Connect with us

Kerala

ക്വാറി സമരം പിന്‍വലിച്ചു

Published

|

Last Updated

തിരുവനന്തപുരം: ക്വാറി ഉടമകള്‍ രണ്ടാഴ്ചയായി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ആവശ്യങ്ങളില്‍ സര്‍ക്കാറിന്റെ രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് ക്വാറി ഉടമകള്‍ വ്യക്തമാക്കി. എന്നാല്‍, ചെറുകിട ക്വാറികളുടെ കാര്യത്തില്‍ തീരുമാനമായില്ല. ചെറുകിട ക്വാറി ഉടമകള്‍ നടത്തുന്ന സമരം തുടരും. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ക്വാറികള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി ക്വാറി ഉടമകള്‍ അറിയിച്ചു. ക്വാറി ഉടമകളുടെ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിതല സമിതി രൂപവത്കരിക്കാനും തീരുമാനമായി.
ക്വാറി സമരം ശക്തിപ്പെട്ടതോടെ സംസ്ഥാനത്തെ നിര്‍മാണ മേഖല ഏറെക്കുറെ സ്തംഭനാവസ്ഥയിലേക്ക് നീങ്ങിയിരുന്നു. മൂവായിരത്തോളം ചെറുകിട കരിങ്കല്‍ ക്വാറികളും ക്രഷറുകളും അടച്ചതോടെ കൊച്ചി മെട്രോ റെയില്‍വേ, കൊച്ചി എണ്ണശുദ്ധീകരണശാലയുടെ വിപുലീകരണം എന്നിവ പ്രതിസന്ധിയിലായിരുന്നു. കരിങ്കല്‍ മെറ്റല്‍, എം സാന്‍ഡ് എന്നിവ ലഭിക്കാതായതോടെ മറ്റ് സര്‍ക്കാര്‍ പദ്ധതികളും അവതാളത്തിലായിരുന്നു.
ചെറുകിട ക്വാറികളുടെ പ്രവര്‍ത്തനാനുമതിക്ക് ആവശ്യമായ ഇളവ് അനുവദിക്കുക, അഞ്ച് ഹെക്ടറില്‍ താഴെയുള്ള കരിങ്കല്‍ ക്വാറികള്‍ക്ക് പാരിസ്ഥിതികാനുമതി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

Latest