Connect with us

International

റഷ്യന്‍ ആക്രമണം തുടരുന്നു; ലക്ഷ്യമിടുന്നത് വിമത കേന്ദ്രങ്ങള്‍ തന്നെ

Published

|

Last Updated

ദമസ്‌കസ്/ പാരീസ്: സിറിയയില്‍ റഷ്യ നടത്തുന്ന വ്യോമാക്രമണത്തിന്റെ മൂന്നാം ദിവസവും ലക്ഷ്യമിട്ടത് അമേരിക്കയുടെ പരിശീലനം സിദ്ധിച്ച വിമത സൈനികരെയെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ ആക്രമണത്തില്‍ നിരവധി സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടുവെന്ന് ചില മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാല്‍ തങ്ങള്‍ ആക്രമിക്കുന്നത് ഇസില്‍ സംഘത്തിന്റെ കേന്ദ്രങ്ങളാണെന്ന് റഷ്യ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു. അതിനിടെ, റഷ്യയുടെയും അമേരിക്കയുടെയും സൈനിക ഉദ്യോഗസ്ഥര്‍ സിറിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തി. ഇരുപക്ഷവും വെവ്വേറെ ആക്രമണങ്ങള്‍ നടത്തുന്ന സാഹചര്യത്തില്‍ പരസ്പരം ഏറ്റുമുട്ടുന്ന നിലയിലേക്ക് കാര്യങ്ങള്‍ വളരാതിരിക്കാനാണ് ഇത്തരം ചര്‍ച്ചയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. തങ്ങളുടെ കേന്ദ്രങ്ങളാണ് റഷ്യ ആക്രമിക്കുന്നതെന്ന് ബശര്‍വിരുദ്ധ സംഘമായ ഫ്രീ സിറിയന്‍ ആര്‍മി അറിയിച്ചു.
ഹമയിലെ പ്രാന്തപ്രദേശത്തെ ഹബീദില്‍ നടന്ന വ്യോമാക്രമണത്തില്‍ അഞ്ച് വയസ്സുകാരിയടക്കം മൂന്ന് പേര്‍ മരിച്ചുവെന്നും രണ്ട് ഡസനിലധികം പേര്‍ക്ക് പരുക്കേറ്റുവെന്നും പ്രതിപക്ഷ സന്നദ്ധ പ്രവര്‍ത്തകനായ ഹാദി അബ്ദുല്ല പറഞ്ഞു. മറ്റൊരു ആക്രമണത്തില്‍ ജിസിര്‍ അല്‍ ഷൊഗൂര്‍ മേഖലയില്‍ പള്ളി തകര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. ഇദ്‌ലിബിലെ അല്‍ സൗയാ മേഖലയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ രണ്ട് കുട്ടികള്‍ അടക്കം ഏഴ് സിവിലിയന്‍മാര്‍ മരിച്ചതായി ബ്രീട്ടീഷ് നേതൃത്വത്തിലുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ബുധനാഴ്ചയാണ് ഇസിലിനെ തകര്‍ക്കുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ സിറിയയില്‍ റഷ്യ പ്രത്യക്ഷ ആക്രമണം തുടങ്ങിയത്. ഇത്തരം ഈ ഇടപെടലിനെതിരെ അമേരിക്ക ശക്തമായി രംഗത്ത് വന്നിരുന്നു. യു എന്‍ പൊതു സഭാ സമ്മേളനത്തില്‍ റഷ്യന്‍ പ്രസിഡന്റ് വഌദമീര്‍ പുടിനും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും ഈ വിഷയത്തില്‍ കൊമ്പു കോര്‍ത്തിരുന്നു. നേരത്തേ തന്നെ ബശര്‍ അല്‍ അസദിനെ സംരക്ഷിക്കുന്ന നിലപാടാണ് റഷ്യ കൈകൊണ്ടിരുന്നത്. ഇപ്പോള്‍ നടക്കുന്ന ആക്രമണത്തിന്റെയും യഥാര്‍ഥ ലക്ഷ്യം ഇതുതന്നെയാണ് അമേരിക്ക ആരോപിക്കുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ “വിവര യുദ്ധം” മാത്രമാണെന്ന് വഌദമീര്‍ പുടിന്‍ പ്രതികരിച്ചു. ഇസില്‍ സംഘത്തിന്റെ പ്രഖ്യാപിത തലസ്ഥാനമായ റഖ അടക്കമുള്ള കേന്ദ്രങ്ങളിലാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നും ഇത് ഇസില്‍ സംഘത്തിന് വന്‍ നാശം വരുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍ഷ്യസ് ഹോലന്റേയുമായി അദ്ദേഹം ചര്‍ച്ച നടത്തി. അതേസമയം, റഷ്യന്‍ ആക്രമണം നടന്നുവെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഹമയും ഇദ്‌ലിബും ഒരിക്കലും ഇസില്‍ കേന്ദ്രങ്ങളായിരുന്നില്ലെന്നതാണ് വസ്തുത.
വ്യോമാക്രമണം നാല് മാസമോ അതിലധികമോ നീളുമെന്ന്ഒരു റഷ്യന്‍നിയമസഭാംഗം പാരീസില്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
അതിനിടെ, നൂറ് കണക്കിന് ഇറാനിയന്‍ സൈനികര്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ സിറിയയില്‍ എത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഹിസ്ബുല്ലയുടെ നേതൃത്വത്തിലുള്ള സൈനികര്‍ ഇവര്‍ക്ക് പിന്തുണ നല്‍കുന്നുണ്ടെന്നും ചില ലബനീസ് വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അസദ് സര്‍ക്കാറിനെ സഹായിക്കാനായി സൈനിക ഉപദേഷ്ടാക്കളെ അയക്കുന്ന പതിവ് ഇറാന്‍ നേരത്തേ തുടങ്ങിയിരുന്നു. എന്നാല്‍ ഇത്തവണ വന്നത് സര്‍വായുധ സജ്ജരായ സൈനികര്‍ തന്നെയാണെന്ന് ലബനീസ് വൃത്തങ്ങള്‍ പറയുന്നു.

Latest