Connect with us

International

യു എസ് കോളജ് കാമ്പസില്‍ വീണ്ടും വെടിവെപ്പ്; തോക്ക് നയത്തെ പഴിച്ച് ഒബാമ

Published

|

Last Updated

റോസ്ബര്‍ഗ് : അമേരിക്കയിലെ റോസ്ബര്‍ഗ് പട്ടണത്തിലെ ഒറിഗോണ്‍ കോളജ് കാമ്പസിലേക്ക് ഇരച്ചുകയറി തോക്ക്ധാരി നടത്തിയ വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. അക്രമിയെ പിന്നീട് പോലീസ് വെടിവെച്ച് കൊന്നു. അമേരിക്കയില്‍ ഈ വര്‍ഷം നടന്ന ഏറ്റവും പുതിയ തോക്ക് ആക്രമണമാണിത്. ക്ലാസ് മുറിയിലെത്തിയ അക്രമി വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇയാളെ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വെടിവെച്ച് കൊല്ലുകയായിരുന്നു. അക്രമിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും 26 കാരനായ ക്രിസ് ഹാപ്പര്‍ മെര്‍കര്‍ ആണ് കൂട്ടക്കൊല നടത്തിയതെന്ന് നിയമ നിര്‍വഹണ വകുപ്പ്‌വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സാമൂഹിക മാധ്യമത്തിലെ പ്രൊഫൈല്‍ ഫോട്ടോയില്‍ തോക്കും പിടിച്ച് നില്‍ക്കുന്ന ഇയാളുടെ ഫോട്ടോയുണ്ട്. അക്രമിയുടെ കൈവശം വിവിധ തരത്തിലുള്ള മൂന്ന് തോക്കുകള്‍ ഉണ്ടായിരുന്നുവെന്നും എഴുന്നേറ്റ് നില്‍ക്കാന്‍ ആവശ്യപ്പെട്ട ശേഷം ഏത് മതത്തില്‍പ്പെട്ടവരാണെന്ന് ചോദിച്ച ശേഷമാണ് വിദ്യാര്‍ഥികളെ ഒന്നൊന്നായി കൊലപ്പെടുത്തിയതെന്നും , നിങ്ങള്‍ ഒരു ക്രിസ്ത്യനാണെങ്കില്‍ ഒരു സെക്കന്‍ഡിനകം നിങ്ങള്‍ ദൈവത്തെ കാണാന്‍ പോകുകയാണെന്നും പറഞ്ഞ് അക്രമി വെടിയുതിര്‍ക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷിയെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമിയെക്കുറിച്ചും കൊലനടത്താനുള്ള പ്രചോദനത്തെക്കുറിച്ചും അന്വേഷണം നടത്തിവരികയാണെന്ന് അധികൃതര്‍ പറഞ്ഞു. അമേരിക്കയിലെ തോക്ക് സംസ്‌കാരത്തിന്റെ ഭാഗമായുള്ള ഏറ്റവും പുതിയ കൂട്ടക്കൊലയാണ് റോസ്ബര്‍ഗിലെ ഒറിഗോണ്‍ കോളജില്‍ നടന്നത്. ടെക്‌സാസിലെ വാകോയില്‍ മെയ്മാസത്തില്‍ മോട്ടോര്‍സൈക്കിള്‍ സംഘങ്ങള്‍ തമ്മില്‍ നടത്തിയ വെടിവെപ്പില്‍ ഒമ്പത് പേര്‍ കൊല്ലപ്പെട്ടിരുന്നു. ജൂണില്‍ ദക്ഷിണ കരോലിനയില്‍ കറുത്ത വര്‍ഗക്കാരുടെ ചര്‍ച്ചില്‍ തോക്ക്ധാരി നടത്തിയ ആക്രമണത്തില്‍ ഒമ്പത് പേരും കൊല്ലപ്പെട്ടിരുന്നു. ഒറിഗോണ്‍ കോളജില്‍ നടന്ന ആക്രമണം ഉള്‍പ്പെടുത്താതെ ഈ വര്‍ഷം ഇത്തരത്തിലുള്ള 293 വെടിവെപ്പ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂട്ടക്കൊലകള്‍ തുടരുന്ന പശ്ചാത്തലത്തില്‍ തോക്ക് ഉപയോഗത്തിന് കടുത്ത നിയന്ത്രണം കൊണ്ടുവരാനുള്ള നടപടികള്‍ വേണമെന്ന് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പ്രസിഡന്റ് ബരാക് ഒബാമ അഭിപ്രായപ്പെട്ടു.

---- facebook comment plugin here -----

Latest