Connect with us

Sports

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ചെല്‍സി, ആഴ്‌സണല്‍ തോറ്റു ; ബാഴ്‌സക്ക് തിരിച്ചുവരവ് ബയേണ്‍ ഗംഭീരം

Published

|

Last Updated

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ടില്‍ ഇംഗ്ലീഷ് ക്ലബ്ബുകളായ ചെല്‍സിക്കും ആഴ്‌സണലിനും കനത്ത തിരിച്ചടിയേറ്റപ്പോള്‍ ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്ക് തകര്‍പ്പന്‍ ജയത്തോടെ കരുത്തറിയിക്കുകയും ബാഴ്‌സലോണ ഗംഭീര തിരിച്ചുവരവോടെ മികവറിയിക്കുകയും ചെയ്തു. വലന്‍സിയ, സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, ബാറ്റെ ബോറിസോവ്, ഡിനാമോ കീവ് ക്ലബ്ബുകളും ജയിച്ചു. ഇറ്റാലിയന്‍ കരുത്തരായ എ എസ് റോമ അപ്രതീക്ഷിത തോല്‍വിയേറ്റുവാങ്ങി.
പോര്‍ച്ചുഗല്‍ ക്ലബ്ബ് എഫ് സി പോര്‍ട്ടോ 2-1നാണ് ചെല്‍സിയെ ഞെട്ടിച്ചത്. ബ്രാസ് ആന്‍ഡ്രെ മുപ്പത്തൊമ്പതാം മിനുട്ടിലും മെയ്‌കോണ്‍ അമ്പത്തിരണ്ടാം മിനുട്ടിലും പോര്‍ട്ടോക്കായി സ്‌കോര്‍ ചെയ്തു. ചെല്‍സിയുടെ ഗോള്‍ വില്ലെയിന്‍ ഫ്രീ കിക്കിലൂടെ നേടി.
ആദ്യപകുതിയിലെ ഇഞ്ചുറി ടൈമിലായിരുന്നു വില്ലെയ്‌നിലൂടെ ചെല്‍സി സമനില പിടിച്ചത്. പോയ സീസണില്‍ പ്രീമിയര്‍ ലീഗിലെ മികച്ച താരമായ ബെല്‍ജിയം അറ്റാക്കര്‍ എദെന്‍ ഹസാദിനെ കോച്ച് മൗറിഞ്ഞോ പുറത്തിരുത്തിയത് അതിശയിപ്പിക്കുന്നതായി. ഗ്രൂപ്പ് ജിയില്‍ നാല് പോയിന്റോടെ പോര്‍ട്ടോയും ഡിനാമോ കീവും ആദ്യ രണ്ട് സ്ഥാനങ്ങളില്‍. മക്കാബി ടെല്‍ അവീവിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഡിനാമോ കീവ് തോല്‍പ്പിച്ചത്.
ആഴ്‌സണല്‍ ഹോംഗ്രൗണ്ടിലാണ് തോറ്റത്. ഗ്രീക്ക് ക്ലബ്ബ് ഒളിമ്പ്യാകോസ് 3-2ന് വീഴ്ത്തി. പാഡ്രോയും ഫിന്‍ബൊഗാസനും ഒളിമ്പ്യാകോസിനായി ലക്ഷ്യം കണ്ടു. ഒരു ഗോള്‍ ആഴ്‌സണല്‍താരം ഒസ്പിനയുടെ വകയും. വാല്‍കോട്ടും സാഞ്ചസുമാണ് ആഴ്‌സണലിനായി സ്‌കോര്‍ ചെയ്തത്.
ബയേണ്‍ മ്യൂണിക് 5-0നാണ് ഡിനാമോ സാഗ്രെബിനെ തകര്‍ത്തത്. ഫോം തുടരുന്ന പോളിഷ് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കി ഹാട്രിക്ക് നേടി. ഡഗ്ലസ് കോസ്റ്റയും ഗോസെയുമാണ് മറ്റ് സ്‌കോറര്‍മാര്‍. മൂന്ന് മത്സരത്തിനിടെ പത്ത് ഗോളുകളാണ് ലെവന്‍ഡോസ്‌കി സ്‌കോര്‍ ചെയ്തത്. ഗ്രൂപ്പ് എഫില്‍ ആറ് പോയിന്റോടെ ബയേണ്‍ ഒന്നാംസ്ഥാനത്തും രണ്ട് കളിയും തോറ്റ ആഴ്‌സണല്‍ ഏറ്റവും പിറകിലും. ഒളിമ്പ്യാകോസിനും സാഗ്രെബിനും മൂന്ന് പോയിന്റ് വീതം.ജര്‍മന്‍ ക്ലബ്ബ് ബയെര്‍ ലെവര്‍കൂസനെതിരെ ബാഴ്‌സലോണയുടെ തിരിച്ചുവരവ് രണ്ട് മിനുട്ടിനിടെ രണ്ട് ഗോളടിച്ചു കൊണ്ടായിരുന്നു. ഇരുപത്തിരണ്ടാം മിനുട്ടില്‍ പാപഡോപുലസ് ലെവര്‍കൂസനെ മുന്നിലെത്തിച്ചു. എണ്‍പതാം മിനുട്ടില്‍ പകരക്കാരനായെത്തിയ സെര്‍ജി റോബര്‍ട്ടോ സമനില ഗോള്‍ നേടി. രണ്ട് മിനുട്ടിനുള്ളില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലൂയിസ് സുവാരസിലൂടെ വിജയഗോള്‍. മെസിയില്ലാതെ കളത്തിലിറങ്ങിയ ബാഴ്‌സലോണക്ക് സ്വതസിദ്ധമായ ഒഴുക്കില്ലായിരുന്നു.