Connect with us

Gulf

ഇന്ത്യയും യു എ ഇയും സഹകരണം ശക്തമാക്കും

Published

|

Last Updated

ദുബൈ: ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയും യുഎ ഇയും സഹകരണം ശക്തമാക്കുന്നു. യു എ ഇ ബഹിരാകാശ ഏജന്‍സിയുടെ ഉന്നതതല സംഘം ഐ എസ് ആര്‍ ഒ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യു എ ഇ സന്ദര്‍ശന വേളയില്‍ ബഹിരാകാശ ഗവേഷണ മേഖലകളില്‍ പരസ്പരം സഹകരിക്കാന്‍ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് യു എ ഇ സംഘം ഇന്ത്യയിലെത്തിയത്. ഗവേഷണ വിവരങ്ങള്‍ പങ്കുവെക്കാനും ഇരു രാജ്യങ്ങളും ഉദ്ദേശിക്കുന്നുണ്ട്.
യു എ ഇ സ്‌പേസ് ഏജന്‍സി ചെയര്‍മാന്‍ ഡോ.ഖലീഫ അല്‍ റുമൈത്തിയുടെ നേതൃത്വത്തിലുള്ള സംഘം ഐ എസ് ആര്‍ ഒയുടെ വിവിധ സെന്ററുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി. ഇന്ത്യയുടെ മംഗള്‍യാന്‍ ദൗത്യത്തിന്റെ കണ്‍ട്രോള്‍ സെന്ററിലും യു എ ഇ സംഘം സന്ദര്‍ശനം നടത്തി. 2021ല്‍ ചൊവ്വയിലേക്ക് പര്യവേക്ഷണ വാഹനം അയക്കാനുള്ള തയാറെടുപ്പിലാണ് യു എ ഇ. ഇതിനു പുറമേ ഐ എസ് ആര്‍ ഒയുടെ സാറ്റലൈറ്റ് ടെസ്റ്റിംഗ് ആന്‍ഡ് അസംബ്ലിംഗ് യൂണിറ്റും സംഘം സന്ദര്‍ശിച്ചു.
ബഹിരാകാശ ഗവേഷണ രംഗത്ത് ഏറെ മുന്‍നിരയിലുള്ള ഇന്ത്യയുമായി സഹകരിക്കുന്നത് ഈ മേഖലയില്‍ ഏറെ ഗുണം ചെയ്യുമെന്നാണ് യു എ ഇ സ്‌പേസ് ഏജന്‍സിയുടെ വിലയിരുത്തല്‍.