Connect with us

International

മാട്ടിറച്ചി കൊല:  ബിസാദ അരക്ഷിതം; ന്യൂനപക്ഷ സമുദായം ഗ്രാമം വിടുന്നു

Published

|

Last Updated

മരണത്തില്‍ വിലപിക്കുന്ന അഫ്‌ലാക്കിന്റെ ബന്ധുക്കള്‍

ന്യൂഡല്‍ഹി: മാട്ടിറച്ച് കഴിച്ചെന്നാരോപിച്ച് ഒരാളെ കൊലപ്പെടുത്തിയതോടെ ഉത്തര്‍പ്രദേശിലെ ബിസാദ ഗ്രാമം ഒറ്റനാള്‍ കൊണ്ടാണ് ദേശീയ ശ്രദ്ധയിലെത്തിയത്. അരക്ഷിത ബോധം കൊണ്ട് ന്യൂനപക്ഷ സമുദായം ഗ്രാമം വിടാനൊരുങ്ങന്നതോടെ ബിസാദ വീണ്ടും ചര്‍ച്ചാ വിഷയമാകുകയാണ്. ഭിന്നസമുദായങ്ങള്‍ ഐക്യത്തോടെ കഴിഞ്ഞ ഗ്രാമം ഇനി സാമുദായിക കലാപങ്ങളുടെ വേദിയാകുമെന്ന ഭീതിയെ തുടര്‍ന്നാണ് മുസ്‌ലിംകള്‍ ബിസാദ വിടാനൊരുങ്ങുന്നത്. പശുവിറച്ചി കഴിച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ജനക്കൂട്ടം അടിച്ചുകൊന്ന മുഹമ്മദ് അഫ്‌ലാഖിന്റെ കുടുംബവും ഗ്രാമം വിടാന്‍ തീരുമാനിച്ചിരിക്കയാണ്. രണ്ട് തലമുറയായി കഴിഞ്ഞുവരുന്ന ഗ്രാമം വിട്ട് സുരക്ഷിതമായ മറ്റെവിടേക്കെങ്കിലും മാറാനാണ് അഫ്‌ലാഖിന്റെ കുടുംബത്തിന്റെ തീരുമാനം.
“മകനെ അവര്‍ അടിച്ചുകൊന്നിട്ട് ദിവസം രണ്ട് കഴിഞ്ഞു. ഇതുവരെ ബിസാദ ഗ്രാമത്തിലെ ഒരാള്‍ പോലും ആശ്വസിപ്പിക്കാന്‍ എത്തിയില്ല. സ്വന്തം നാട്ടുകാര്‍ തന്നെ ആക്രമിച്ച ഒരു സ്ഥലത്ത് എങ്ങനെയാണ് ഇനിയും ഞങ്ങള്‍ താമസിക്കുക? എങ്ങനെയാണ് ഞങ്ങള്‍ അവരെ വിശ്വസിക്കുക?”- കൊല്ലപ്പെട്ട അഫ്‌ലാക്കിന്റെ മാതാവ് അസ്‌കരി ചോദിക്കുന്നു. മരിച്ച വീട്ടില്‍ പോലും ആളുകള്‍ വരാന്‍ മടിക്കുന്ന ദുരവസ്ഥയാണ് നാട്ടിലുള്ളത്. ഇപ്പോള്‍ താമസിക്കുന്ന വീട് വില്‍ക്കാന്‍ സര്‍ക്കാര്‍ സഹായിക്കുമെന്ന പ്രതീക്ഷ യിലാണ് അസ്‌കരിയും കുടുംബവും. വീട്ടില്‍ മുമ്പ് പതിവായി വന്നിരുന്നവരും അക്രമികള്‍ക്കൊപ്പമുണ്ടായിരുന്നു. കരഞ്ഞു കാലുപിടിച്ചങ്കെിലും അവര്‍ പിന്തിരിഞ്ഞില്ല. സഹായത്തിന് നിലവിളിച്ചപ്പോള്‍ അയല്‍ക്കാര്‍ എത്തിനോക്കുക പോലും ചെയ്തില്ല. അക്രമികള്‍ മുറിവേല്‍പ്പിച്ച വലത് കണ്ണ് പൊത്തിപ്പിടിച്ച് അസ്‌കരി പറഞ്ഞു.
അമ്പതോളം മുസ്‌ലിം കുടുംബങ്ങളാണ് ഈ ഗ്രാമത്തിലുള്ളത്. സുരക്ഷയും സഹായവും ഭരണകൂടം വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും ഭീതിയില്‍ കഴിയുന്ന അവര്‍ക്ക് ഇത് ഉള്‍ക്കൊള്ളാനാകുന്നില്ല. വീടിനും ഭൂമിക്കും കിട്ടുന്ന വിലയായാലും മതി അവിടെ കഴിയാനാവില്ലെന്ന് അവര്‍ തിരിച്ചറിയുന്നു. ഗ്രാമത്തിന് പുറത്ത് എവിടെയെങ്കിലും പോയി കഴിയാനാണ് അവര്‍ ഉദ്ദേശിക്കുന്നത്. ഇനിയും ഇവിടെ സമാധാനത്തോടെ ജീവിക്കാനാകില്ല- ഗ്രാമവാസിയായ റിയാസുദ്ദീന്‍ പറഞ്ഞു.
തിങ്കളാഴ്ച രാത്രി പത്തോടെയാണ് ആയുധധാരികള്‍ സംഘടിച്ചെത്തി മുഹമ്മദ് അഫ്‌ലാഖിനെ (52) മര്‍ദിച്ച് കൊലപ്പെടുത്തിയത്. അഫ്‌ലാഖ് പശുവിനെ കൊലപ്പെടുത്തിയെന്നും വീട്ടില്‍ ഇറച്ചി സൂക്ഷിച്ചിട്ടുണ്ടെന്നും ക്ഷേത്രത്തിലെ മൈക്കിലൂടെ വിളിച്ചു പറയുന്നത് കേട്ടാണ് ജനക്കൂട്ടം സംഘടിച്ചെത്തിയത്. മര്‍ദനത്തില്‍ ഗുരുതര പരുക്കേറ്റ അഫ്‌ലാഖിന്റെ മകന്‍ ഡാനിഷ് (22) ആശുപത്രിയിലാണ്. 18കാരിയായ മകളെ മാനഭംഗപ്പെടുത്താനും ശ്രമം നടന്നിരുന്നു. തന്റെ പിതാവിനെ വകവരുത്തിയത് എന്തിനാണെന്നും പ്രതികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആശുപത്രിക്കിടയില്‍ വെച്ച് ഡാനിഷ് അലി പറഞ്ഞു. “ഞങ്ങള്‍ ഗ്രാമം വിടുകയാണ്. ഇത്തരത്തില്‍ ആക്രമണം ആവര്‍ത്തിക്കപ്പെടും. ആരാണ് ഞങ്ങളെ സഹായിക്കാനുണ്ടാകുക?”- കൊല്ലപ്പെട്ട അഫ്‌ലാഖിന്റെ മകന്‍ 22 കാരനായ സര്‍താജ് ചോദിക്കുന്നു.

Latest