Connect with us

Kozhikode

സേവനങ്ങള്‍ വേഗത്തിലാക്കാന്‍ പെരുവയല്‍ പഞ്ചായത്തില്‍ പുതിയ സംവിധാനം

Published

|

Last Updated

കോഴിക്കോട്: സേവനം വേഗതയിലും സുതാര്യവുമാക്കാന്‍ പെരുവയല്‍ ഗ്രാമപ്പഞ്ചായത്തില്‍ പുതിയ സംവിധാനങ്ങള്‍ ഒരുങ്ങുന്നു. കെട്ടിടനികുതി ഇ പേയ്‌മെന്റ് സിസ്റ്റം, ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈന്‍ വഴിയാക്കല്‍, പേപ്പര്‍ലസ്സോടുകൂടിയ ഫയല്‍ട്രാക്കിങ് സിസ്റ്റം എന്നീ മൂന്നു സംവിധാനങ്ങളാണ് പഞ്ചായത്തില്‍ തുടക്കമിടുന്നത്. ഇതോടെ ജില്ലയില്‍ ഇത്തരം സംവിധാനമൊരുക്കുന്ന ആദ്യ പഞ്ചായത്തെന്ന നേട്ടവും പെരുവയല്‍ ഗ്രാമപ്പിഞ്ചായത്തിനാവും. ഐ ടി സംവിധാനങ്ങളുടെ സഹായത്തോടെ സേവനങ്ങള്‍ സങ്കീര്‍ണ രഹിതവും വേഗതയിലും ഉറപ്പാക്കുന്നതിനുള്ള ചുവടുവയ്പ്പാണ് പെരുവയല്‍ നടത്തുന്നതെന്ന് വൈസ് പ്രസിഡന്റ് പി കെ ഷറഫുദ്ദീന്‍ പറഞ്ഞു. ഗ്രാമപ്പിഞ്ചായത്ത് ഓഫിസില്‍ വരാതെ തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്ന രീതിയിലേക്ക് ഓഫിസ് സംവിധാനം പൂര്‍ണമായും മാറ്റുകയാണ് ലക്ഷ്യം. ഏറ്റവും കൂടുതല്‍ പേര്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ എത്തുന്നത്. വസ്തു നികുതി അടയ്ക്കാനാണ്. കൂടുതല്‍ ലഭിക്കുന്ന അപേക്ഷ ഓണര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിനുള്ളതും. സേവനാവകാശ നിയമപ്രകാരം മൂന്ന് പ്രവൃത്തിദിവസങ്ങള്‍ക്കകമാണ് അപേക്ഷകന് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്. എന്നാല്‍, പുതിയ സംവിധാനത്തില്‍ അപേക്ഷ നല്‍കാതെ തന്നെ വീടുകളിലിരുന്നും കംപ്യൂട്ടര്‍ കേന്ദ്രങ്ങള്‍ വഴിയും സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനും നികുതി അടയ്ക്കാനും സാധിക്കും. ഫയല്‍ട്രാക്കിങ് സിസ്റ്റം വരുന്നതോടെ അപേക്ഷയുടെ മുന്‍ഗണനാക്രമത്തില്‍ മാത്രമെ സേവനങ്ങള്‍ നല്‍കാന്‍ സാധിക്കു. ഫയലുകളുടെ പുരോഗതിയും ഓഫിസില്‍ നിന്ന് ലഭ്യമാവുന്ന സേവനങ്ങളെ കുറിച്ചും ക്ഷേമ പദ്ധതികളെ കുറിച്ച് അറിയുന്നതിന് ടച്ച് സ്‌ക്രീനും ഒരുക്കി കഴിഞ്ഞു. ഫ്രന്റ് ഓഫിസില്‍ മുന്‍ഗണന ഉറപ്പാക്കാന്‍ ടോക്കണ്‍ മെഷീനും പൊതു ജനത്തിനായി വായനാമൂലയും ടെലിവിഷനും കുടിവെള്ളവും പരാതിപ്പെട്ടിയുമെല്ലാം സജ്ജീകരിച്ചുകഴിഞ്ഞു. മുന്‍വര്‍ഷത്തെ മുഴുവന്‍ ഫയലുകളും കൃത്യമായി സജ്ജീകരിച്ച റെക്കാര്‍ഡ് റൂമാണ് ഇവിടെയുള്ളത്. ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന സംവിധാനം രണ്ടുവര്‍ഷമായി നിലവിലുണ്ട്. പഞ്ചായത്തിലെ 22 വാര്‍ഡുകളിലും സേവാഗ്രാം ഗ്രാമകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇവ കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനും പദ്ധതി തയ്യാറാക്കി കഴിഞ്ഞു. ഓണ്‍ലൈന്‍ സേവനങ്ങളെ കുറിച്ച് കുടുംബശ്രീ, അയല്‍പ്പക്ക വേദി പ്രതിനിധികള്‍ക്ക് പരിശീലനം നല്‍കും. സേവനമികവിന് അന്താരാഷ്ട്ര അംഗീകാരമായ ഐ എസ് ഒ സര്‍ട്ടിഫിക്കറ്റും പ്രവര്‍ത്തന മികവിനുള്ള അധിക ഗ്രാന്റും ജില്ലയില്‍ ഏറ്റവും അധികം ലഭിക്കുന്നത് പെരുവയല്‍ഗ്രാമപ്പഞ്ചായത്തിനാണെന്ന് പഞ്ചായത്ത് പ്രതിനിധികള്‍ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് ഗ്രാമപഞ്ചായത്തുമായി ചേര്‍ന്ന് ഗ്രാമപഞ്ചായത്ത് ഹാളില്‍ ഇന്ന് നടക്കുന്ന വികസന സെമിനാര്‍ മന്ത്രി ഡോ. എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യും. കൂടാതെ പഞ്ചായത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളെ സ്മാര്‍ട്ട് സ്‌കൂളാക്കി മാറ്റുന്നതിനുള്ള പദ്ധതിക്കും തുടക്കമാവും.
ആദ്യപടിയായി വെള്ളിപറമ്പ് ജി എല്‍ പി സ്‌കൂളില്‍ ആരംഭിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30ന് ഇ ടി മുഹമ്മദ് ബഷീര്‍ എം പി ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എ കെ വിശ്വനാഥന്‍, സി കെ ഫസീല, കുന്നുമ്മല്‍ സുലൈഖ പങ്കെടുത്തു.