Connect with us

National

കള്ളപ്പണം വെളിപ്പെടുത്തല്‍: സര്‍ക്കാറിന് ലഭിച്ചത് 3,770 കോടി

Published

|

Last Updated

ന്യൂഡല്‍ഹി: കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം 3,770 കോടി രൂപ സര്‍ക്കാറിന് ലഭിച്ചതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ്. 638 പേരാണ് വിദേശത്തെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് വെളിപ്പെടുത്താന്‍ സന്നദ്ധരായി മുന്നോട്ടുവന്നത്. നിക്ഷേപകര്‍ക്ക് കണക്കില്‍ പെടാത്ത നിക്ഷേപത്തെകുറിച്ചുള്ള വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്തുന്നതിനാണ് ഒറ്റത്തവണ, ഏകജാലക സംവിധാനമൊരുക്കിയത്. നിക്ഷേപത്തിന്റെ മുപ്പത് ശതമാനം തുക നികുതിയായും മുപ്പത് ശതമാനം തുക പിഴയായും അടക്കണം. ഇതിന് തയ്യാറാകുന്നവരെ കേസില്‍ നിന്ന് ഒഴിവാക്കാമെന്നാണ് ഇളവ്. വിവരങ്ങള്‍ സ്വമേധയാ നല്‍കിയവര്‍ക്ക് ഡിസംബര്‍ 31 വരെ നികുതിയും പിഴയും അടക്കാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലെ കള്ളപ്പണത്തെ കുറിച്ച് വിവരം നല്‍കാന്‍ മൂന്ന് മാസത്തെ സമയമാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. ജൂലൈ ഒന്നിന് ആരംഭിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി സെപ്തംബര്‍ മുപ്പതിനാണ് അവസാനിച്ചത്.
പുതിയ കള്ളപ്പണവിരുദ്ധ നിയമപ്രകാരമാണ് നിക്ഷേപകര്‍ക്ക് കണക്കില്‍ പെടാത്ത നിക്ഷേപത്തെകുറിച്ചുള്ള വിവരങ്ങള്‍ സ്വമേധയാ വെളിപ്പെടുത്തുന്നതിന് അവസരമൊരുക്കിയത്. പദ്ധതി അവസാനിച്ച മുപ്പതിന് പദ്ധതി നടപ്പാക്കുന്ന ഡല്‍ഹിയിലെ ആദായ നികുതി ഓഫീസില്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. അര്‍ധരാത്രി വരെയും വിവരങ്ങള്‍ സ്വീകരിച്ചിരുന്നു.
കള്ളപ്പണം തിരിച്ചുപിടിക്കാന്‍ വരുന്ന ഏപ്രില്‍ മുതല്‍ കര്‍ക്കശമായ നിയമം വരാനിരിക്കെയാണ് ഒറ്റത്തവണ തീര്‍പ്പാക്കലിന് അവസരം നല്‍കിയത്. കള്ളപ്പണം തടയല്‍ ബില്‍ പ്രകാരം പിടിച്ചെടുക്കുന്ന തുകയുടെ തൊണ്ണൂറ് ശതമാനവും പിഴയും അതിന്റെ മുപ്പത് ശതമാനം നികുതിയുമാണ് നല്‍കേണ്ടിവരിക. ക്രിമിനല്‍ നിയമപ്രകാരം നടപടിയും നേരിടേണ്ടിവരും. പത്ത് വര്‍ഷം വരെ തടവും ലഭിക്കാം.
എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടതിനേക്കാളും കുറഞ്ഞ തുക മാത്രമാണ് ലഭിച്ചത്. 6500 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് വെളിപ്പെടുത്തലുണ്ടാകുമെന്നായിരുന്നു മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ അവകാശപ്പെട്ടത്.
കള്ളപ്പണ നിക്ഷേപകരുടെ പേരുവിവരങ്ങള്‍ ലഭ്യമാക്കാന്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ധാരണയില്‍ എത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.

---- facebook comment plugin here -----

Latest