Connect with us

Malappuram

ബഹുമുഖ പദ്ധതികള്‍; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ജില്ലാ പഞ്ചായത്ത്

Published

|

Last Updated

വൈവിധ്യമാര്‍ന്ന പദ്ധതികളിലൂടെ രാജ്യത്തിന് തന്നെ മികച്ച മാതൃകകള്‍ സമ്മാനിക്കാനായെന്ന അഭിമാനം നെഞ്ചേറ്റിയാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണ സമിതി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നത്.
ജില്ലാ പഞ്ചായത്ത് തുടക്കമിട്ട പദ്ധതികളില്‍ ചിലത് സംസ്ഥാന സര്‍ക്കാറിന്റെ പോളിസിയായി മാറിയതും ജീവകാരുണ്യ മേഖലയിലെ പുതിയ കാല്‍വെപ്പുകളും വിദ്യാഭ്യാസ രംഗത്തെ ഉയര്‍ച്ചയും സുഹ്‌റാ മമ്പാടിന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് ഭരണസമിതിക്ക് തുണയേകുന്നതാണ്. ഈ വര്‍ഷം വിദ്യാഭ്യാസത്തിന് പത്തുകോടി രൂപ നീക്കിവെച്ചതും വിജയഭേരിയിലൂടെ എസ് എസ് എല്‍ സി വിജയ ശതമാനം വലിയ തോതില്‍ ഉയര്‍ന്നതും കൂടുതല്‍ പ്ലസ്ടു സീറ്റുകളും കോളജുകളും കൊണ്ടുവരാനായതും ഭരണസമിതി തങ്ങളുടെ നേട്ടമായി ചൂണ്ടിക്കാട്ടുന്നു.
18 വയസിന് താഴെയുള്ള ഭിന്നശേഷിയുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനായി രൂപവത്കരിച്ച പ്രതീക്ഷാ പദ്ധതി, നിര്‍ധനരായ വൃക്കരോഗികളെ സഹായിക്കുന്നതിനും സൗജന്യ ഡയാലിസിസിനുമായി തുടങ്ങിയ കിഡ്‌നി പേഷ്യന്റ്‌സ് വെല്‍ഫെയര്‍ സൊസൈറ്റി എന്നിവ സംസ്ഥാനത്ത് തന്നെ ശ്രദ്ധ നേടി.
എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കുന്നതിന് ഫണ്ട് വകയിരുത്തിയതും ജില്ലാ പഞ്ചായത്തിന്റെ പരിമിധി മറികടക്കാന്‍ ഡയാലിസിസ് സെന്റര്‍ സ്ഥാപിക്കുന്നതിന് സ്വകാര്യ വ്യക്തികളെയും കൂട്ടായ്മകളെയും മുന്നിലേക്ക് കൊണ്ടുവരാനായതും നേട്ടമാണ്. മദ്യം, മയക്കുമരുന്ന് എന്നിവയില്‍ നിന്ന് കുട്ടികളെ രക്ഷിക്കാനായി. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് തുടങ്ങിയ തണല്‍ക്കൂട്ട്, പാലിയേറ്റീവ് കെയര്‍ രംഗത്തെ മികച്ച മുന്നേറ്റം എന്നിവ നേട്ടങ്ങളുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

എല്ലാം പെരുപ്പിച്ച് കാട്ടിയ വികസനം: പ്രതിപക്ഷം
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഫണ്ട് ലഭിക്കുന്ന ജില്ലയാണ് മലപ്പുറം. എന്നാല്‍ മലപ്പുറത്തിന്റെ സവിശേഷത എന്ന് പറയാവുന്ന പദ്ധതികളൊന്നും തന്നെ ഇക്കാലത്തിനിടക്ക് നടപ്പാക്കിയിട്ടില്ല. ജില്ലയിലെ ഉദാരമതികളുടെ സംഭാവന കൊണ്ട് മാത്രം വിജയിച്ച പദ്ധതികളാണ് മലപ്പുറം മോഡലെന്ന് പേരില്‍ അവതരിപ്പിച്ചത്.
പ്രധാന കുടിവെള്ള പദ്ധതികളൊന്നും നടപ്പാക്കാന്‍ ഭരണ സമിതിക്ക് കഴിഞ്ഞില്ല. നാളികേര ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്തായിട്ടും കാര്‍ഷിക രംഗത്തെ വളര്‍ച്ചക്ക് വേണ്ടി പണം നീക്കിവെക്കാതെ കുറെ യന്ത്രങ്ങള്‍ വാങ്ങിക്കൂട്ടുകയാണ് ചെയ്തത്. ഇവയെല്ലാം തുരുമ്പെടുത്ത് നശിക്കുകയാണ്. ഐ എ വൈ വീടുകള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ വിഹിതം ഇതുവരെയായി നല്‍കാനായിട്ടില്ല. മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ പദ്ധതികളൊന്നും നടപ്പാക്കാത്തതിനാല്‍ ജില്ലയിലെങ്ങും മാലിന്യം കുമിഞ്ഞ് കൂടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്. ജില്ലയില്‍ ഡിഫ്തീരിയ ബാധിച്ച് കുട്ടികള്‍ മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം ജില്ലാ പഞ്ചായത്തിനാണ്. മഞ്ചേരിയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ കഴിഞ്ഞെങ്കിലും ജനറല്‍ ആശുപത്രി നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ക്ക് ഇതുവരെ പ്രതിവിധി കണ്ടെത്താനായിട്ടില്ല. ജനങ്ങളില്‍ നിന്ന് പിരിവെടുത്താണ് മെഡിക്കല്‍ കോളജ് കെട്ടിടമടക്കം നിര്‍മിച്ചതെങ്കിലും ഇതു വന്നതോടെ ജനറല്‍ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ കുറയുകയാണ് ചെയ്തത്. ജില്ലാ ആശുപത്രികളായി ഉയര്‍ത്തിയ നിലമ്പൂര്‍, തിരൂര്‍, പെരിന്തല്‍മണ്ണ ആശുപത്രികളില്‍ പശ്ചാത്തല സൗകര്യങ്ങള്‍ പോലും ഒരുക്കാനായിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജില്ലയില്‍ നിതാഖാത്തിന് ശേഷവും കാര്യമായ ഒരു പുനരധിവാസ പദ്ധതിപോലും നടപ്പാക്കാനായില്ല. നിലമ്പൂരിലെ ആദിവാസി മേഖലകളിലും കാര്യമായ ശ്രദ്ധ നല്‍കാന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിട്ടില്ല. ഗര്‍ഭിണികളിലും നവജാത ശിശുക്കളിലും പോഷകാഹാരക്കുറവ് വലിയ പ്രശ്‌നനമായി നിലകൊള്ളുന്നു.