Connect with us

Kerala

പി സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ തെളിവെടുപ്പ് എട്ടിന്

Published

|

Last Updated

തിരുവനന്തപുരം: പി സി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-എം നല്‍കിയ പരാതിയില്‍ ഈ മാസം എട്ടിന് വീണ്ടും തെളിവെടുപ്പ് നടത്തും. ഇന്നലെ ഇതുസംബന്ധിച്ചു നടന്ന തെളിവെടുപ്പില്‍ പി സി ജോര്‍ജും അദ്ദേഹത്തിന്റെ അഭിഭാഷകനും ഹാജരായിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജോര്‍ജിനോടും ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനോടും മാത്രമായി എട്ടിന് രാവിലെ 10ന് ഹാജരാകാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
തന്റെ പരിഗണനയിലിരിക്കുന്ന കൂറുമാറ്റം സംബന്ധിച്ച വിഷയത്തില്‍ അതിലെ തന്നെ എതിര്‍കക്ഷിയായ പി സി ജോര്‍ജ് നിരന്തരമായി തെറ്റിദ്ധാരണാജനകമായ രീതിയില്‍ മാധ്യമങ്ങളില്‍ പ്രസ്താവനകള്‍ നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് സ്പീക്കര്‍ വ്യക്തമാക്കി. ഇത്തരം ആരോപണങ്ങള്‍ക്കെതിരെ സ്പീക്കറിനോ ഓഫിസിനോ പരസ്യമായി പ്രതികരിക്കാന്‍ നിയമപരമായി കഴിയില്ലെന്നതിനാല്‍ ജോര്‍ജിനെ ഇത്തരം പ്രവൃത്തികളില്‍ നിന്നും വിലക്കണമെന്ന് സ്പീക്കര്‍ അദ്ദേഹത്തിന്റെ അഭിഭാഷകരോട് ആവശ്യപ്പെട്ടു. ജോര്‍ജിന് വിശദീകരണം നല്‍കാന്‍ കഴിഞ്ഞ ദിവസം വൈകീട്ട് വരെ സമയം അനുവദിച്ച സാഹചര്യത്തിലാണ് ഇന്നലെ തെളിവെടുപ്പ് തീരുമാനിച്ചിരുന്നത്.
അതേസമയം, ഇന്ന് വിസ്തരിച്ച സാക്ഷികളെ വീണ്ടും വിസ്തരിക്കണമെങ്കില്‍ അതിനുള്ള നടപടിക്രമങ്ങള്‍ ഈമാസം അഞ്ചിന് വൈകീട്ട് നാലിന് മുമ്പ് പൂര്‍ത്തിയാക്കണം. പരാതി നല്‍കിയ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് നേതാവും ഗവ. ചീഫ് വിപ്പുമായ തോമസ് ഉണ്ണിയാടനും പി സി ജോര്‍ജിന്റെ ജൂനിയര്‍ അഭിഭാഷകന്‍ ഷൈജോ ഹസനും ഇന്നലെ തെളിവെടുപ്പിന് ഹാജരായിരുന്നു. അരുവിക്കര ഉപതിരഞ്ഞെടുപ്പിന് അഴിമതി വിരുദ്ധ ജനാധിപത്യ മുന്നണിയുടെ പോസ്റ്റര്‍ അച്ചടിച്ച പ്രസ് ഉടമയും വിഷയത്തില്‍ വാര്‍ത്ത നല്‍കിയ വിവിധ മാധ്യമങ്ങളും ഇന്നലെ സ്പീക്കര്‍ക്ക് മൊഴി നല്‍കി. താന്‍ നല്‍കിയ പരാതിയുടെ പകര്‍പ്പ് തന്നെയാണ് പി സി ജോര്‍ജിനും നല്‍കിയതെന്ന് തോമസ് ഉണ്ണിയാടന്‍ പ്രതികരിച്ചു. പരാതിയില്‍ കൃത്രിമത്വമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് അറിയിച്ചു. അതേസമയം, തോമസ് ഉണ്ണിയാടനെ ക്രോസ് വിസ്താരം നടത്താന്‍ പ്രത്യേക സമയം ആവശ്യമാണെന്ന പി സി ജോര്‍ജിന്റെ ജൂനിയര്‍ അഭിഭാഷകന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചു. ഇതിന്റെ സമയം പിന്നീട് തീരുമാനിക്കും.
അരുവിക്കര ഉപതിരഞ്ഞെടുപ്പില്‍ അഴിമതിവിരുദ്ധ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി കെ ദാസുമൊത്ത് പി സി ജോര്‍ജ് നില്‍ക്കുന്ന പോസ്റ്റര്‍ അച്ചടിച്ചത് തന്റെ പ്രസ്സിലാണെന്ന് പ്രസ് ഉടമ മൊഴി നല്‍കി. അഴിമതിവിരുദ്ധ ജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് കണ്‍വീനറായിരുന്നു തനിക്ക് പോസ്റ്ററിന് ഓര്‍ഡര്‍ നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയിരുന്ന വിവിധ മാധ്യമങ്ങള്‍ തെളിവെടുപ്പില്‍ തങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ കൈമാറി.
ജോര്‍ജ് അഴിമതിവിരുദ്ധ ജനാധിപത്യ മുന്നണി രൂപവത്കരിക്കുകയും സര്‍ക്കാറിനെതിരെ പ്രചാരണ രംഗത്ത് ഇറങ്ങുകയും കെ ദാസിനെ സ്ഥാനാര്‍ഥിയാക്കുകയും ചെയ്തത് കേരളാ കോണ്‍ഗ്രസ്- എം അംഗമായിരിക്കെയായിരുന്നു. ഈ സാഹചര്യത്തിലാണ് കൂറുമാറ്റ നിരോധ നിയമപ്രകാരം പി സി ജോര്‍ജിന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചീഫ് വിപ്പ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. ജോര്‍ജിനെതിരായ പരാതി നിലനില്‍ക്കുന്നതാണെന്ന് സ്പീക്കര്‍ കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇതിനെതിരേ ജോര്‍ജ് നല്‍കിയ ഹരജി ഹൈക്കോടതി തള്ളുകയും സ്പീക്കര്‍ക്ക് നടപടിയുമായി മുന്നോട്ടുപോവാമെന്ന് ഉത്തരവിടുകയും ചെയ്തിരുന്നു.

Latest