Connect with us

Thiruvananthapuram

പിന്നാക്ക വികസന കോര്‍പറേഷന്റെ കണ്‍സ്യൂമര്‍ വായ്പാ പദ്ധതി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ഗ്രാന്‍ഡ് കേരള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി വീണ്ടും കണ്‍സ്യൂമര്‍ വായ്പാ പദ്ധതി നടപ്പാക്കുന്നു. ഇതിന്റെ ധാരണാപത്രം ടൂറിസം വകുപ്പ് മന്ത്രി എ പി അനില്‍ കുമാറിന്റെ സാന്നിധ്യത്തില്‍ ജി കെ എസ് എഫ് ഡയറക്ടര്‍ കെ എം മുഹമ്മദ് അനിലും, കേരള സ്റ്റേറ്റ് പിന്നാക്ക വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ദിലീപ് കുമാറും തമ്മില്‍ കൈമാറി. ചടങ്ങില്‍ പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ മോഹന്‍ ശങ്കര്‍, വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ പി ഐ ഷെയ്ക് പരീത് ഐ എ എസ്, ജി കെ എസ് എഫ് സംസ്ഥാന കോര്‍ഡിനേറ്റര്‍ വി വിജയന്‍ സംസാരിച്ചു.
സാമൂഹിക കാഴ്ച്ചപ്പാടോടെ കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭിക്കുന്നതിലൂടെ പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പ്രയോജനം ലഭിക്കുമെന്ന് മന്ത്രി എ പി അനില്‍ കുമാര്‍ പറഞ്ഞു. വ്യാപാര രംഗത്തിന്റെ വളര്‍ച്ചക്ക് കൂടി വായ്പ ഉതകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം ആരംഭിച്ച കണ്‍സ്യൂമര്‍ വായ്പാ വ്യാപാരരംഗത്ത് വലിയ ഉണര്‍വാണ് സൃഷ്ടിച്ചത്. ആയിരത്തില്‍പ്പരം അപേക്ഷകള്‍വഴി 11 കോടിയോളം രൂപ ഈ പദ്ധതിയിലൂടെ വിതരണം ചെയ്തു. പ്രീമിയം ഷോപ്പുകളില്‍ നിന്നും ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിന് രണ്ട് ലക്ഷം രൂപ വരെയും മറ്റ് പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട ഗുണഭോക്താവിന് 8% പലിശനിരക്കില്‍ നല്‍കുന്നതുമാണ് ജി കെ എസ് എഫ് കണ്‍സ്യൂമര്‍ ലോ സ്‌കീം.
വാര്‍ഷിക കുടുംബ വരുമാനം ആറ് ലക്ഷം രൂപക്കുള്ളില്‍ വരുന്ന മറ്റ് പിന്നാക്ക ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും സര്‍ക്കാര്‍ അര്‍ധ-സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഈ പദ്ധതി പ്രകാരം വായ്പ എടുക്കാം. 18 മുതല്‍ 55 വയസ്സ് വരെയുള്ളവര്‍ക്കാണ് വായ്പയെടുക്കുവാന്‍ കഴിയുക. ജി കെ എസ് എഫില്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്ന പ്രീമിയം സ്ഥാപനങ്ങളില്‍ നിന്ന് മാത്രം വാങ്ങുന്നതിന് നല്‍കുന്ന വായ്പ 60 തുല്യ ഗഡുക്കളായാണ് തിരിച്ചടക്കേണ്ടത്. ഡിസംബര്‍ ഒന്ന് മുതല്‍ ജനുവരി 15 വരെയുള്ള ഫെസ്റ്റിവല്‍ കാലയളവിലാണ് ഈ പദ്ധതിയിലൂടെ ഉപഭോക്താക്കള്‍ക്ക് ലോണ്‍ നല്‍കുന്നത്. ഈ വര്‍ഷം 25 കോടി രൂപയെങ്കിലും വ്യാപാരമേഖലയില്‍ ഈ പദ്ധതിയിലൂടെ വിനിയോഗിക്കപ്പെടും. നവംബറിലാണ് അപേക്ഷ കൊടുക്കേണ്ടത്. അപേക്ഷയുടെ തീയതി പിന്നീട് അറിയിക്കും.