Connect with us

Malappuram

യു ഡി എഫിലെ പ്രശ്‌നങ്ങള്‍ തീര്‍ത്തിട്ട് മതി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമെന്ന് ചെയര്‍മാന്‍

Published

|

Last Updated

മഞ്ചേരി: യു ഡി എഫിലെ പ്രശ്‌നങ്ങള്‍ തീര്‍ത്തിട്ട് മതി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമെന്ന് സംസ്ഥാന നേതാക്കളെ മുന്‍നിര്‍ത്തി ജില്ലാ യു ഡി എഫ് ചെയര്‍മാന്‍ പി ടി മോഹന കൃഷ്ണന്‍ തുറന്നടിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവര്‍ വേദിയിലിരിക്കുമ്പോഴാണ് ചെയര്‍മാന്റെ ആവശ്യം. യു ഡി എഫില്‍ നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുവെന്നും ജില്ലയില്‍ പല പഞ്ചായത്തുകളിലും ലീഗും കോണ്‍ഗ്രസും ഇടഞ്ഞ് നില്‍ക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇക്കാര്യം താന്‍ യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചനുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പറഞ്ഞു. യോഗാധ്യക്ഷന്‍ മുഖ്യമന്ത്രിയെ പ്രസംഗിക്കാനായി ക്ഷണിച്ചപ്പോള്‍ തനിക്കൊരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞ് മോഹനകൃഷ്ണന്‍ മൈക്ക് പോയിന്റിലേക്ക് കുതിക്കുകയായിരുന്നു. ഇത് ഒരു നിമിഷം എല്ലാവരെയും സ്തബ്ധരാക്കി. കണ്‍വെന്‍ഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍, മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, എം ഐ ഷാനവാസ് എം പി, കെ പി സി സി സെക്രട്ടറിമാരായ വി വി പ്രകാശ്, കെ പി അബ്ദുല്‍ മജീദ്, വി എ കരീം, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ പി ടി മോഹനകൃഷ്ണന്‍, എം എന്‍ കുഞ്ഞിമുഹമ്മദ് ഹാജി, പറമ്പന്‍ റശീദ്, ടി പി വിജയകുമാര്‍, വി സുധാകരന്‍ പങ്കെടുത്തു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് റഫറി പാണ്ടിക്കാട് വി പി നാസറിന് ഡി സി സിയുടെ ഉപഹാരം സമ്മാനിച്ചു.