്കൊന്നും മരം കയറാനറിയാത്തതുകൊണ്ട് എന്നെപ്പോലുള്ളവര്‍ക്ക് അതൊരു തീം പാര്‍ക്ക് പോലെയാണ്. മാത്രമല്ല അപ്പിയിടണമെന്ന് തോന്നിയാല്‍ ഏത് സര്‍ക്കാര്‍ ഓഫീസ് വരാന്തയിലേക്കും എനിക്ക് കയറിച്ചെല്ലാം. മിക്കവാറും ഇത് വൃത്തിയാക്കാനായിട്ട് സര്‍ക്കാര്‍ ഒരു വകുപ്പ് തന്നെ ഉണ്ടാക്കുന്നുണ്ടെന്നാണ് കേട്ടത്.
ഇതുവരെ മുത്തെന്നോ ടൈഗറെന്നോ സ്‌നേഹത്തോടെ നിങ്ങളെന്നെ വിളിച്ചിട്ടില്ല. എന്നാല്‍, ഇവിടെ തെരുവില്‍ ഞങ്ങളെ സ്‌നേഹിക്കാനും ഞങ്ങള്‍ക്ക് വേണ്ടി പാര്‍ലിമെന്റില്‍ വരെ തലതല്ലിക്കരയാനും വരെ ആള്‍ക്കാരുണ്ട്.
ഞങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന എല്ലാവരെയും നമ്പാന്‍ പറ്റില്ലെന്നറിയാം. ആളുകളുടെ കൈയും കാലും കടിച്ചുപറിച്ച് വെറുതെ നേരം കളയുന്ന പാവം തെരുവ് നായ്ക്കള്‍ക്ക് വേണ്ടി കൈകാലിട്ടടിക്കുന്ന ഒരുത്തിയെ ഞാന്‍ കണ്ടിരുന്നു കൊച്ചിയില്‍. ഒരു താങ്ക്‌സ് പറയാന്‍ അവരുടെ അടുത്തേക്കോടിയപ്പോള്‍ “പട്ടാരടങ്ങാന്‍” എന്ന് ശപിച്ച് ഹുസൈന്‍ബോള്‍ട്ടിനെ തോല്‍പ്പിക്കാനെന്ന പോലെ ഓടുന്നത് ഞാന്‍ കണ്ടതാ. ഹൈ അതൊക്കെ പോകട്ടെ,നിങ്ങളുടെ ഈ പാതി ഉറങ്ങിയ സര്‍ക്കാര്‍ ഉള്ളിടത്തോളം ഏതായാലും പട്ടിണി കിടക്കേണ്ടിവരില്ല എന്നുറപ്പാണ്. തത്കാലം നിര്‍ത്തട്ടെ. ജയ് കോര്‍പറേഷന്‍, ജയ് മേനകാ ഗാന്ധി.

Latest