Connect with us

Gulf

പെണ്‍കുട്ടികളുടെ സ്വരക്ഷക്ക് കായിക പരിശീലനം നല്‍കാന്‍ സി ബി എസ് ഇ നിര്‍ദേശം

Published

|

Last Updated

ഷാര്‍ജ: വിദ്യാര്‍ഥിനികള്‍ക്ക് സ്വരക്ഷക്ക് കായിക പരിശീലനം നല്‍കാന്‍ സി ബി എസ് ഇ നിര്‍ദേശം നല്‍കി. ഗള്‍ഫ് രാജ്യങ്ങളടക്കമുള്ള വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥിനികള്‍ക്കാണ് കായിക പരിശീലനം നല്‍കാന്‍ സി ബി എസ് ഇ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയത്. സി ബി എസ് ഇയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമായിരിക്കും. ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാലയങ്ങളോടൊപ്പം ഇന്ത്യയിലെ സി ബി എസ് ഇ വിദ്യാലയങ്ങളിലും നിര്‍ദേശം നടപ്പാക്കും. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ സി ബി എസ് ഇയില്‍ നിന്ന് യു എ ഇയിലേതടക്കം ഗള്‍ഫ് മേഖലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും ലഭിച്ചിട്ടുണ്ട്.
ഒന്നു മുതല്‍ പത്താം തരം വരെയുള്ള വിദ്യാര്‍ഥിനികള്‍ക്കാണ് കായിക പരിശീലനം ലഭിക്കുക. വിദഗ്ധരായ കായികാധ്യാപകരായിരിക്കും പരിശീലനം നല്‍കുക. ഒരു പ്രവൃത്തി ദിവസത്തില്‍ ഒരു പിരിയഡ് കായികപരിശീലനത്തിനായി മാറ്റിവെക്കണമെന്ന് സി ബി എസ് ഇ നല്‍കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി. ആഴ്ചയില്‍ ഒരു ദിവസം പെണ്‍കുട്ടികള്‍ക്ക് സ്വയം ശാക്തീകരണത്തിനുള്ള പരിശീലനത്തിനായി നീക്കിവെക്കണമെന്നും നിര്‍ദേശമുണ്ട്. കുട്ടികളുടെ ആരോഗ്യസ്ഥിതിക്ക് അനുസരിച്ചായിരിക്കണം പരിശീലനമെന്നും വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ പ്രായവും ശാരീരിക സ്ഥിതിയും കണക്കിലെടുക്കണം. മികച്ച പരിശീലനമാകണം നല്‍കേണ്ടതെന്നും സര്‍ക്കുലറുകളില്‍ സി ബി എസ് ഇ അധികൃതര്‍ നിര്‍ദേശിച്ചു.
ഇതാദ്യമായാണ് സി ബി എസ് ഇ വിദ്യാര്‍ഥിനികള്‍ക്ക് സ്വരക്ഷക്കുള്ള കായികപരിശീലനം നല്‍കാനുള്ള നിര്‍ദേശം വിദ്യാലയങ്ങള്‍ക്ക് നല്‍കുന്നത്. ഇന്ത്യയിലെ സി ബി എസ് ഇ വിദ്യാലയങ്ങളിലും ഇത്തരം നിര്‍ദേശം നേരത്തെ നല്‍കിയതായി വിവരമില്ല.
ഇന്ത്യയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സി ബി എസ് ഇയുടെ തീരുമാനമെന്ന് കരുതുന്നു. ഡല്‍ഹിയിലടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയായി പെണ്‍കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചിരുന്നു. അതേസമയം യു എ ഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരാണ്. ഇന്ത്യന്‍ വിദ്യാലയങ്ങളില്‍ പഠിക്കുന്നവരില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായതിനാലാവാം ഇത്തരം നടപടിക്ക് സി ബി എസ് ഇ അധികൃതരെ പ്രേരിപ്പിച്ചത്. നാട്ടില്‍ ചെല്ലുമ്പോഴുണ്ടായേക്കാവുന്ന കൈയേറ്റങ്ങളില്‍ നിന്ന് ഇത്തരം പരിശീലനം കൊണ്ട് പെണ്‍കുട്ടികള്‍ക്ക് രക്ഷ നേടാനാകുമെന്നാണ് പ്രതീക്ഷ.

Latest